നെയ്യാറ്റിൻകര: ജപ്തി ഭീഷണിയുടെ ഇരകളായി മരിച്ച ദമ്പതികളുടെ മക്കൾക്ക് അധികൃതർ നൽകിയ വാഗ്ദാനം ഇനിയും പാലിച്ചില്ല. വെൺപകൽ പോങ്ങിൽ നെടുത്തോട്ടം ലക്ഷം വീട് കോളനിയിൽ രാജൻ, ഭാര്യ അമ്പിളി എന്നിവരാണ് ഒരുവർഷം മുമ്പ് മരിച്ചത്. ഇവരുടെ മക്കൾക്ക് ജോലിയും കിടപ്പാടവും വാഗ്ദാനം ചെയ്തെങ്കിലും മാതാപിതാക്കളുടെ ഒന്നാം ചരമ വാർഷിക ദിനത്തിലും അതൊന്നും യാഥാർഥ്യമായില്ല. ജപ്തി ഭീഷണിയിലായ കുടുംബത്തെ കുടിയൊഴിപ്പിക്കാൻ എത്തിയവരുടെ മുന്നിൽവെച്ച് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യ ചെയ്യുമെന്നറിയിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥൻ ലൈറ്റർ തട്ടിമാറ്റുമ്പോൾ ശരീരത്തിൽ തീ പടർന്നാണ് രാജനും അമ്പിളിയും മരിച്ചത്.
ദമ്പതികളുടെ മരണത്തെതുടർന്ന് ഇവർ താമസിച്ചിരുന്ന വീട് ഒഴിപ്പിക്കില്ലെന്ന് അധികൃതർ ഉറപ്പ് നൽകിയിരുന്നു. ഭൂമിക്ക് പട്ടയം നൽകുമെന്നും ഉറപ്പുള്ള വീടും മകന് ജോലിയും നൽകുമെന്നും അന്ന് മന്ത്രിയും എം.എൽ.എയുമടക്കം അറിയിച്ചിരുന്നു. എന്നാൽ, ജോലിയടക്കം ഇനിയും ലഭിച്ചിട്ടില്ല. വീട് നിർമിക്കുന്നതിനായി അനുവദിച്ച പത്ത് ലക്ഷം രൂപ പഞ്ചായത്ത് അധികൃതർ നൽകുന്നില്ലെന്നാണ് രാജെൻറ മക്കളായ രഞ്ജിത്തും രാഹുലും പറയുന്നു.
വൈദ്യുതി കണക്ഷൻപോലും ലഭിച്ചിട്ടില്ലാത്ത വീട്ടിലാണ് ഇപ്പോഴും ഇവർ താമസിക്കുന്നത്. വൈദ്യുതി കണക്ഷൻ ഉടൻ നൽകുമെന്ന് അന്ന് പ്രഖ്യാപിച്ചിട്ട് പോയവരും പിന്നെ ഇതുവഴി വന്നില്ല. രാജെൻറയും ഭാര്യയുടെയും മരണം സംബന്ധിച്ച് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും അതും എങ്ങുമെത്തിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.