നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര നിയോജകമണ്ഡലത്തിലെ പൊഴിയൂരില്‍ മത്സ്യബന്ധന തുറമുഖം സ്ഥാപിക്കുന്നതിന് പ്രാഥമികമായി അഞ്ചു കോടി രൂപ അനുവദിച്ച് സംസ്ഥാന ബജറ്റ്. നെയ്യാറ്റിന്‍കരയില്‍ കോടതി സമുച്ചയത്തിനായി വകയിരുത്തിയ പത്ത് കോടി രൂപയില്‍ രണ്ടു കോടി രൂപ അനുവദിച്ചു.
കോടതി യാഥാര്‍ഥ്യമാക്കുന്നതിനായുള്ള അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചതെന്ന് കെ. ആൻസലൻ എം.എൽ.എ അറിയിച്ചു.
നെയ്യാറ്റിന്‍കര ടൗണ്‍ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിനായി ബജറ്റില്‍ തുക വകയിരുത്തി. പൊഴിയൂര്‍ യു.പി.എസ്, അയിര കെ.വി.എച്ച്.എസ്, നെയ്യാറ്റിന്‍കര ജെ.ബി.എസ് എന്നീ വിദ്യാലയങ്ങള്‍ക്ക് പുതിയ മന്ദിരത്തിനും നെയ്യാറ്റിന്‍കര ഗവ. ബോയ്സ് എച്ച്.എസ്.എസിന് സ്റ്റേഡിയത്തിനും തുക നീക്കിവച്ചു. നെയ്യാറ്റിന്‍കര താലൂക്ക് ആയൂര്‍വേദ ആശുപത്രിക്ക് പുതിയ ഐ.പി മന്ദിരവും കാരോട് കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയ മന്ദിരവും ബജറ്റില്‍ ഇടം പിടിച്ചു. നെയ്യാറ്റിന്‍കര പി.ഡബ്ല്യു.ഡി ബില്‍ഡിങ്സ് റോഡ്സ് വിഭാഗത്തിനായി പി.ഡബ്ല്യു.ഡി കോംപ്ലക്സ് നിര്‍മാണം, പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസില്‍ അതിഥി മന്ദിരം എന്നിവയുടെ നിര്‍മാണത്തിനും നെയ്യാറ്റിന്‍കര സിവില്‍ സ്റ്റേഷന് നവീകരണത്തിനും തുക വകയിരുത്തി.
നെയ്യാര്‍ നദി ക്രോസ് ചെയ്ത് പോകുന്നതിന് കുളത്തൂര്‍ പഞ്ചായത്തിലെ ചാലക്കരയിലും നെയ്യാറ്റിന്‍കര നഗരസഭയിലെ ഓലത്താന്നി പാതിരിശേരിയിലും നെയ്യാറ്റിന്‍കര ചെമ്പരത്തിവിള അരുവിപ്പുറത്തും ക്രോസ് വേ നിര്‍മാണത്തിനും തുക വകയിരുത്തിയിട്ടുണ്ട്.നെയ്യാറ്റിന്‍കര സബ് ട്രഷറി, സബ് രജിസ്ട്രാര്‍ ഓഫിസ് എന്നിവയുടെ നവീകരണത്തിനും തുക ഉള്‍പ്പെടുത്തി.
കാട്ടാക്കട: അരുവിക്കര, കാട്ടാക്കട നിയമസഭ മണ്ഡലങ്ങളിലായി വരുന്ന കാട്ടാക്കട പ്രദേശത്തിന്റെ വികസനത്തിന് ബജറ്റിൽ പരിഗണന ലഭിച്ചതായി എം.എൽ.എ മാരായ ജി. സ്റ്റീഫനും ഐ.ബി. സതീഷും അറിയിച്ചു.
അരുവിക്കര മണ്ഡലത്തിലെ പൂവച്ചൽ, വെള്ളനാട് ഗ്രാമപഞ്ചായത്തുകളിലായി വരുന്ന ഉറിയാക്കോട് ജങ്ഷൻ വികസനത്തിന് 2.50 കോടി രൂപ വകയിരുത്തി.
കാട്ടാക്കട പഞ്ചായത്തിലെ ആമച്ചൽ- പായിത്തല - നാഞ്ചല്ലൂർ റോഡ്, കളിസ്ഥലം നിർമിക്കുന്നതിന് സ്ഥലം വാങ്ങൽ, പ്ലാവൂർ ഹൈസ്കൂളിൽ മൾട്ടിപർപ്പസ് സ്റ്റേഡിയം നിർമാണം എന്നിവക്ക് ബജറ്റിൽ ടോക്കൺ അനുമതി നൽകി ഉൾപ്പെടുത്തിയിട്ടുണ്ട്.
വിളപ്പിൽശാലയിൽ സാങ്കേതിക സർവകലാശാല ആസ്ഥാന നിർമാണം, മലയിൻകീഴ് താലൂക്കാശുപത്രി വികസനത്തിന സ്ഥലം വാങ്ങലിനും തുക വകയിരുത്തി. 71 കോടിയാണ് സാങ്കേതിക സർവകലാശാല ആസ്ഥാന മന്ദിര നിർമാണത്തിന് അനുവദിച്ചത്. നാലര കോടി രൂപ താലൂക്ക് ആശുപത്രി വികസനത്തിന് സ്ഥലമേറ്റെടുക്കുന്നതിനും അനുവദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.