നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വിഭാഗം 2022 ജനുവരി ഒമ്പതിന് നെയ്യാറ്റിൻകരയിൽ ആരംഭിച്ച ഉല്ലാസ യാത്ര പദ്ധതി 300 യാത്ര പൂർത്തിയാക്കി. നെയ്യാറ്റിൻകര ബി.ടി.സിയുടെ പുതുവത്സര യാത്രകളും വാർഷികാഘോഷവും കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വിഭാഗം ജനറൽ മാനേജർ സെരിൻ സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.
പുതുവത്സരത്തിന്റെ ഭാഗമായി വയനാട്, ഗവി, മലക്കപ്പാറ, മൂന്നാർ, പൊന്മുടി, തിരുവൈരാണിക്കുളം എന്നിവിടങ്ങളിലേക്കായി ആറ് യാത്രകളാണ് ക്രമീകരിച്ചത്. എല്ലാ യാത്രകളും ബസ് ഫുൾ ആയിരുന്നു. യാത്രക്കാർക്കായി ആകർഷകങ്ങളായ പുതുവത്സര സമ്മാനങ്ങളും മധുര വിഭവങ്ങളും എല്ലാ യാത്രകളിലും ഒരുക്കി. ജിംഗിൾബെൽസ് എന്ന ശീർഷകത്തിൽ സംഘടിപ്പിച്ച ആഘോഷപരിപാടിയിൽ കെ.എസ്.ആർ.ടി.സി. ജനറൽ മാനേജർ റോഷ്ന അലിക്കുഞ്ഞ് അധ്യക്ഷത വഹിച്ചു.
ക്ലസ്റ്റർ ഓഫിസർ മനേഷ്, അസി. ക്ലസ്റ്റർ ഓഫിസർ സാം, അസി.ഡിപ്പോ എൻജിനീയർ ഷിബു, ബജറ്റ് ടൂറിസം സെൽ കോർഡിനേറ്റർ എൻ.കെ. രഞ്ജിത്ത്, ജനറൽ സി.ഐ പി. വിനോദ് കുമാർ, ഹെഡ് വെഹിക്കിൾ സൂപ്പർവൈസർ വിജയകുമാർ, ജിജോ, സജികുമാർ, മുരളി മോഹൻ ,സജീവ്, ഗോപകുമാർ എന്നിവർ സംസാരിച്ചു.
ജനുവരിയിൽ കൊച്ചിയിലെ ആഡംബരക്കപ്പൽ യാത്ര, കുംഭാരുരുട്ടി വെള്ളച്ചാട്ടം, മറയൂർ-മൂന്നാർ യാത്രകളും ഒരുക്കിയിട്ടുണ്ട്. ഒരു കോടിയിലധികം രൂപ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ സമാഹരിച്ച സംസ്ഥാനത്തെ ആദ്യ ഡിപ്പോകളിൽ ഒന്നാണ് നെയ്യാറ്റിൻകര. ബജറ്റ് ടൂറിസം വിഭാഗത്തെ ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ ബിജു പ്രഭാകർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.