തിരുവനന്തപുരം: കോർപറേഷൻ കത്ത് വിവാദത്തിൽ പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ഡി.ആർ. അനിൽ രാജിവെച്ചതിനെതുടർന്ന് തൽസ്ഥാനത്തേക്ക് ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കും.
രാവിലെ 11ന് കോർപറേഷനിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പള്ളിത്തുറ കൗൺസിലറും കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവുമായ മേടയിൽ വിക്രമനാണ് എൽ.ഡി.എഫിന്റെ സ്ഥാനാർഥി. തിരുമല അനിലിനെ ബി.ജെ.പി രംഗത്തിറക്കുമ്പോൾ കമ്മിറ്റിയിൽ ഒരംഗം മാത്രമുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കും.
12 അംഗ കമ്മിറ്റിയിൽ എൽ.ഡി.എഫിന് ഏഴും ബി.ജെ.പിക്ക് നാലും കോൺഗ്രസിന് ഒരു പ്രതിനിധിയുമാണുള്ളത്. കമ്മിറ്റിയിലുള്ളവർക്ക് മാത്രമേ വോട്ടവകാശം ഉണ്ടാകൂ. അട്ടിമറിക്ക് സാധ്യതയില്ലാത്തതിനാൽ മേടയിൽ വിക്രമൻതന്നെയാകും ഡി.ആർ. അനിലിന് പകരക്കാരനായി എത്തുക.
കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് പൗണ്ടുകടവ് വാർഡിൽനിന്ന് ആദ്യമായി വിജയിച്ചെത്തിയ മേടയിൽ വിക്രമന് നിലവിലെ ഭരണസമിതിയിലെ മുതിർന്ന നേതാക്കളിൽ ഒരാളാണ്. മേയർ ആര്യ രാജേന്ദ്രന് മേയറായ ഘട്ടത്തിൽ സ്ഥിരം സമിതികളിലെ അധ്യക്ഷ സ്ഥാനത്തേക്ക് വിക്രമനെ സി.പി.എം പരിഗണിച്ചിരുന്നെങ്കിലും അവസാനനിമിഷം ഗ്രൂപ് സമവാക്യങ്ങളിൽപെട്ട് തഴയപ്പെടുകയായിരുന്നു.
ഇത്തവണയും ഡി.ആർ. അനിലിന് പകരം മേടയിൽ വിക്രമനെ കൊണ്ടുവരാനുള്ള ഔദ്യോഗിക പക്ഷത്തിന്റെ നീക്കത്തിനെതിരെ സി.പി.എം ജില്ല സെക്രട്ടേറിയറ്റ് യോഗത്തിൽ കടകംപള്ളി സുരേന്ദ്രൻ എം.എൽ.എയടക്കം രംഗത്തെത്തിയിരുന്നു.
കഴക്കൂട്ടം ഏരിയ കമ്മിറ്റി അംഗവും കാട്ടായിക്കോണം വാർഡ് കൗൺസിലറുമായ ഡി. രമേശൻ, വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗവും ഇടവക്കോട് വാർഡ് കൗൺസിലറുമായ എൽ.എസ്. സാജു എന്നിവരെയും പരിഗണിക്കണമെന്നായിരുന്നു കടകംപള്ളി വിഭാഗത്തിന്റെ വാദം. എന്നാൽ, പരിചയസമ്പന്നതയാണ് വിക്രമന് മുതൽക്കൂട്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.