നെയ്യാറ്റിൻകര: വാഹനപരിശോധനക്ക് വാഹനമില്ലാതെ നെയ്യാറ്റിൻകര മോട്ടോർവാഹന വകുപ്പ്. പത്ത്മാസമായി ഈ അവസ്ഥയാണ്. മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളാണ് ഉപയോഗിക്കുന്നത്. ഡ്യൂട്ടി ആവശ്യങ്ങൾക്ക് സ്വാകര്യ വാഹനങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന നിയമമുള്ളപ്പോഴും ഡ്യൂട്ടി ചെയ്യണമെങ്കിൽ സ്വാകര്യ വാഹനം മാത്രമെ ആശ്രയമുള്ളുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
സ്കൂൾ വാഹനങ്ങളുൾപ്പെടെയുള്ള വാഹനങ്ങളുടെ നിയമലംഘനത്തിനെതിരെ പരാതി നൽകിയാലും ഫലമില്ല. ഗുരുതരമായ വീഴ്ചയുണ്ടായിട്ടും അധികൃരുടെ ഭാഗത്ത് നിന്നു നടപടിയുമില്ല.
15 വർഷം കഴിഞ്ഞ വാഹനങ്ങൾ ഓടാൻ പാടില്ലെന്ന നിയമത്തെ തുടർന്നാണ് 2008 ൽ നെയ്യാറ്റിൻകര ആർ.ടി. ഓഫിസിന് അനുവദിച്ച വാഹനം ഉപയോഗിക്കാതെ ഒതുക്കിയിട്ടിരിക്കുന്നത്. 2023 ൽ ഷെഡിൽ കയറ്റിയ വാഹനത്തിന് പകരം ഇതുവരെ വാഹനങ്ങൾ അനുവദിച്ചിട്ടുമില്ല. ആദ്യകാലങ്ങളിൽ താൽക്കാലികമായി ഒരുമാസം വാഹനം അനുവദിച്ചതല്ലാതെ പിന്നീട് വാഹനം നൽകിയിട്ടില്ല.
സംസ്ഥാനത്തെ 60 ലേറെ ആർ.ടി. ഓഫിസുകളിൽ വാഹനമില്ലാത്ത അവസ്ഥയാണ്. ആഡംബര വാഹനങ്ങൾ ഇറക്കുന്ന സർക്കാർ ഈ അവസ്ഥ കണ്ടില്ലെന്ന് നടിക്കുന്നതായും ആരോപണമുയരുന്നു. എൻഫോഴ്സ്മെന്റെ് സ്ക്വാഡാണ് പലപ്പോഴും നിയമലംഘനം പിടികൂടുന്നതിനെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.