ചിറയിൻകീഴ്: മുതലപ്പൊഴി അഴിമുഖത്തെ കല്ലുകൾ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പാറ നീക്കത്തിന് തുടക്കത്തിൽതന്നെ വിഘാതം സൃഷ്ടിച്ച് ക്രെയിനിന്റെ റോപ്പ് പൊട്ടി. ഇതോടെ വലിയ പാറകൾ ഒഴിവാക്കിയാണ് പാറമാറ്റൽ നടത്തുന്നത്.
തമിഴ്നാട്ടിലെ നാഗർകോവിൽനിന്നെത്തിച്ച ദൈർഘ്യമേറിയ ക്രെയിൻ ഉപയോഗിച്ചുള്ള കല്ലുനീക്കൽ പ്രവർത്തനങ്ങളാണ് ബുധനാഴ്ച ഉച്ചയോടെ മുതലപ്പൊഴിയിൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ മുതലപ്പൊഴി ഹാർബറിലെ തെക്ക് ഭാഗത്തുനിന്നുള്ള കല്ലുകൾ അഴിമുഖത്തുനിന്ന് നീക്കംചെയ്യും. ഇതിനാണ് തുടക്കമിട്ടത്.
വലിയ കല്ലുകൾ നീക്കം ചെയ്യാൻ ശ്രമിച്ചെങ്കിലും വടം പൊട്ടിയതിനാൽ ഈ നീക്കം പാളി. കൂറ്റൻ പാറകൾ നീക്കം ചെയ്യുന്നതിനായി കൂടുതൽ ശേഷിയുള്ള ക്രെയിൻ എത്തിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്.
നിലവിൽ കൊണ്ടുവന്ന ക്രെയിൻ ഉപയോഗിച്ച് കൂറ്റൻ കല്ലുകൾ നീക്കൽ സാധ്യമാകില്ലെന്നും അദാനി ഗ്രൂപ് മത്സ്യത്തൊഴിലാളികളെ കബളിപ്പിക്കുകയാണെന്നും താങ്ങുവല സമരസമിതി കൺവീനർ എം. ബഷറുള്ള ആരോപിച്ചു.
മണൽ നീക്കൽ വേഗത്തിലാക്കാൻ മന്ത്രിതല സമിതിയുമായി തിങ്കളാഴ്ച നടന്ന ചർച്ചകൾക്ക് ശേഷമാണ് സർക്കാർ നിർദേശാനുസരണം അദാനി ഗ്രൂപ് മുതലപ്പൊഴിയിലെ പ്രവർത്തനമാരംഭിച്ചത്. 24 മണിക്കൂറും ആംബുലൻസ് സേവനം, അഴിമുഖത്തെ വെളിച്ചക്കുറവിന് ആറ് ഹൈമാസ്റ്റ് ലൈറ്റുകൾ എന്നിവ സ്ഥാപിക്കുമെന്ന് ഉൾപ്പെടെയുള്ള പ്രഖ്യാപനം നടന്നിരുന്നു. ഒരു ദിവസത്തെ പ്രവർത്തനങ്ങൾകൂടി നിരീക്ഷിച്ചശേഷം സമരപരിപാടികളുമായി പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.