ചിറയിൻകീഴ്: ലഹരി മാഫിയ സംഘങ്ങൾ ഏറ്റുമുട്ടി; യുവാവിന് വെട്ടേറ്റു. ദേഹമാസകലം മാരകമായി വെട്ടേറ്റ പെരുങ്ങുഴി ഇടഞ്ഞുംമൂല പുതുവൽവിള വീട്ടിൽ ലെജിൻ (29) മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ബുധനാഴ്ച രാവിലെ ഒമ്പതിന് പെരുങ്ങുഴി ഇടഞ്ഞുംമൂല റെയിൽവേ ട്രാക്കിന് സമീപമാണ് സംഭവം.
കൈക്കും കാലിനും കഴുത്തിനുമെല്ലാം വെട്ടേറ്റ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐ.സി.യുവിലാണ്. ആയുധവുമായെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. പ്രതികൾ പൊലീസ് കസ്റ്റഡിയിലായി. എന്നാൽ, പൊലീസ് ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. മൂവരും നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണ്. ലഹരി മാഫിയയുമായി ബന്ധമുള്ളവരാണ് ഇവർ.
ഒരേ സംഘത്തിൽപെട്ട പ്രതികൾ ഇക്കഴിഞ്ഞ മേയ് മാസം പരസ്പരം കലഹിക്കുകയും ആക്രമണത്തിൽ കലാശിക്കുകയും ചെയ്തിരുന്നു. ആ സംഭവത്തിൽ പ്രതികളിൽ ഒരാൾക്ക് വെട്ടേറ്റിരുന്നു. അതിന്റെ പകയാണ് ഇപ്പോൾ നടന്ന ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ചിറയിൻകീഴ് പൊലീസ് സ്റ്റേഷനിലെ എസ്.ഐയെ ആക്രമിച്ച് ജോലി തടസ്സപ്പെടുത്താൻ ശ്രമിച്ച കേസിൽ ജയിൽവാസം കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ലെജിൻ പുറത്തിറങ്ങിയത്.
പെരുങ്ങുഴി നാലുമുക്ക് ഇടഞ്ഞുംമൂല റോഡിൽ കണ്ണേറ്റ് ജങ്ഷനിലെ ഗുരുമന്ദിരത്തിന് സമീപം ലഹരി മാഫിയ അഴിഞ്ഞാടുന്നതായി പരാതി വ്യാപകമാണ്. ഇത്തരം സംഘങ്ങൾ വഴിയാത്രക്കാർക്കുതന്നെ പലപ്പോഴും വൻ ഭീഷണിയാണ് ഉയർത്തുന്നത്. പൊലീസ് പട്രോളിങ് ഇവിടെ ശക്തമാക്കണമെന്നും അക്രമസംഭവങ്ങൾ തടയാൻ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.