തിരുവനന്തപുരം: കിള്ളിയാർ സംരക്ഷണത്തിന്റെ മറവിൽ അനധികൃതമായി ആറ് കൈയേറുന്നു. കിള്ളിയാറിന് സമീപത്തെ ഫ്ലാറ്റുകൾക്ക് വേണ്ടി തിരുവനന്തപുരം കോർപറേഷനിലെ ചില ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതൃത്വത്തിന്റെയും ഒത്താശയോടെ ജലാശയം കരാറുകാരൻ മണ്ണിട്ട് നികത്തി റോഡാക്കി.
ഇതിനെതിരെ നാട്ടുകാർ രംഗത്തെത്തിയതോടെ മണ്ണ് നീക്കാമെന്ന് ഇറിഗേഷൻ വിഭാഗവും നഗരസഭ എൻജിനീയറിങ് വിഭാഗവും ഉറപ്പുനൽകി. മഴക്കാലത്ത് കിള്ളിയാർ കരകവിഞ്ഞൊഴുകി 200ഓളം വീടുകൾ വെള്ളത്തിൽ മുങ്ങുന്നത് സ്ഥിരമായതോടെയാണ് കിള്ളിയാറിന്റെ കരകളിൽ സംരക്ഷണഭിത്തി നിർമിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതിനായി 1.26 കോടിയുടെ ഭരണാനുമതിയും കഴിഞ്ഞ സെപ്റ്റംബറിൽ നൽകി.
പാങ്ങോട് പാലത്തിന് സമീപം വലതുകരയിൽ 56 ലക്ഷവും പാറച്ചിറ പാലത്തിന് സമീപം ഇടതുകരയിൽ 70 ലക്ഷവുമാണ് അനുവദിച്ചത്. ജഗതി വാർഡിലെ ഇടപ്പഴഞ്ഞി, വലിയശാല വാർഡിലെ തേങ്ങാക്കൂട്, പണ്ടാരവിള, കിഴക്കേവിള ഭാഗങ്ങളിലാണ് സംരക്ഷണഭിത്തി നിർമിക്കുന്നത്.
എന്നാൽ സംരക്ഷണഭിത്തി നിർമാണത്തിന്റെ മറവിൽ ജഗതി അനന്തപുരി ഓഡിറ്റോറിയത്തിന് സമീപത്തായി ഒഴുകുന്ന ആറിന്റെ ഒരുഭാഗം കാരാറുകാരൻ റോഡിനായി മണ്ണിട്ട് നികത്തുകയായിരുന്നു. ഇതോടെ ഒരുഭാഗത്ത് വെള്ളം പൊങ്ങി. തുടർന്ന് ആറന്നൂർ കൗൺസിലർ ബിന്ദു മേനോനെയും ഇറിഗേഷൻ, നഗരസഭ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരെയും നാട്ടുകാർ വിളിച്ചുവരുത്തുകയായിരുന്നു.
സംരക്ഷണഭിത്തി നിർമാണത്തിനാണ് അനുമതി നൽകിയിരുന്നതെന്നും ഇത്തരത്തിൽ ആറിലേക്ക് മണ്ണിറങ്ങിയുള്ള നിർമാണ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയിരുന്നില്ലെന്നും കൗൺസിലർ അറിയിച്ചു. തുടർന്ന് ആറിലേക്കിറക്കിയ മണ്ണ് അടിയന്തരമായി മാറ്റുമെന്ന കൗൺസിലറുടെ ഉറപ്പിലാണ് നാട്ടുകാർ പ്രതിഷേധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.