ചിറയിൻകീഴ്: തിയറ്ററിൽ ഇരുന്നു പഠിക്കാൻ അവസരം ഒരുക്കി വിദ്യാലയം. പാഠഭാഗങ്ങൾ സിനിമയിലെന്ന പോലെ ദൃശ്യങ്ങളിലൂടെ കണ്ടുപഠിക്കുന്ന വിദ്യാഭ്യാസ രംഗത്തെ ഫിൻലൻഡ് മാതൃകയാണിത്. എല്ലാ വിഷയങ്ങളും ദൃശ്യങ്ങളിലൂടെ മനസ്സിലാക്കി പഠിക്കാൻ അക്കാദമിക് തിയറ്റർ ഒരുക്കുകയാണ് നോബിൾ ഗ്രൂപ് ഓഫ് സ്കൂൾസ്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു തിയറ്റർ സ്കൂളിൽ സജ്ജമാക്കുന്നത്.
ശ്രീചിത്തിര വിലാസം എൽ.പി സ്കൂൾ, ശ്രീ ചിത്തിര വിലാസം ബോയ്സ് ഹൈസ്കൂൾ, ശ്രീ ശാരദ വിലാസം ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ എന്നീ സ്കൂളുകളിലെ നാലായിരത്തിലധികം വരുന്ന വിദ്യാർഥികൾക്കാണ് ഈ തിയറ്റർ സമുച്ചയം ഉപയുക്തമാകുന്നത്. ഇനി പഠനം എയർ കണ്ടീഷൻ റൂമിലെ തിയറ്ററിൽ ഇരുന്നാണ്. ബുദ്ധിമുട്ടുള്ള പാഠഭാഗങ്ങൾ പോലും വലിയ സ്ക്രീനിൽ കാഴ്ചയുടെ മാസ്മരികതയിൽ തെളിയുന്നത് കുട്ടികൾക്ക് നവ്യാനുഭവം പകരും. അതിന്റെ അതിശയത്തിലും സന്തോഷത്തിലുമാണ് കുട്ടികൾ.
നൂറിലേറെ സീറ്റുകൾ, ഡോൾബി സൗണ്ട് സിസ്റ്റം, 2 കെ റെസലൂഷൻ സ്ക്രീൻ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് സോഫ്റ്റ് വെയർ, എ.സി, മൈക്ക് എല്ലാം ഹൈടെക് സംവിധാനങ്ങൾ. 50 ലക്ഷം രൂപ ചെലവിട്ടാണ് സ്കൂൾ മാനേജ്മെൻറ് തിയറ്റർ നിർമാണം നടത്തിയത്. ഏരീസ് ഗ്രൂപ്പാണ് നൂതന സംവിധാനങ്ങൾ ഒരുക്കിയിരിക്കുന്നത്.
വിദ്യാഭ്യാസ രംഗത്ത് പാശ്ചാത്യ രാജ്യങ്ങളിലുള്ള മാതൃക നടപ്പാക്കി കുട്ടികളെ ഉന്നത വിജയത്തിലേക്ക് നയിക്കുന്നതിനുള്ള ആദ്യ ചുവടുവെപ്പാണ് ഇതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.