ചിറയിൻകീഴ്: കായിക്കര കടവ് പാലം അപ്രോച്ച് റോഡിനായി ഭൂമിയേറ്റെടുക്കൽ നടപടികൾ സജീവമെന്ന് മന്ത്രി കെ. രാജൻ. നിയമസഭയിൽ കായിക്കര കടവ് പാലം അപ്രോച്ച് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളെ സംബന്ധിച്ച് ഒ.എസ്. അംബിക എം.എൽ.എ ഉന്നയിച്ച സബ് മിഷന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ചിറയിൻകീഴ് താലൂക്കിൽ വക്കം, അഞ്ചുതെങ്ങ് വില്ലേജുകളിലെ വിവിധ സർവേ നമ്പറുകളിൽ ഉൾപ്പെടുന്ന 0.5043 ഹെക്ടർ ഭൂമി എൽ.എ.ആർ.ആർ ആക്ട് പ്രകാരം ഏറ്റെടുക്കാൻ തിരുവനന്തപുരം പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം, എക്സിക്യൂട്ടിവ് എൻജിനീയർ ആവശ്യപ്പെട്ടിരുന്നു.
സാമൂഹിക പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഭൂമിയേറ്റെടുക്കാൻ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. നഷ്ടപരിഹാരം സംബന്ധിച്ച പാക്കേജ് 2023 നംവംബർ 12ന് അംഗീകരിച്ച് ഡിസംബർ നാലിലെ ഗസറ്റ് പ്രകാരം പുറപ്പെടുവിച്ചിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിന് ശേഷം ബാക്കിയാകുന്ന നാല് കക്ഷികളുടെ ഉടമസ്ഥതയിലുള്ള 0.0238 ഹെക്ടർ ഭൂമി കൂടി ഏറ്റെടുക്കുന്നതിന് ജനുവരി 16ന് കലക്ടർക്ക് അനുമതി നൽകിയിട്ടുണ്ട്. ഫെബ്രുവരി 12ന് ലാൻഡ് അക്വിസിഷൻ ഓഫിസർ അടിസ്ഥാന വിലനിർണയ റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും അതിൻമേലുള്ള തുടർ നടപടി പുരോഗമിക്കുകയുമാണ്. ഇത് പൂർത്തിയാകുന്ന മുറക്ക് ഭൂമി ഏറ്റെടുക്കും. തുടർന്ന് പാലം ടെൻഡർ നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.