വേണാട്ടു രാജാക്കന്മാരുടെ തലസ്ഥാനം പത്മനാഭപുരമായിരുന്നപ്പോൾ ഭരണാധികാരികളുടെ ഇടത്താവളമായിരുന്നു നെയ്യാറ്റിൻകര. മാർത്താണ്ഡവർമയുടെ കാലത്ത് എട്ടുവീട്ടിൽ പിള്ളമാരുടെ ശക്തി പരീക്ഷണ കേന്ദ്രം, ശിലായുഗ സംസ്കാരത്തിലെ പാണ്ഡവൻപാറ, നവോത്ഥാനത്തിെൻറ അടയാളമായ നാരായണ ഗുരുവിെൻറ അരുവിപ്പുറം, ദിവാൻ ഭരണത്തിനെതിരെ പേന കൊണ്ട് സമരമുഖങ്ങൾ തീർത്ത സ്വദേശഭിമാനിയുടെ ജന്മദേശം കൂടാതെ, നാടാർ സമുദായത്തിെൻറ കേന്ദ്രം. പന ചെത്തായിരുന്നു പരമ്പരാഗത തൊഴിൽ.
നെയ്യാറ്റിൻകര നഗരസഭയും അതിയന്നൂർ, കാരോട്, ചെങ്കൽ, കുളത്തൂർ, തിരുപുറം ഗ്രാമപഞ്ചായത്തുകളുമാണ് മണ്ഡലത്തിലുള്ളത്. നെയ്ത്ത്, പനകയറ്റം, ചുടുകല്ല് നിർമാണം തുടങ്ങിയ പരമ്പരാഗത തൊഴിലുകൾ ഇപ്പോഴുമുണ്ട്. മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ, കൃഷിക്ക് ജലസേചന സൗകര്യം, കുടിവെള്ള സ്രോതസ്സുകൾ തുടങ്ങിയവയെല്ലാം തെരഞ്ഞെടുപ്പിൽ ചർച്ചയാകും. നെയ്യാറിനെ സംരക്ഷിക്കണമെന്നതും തിരുവനന്തപുരം- -കന്യാകുമാരി റെയിൽ പാത വികസനവും ഇരുമുന്നണികളും തെരഞ്ഞെടുപ്പിൽ ചർച്ചയാക്കും.
1957 മുതലുള്ള കണക്ക് പരിശോധിച്ചാൽ ചാഞ്ചാടി നിന്ന മണ്ഡലമാണ് നെയ്യാറ്റിൻകര. 18 തെരഞ്ഞെടുപ്പുകളിൽ ഒമ്പതിലും കോൺഗ്രസിനും കോൺഗ്രസ് പിന്തുണയുള്ള സ്ഥാനാർഥികൾക്കുമായിരുന്നു വിജയം. 1957ലെ ആദ്യ തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ ജനാർദനനായിരുന്നു ജയം. 1960 ൽ പി.എസ്.പിയിലെ നാരായണൻ തമ്പി വിജയിച്ചു. 65 ലും 67ലും കോൺഗ്രസ് വിജയത്തിെൻറ വെന്നിക്കൊടി പാറിച്ചു. 1970 ൽ സി.പി.എമ്മിലെ ആർ. പരമേശ്വരൻ പിള്ള യു.ഡി.എഫിൽനിന്ന് മണ്ഡലം തിരിച്ചുപിടിച്ചു. 1977ലും 80ലും നടന്ന തെരഞ്ഞെടുപ്പിൽ യു.ഡി. എഫിലെ ആർ. സുന്ദരേശ്വരൻ നായരോട് പരമേശ്വരൻ പിള്ള തോറ്റു. 1982ൽ സുന്ദരേശ്വരൻ നായരെ ജനതാ പാർട്ടിയിലെ എസ്.ആർ. തങ്കരാജ് തോൽപിച്ചു. തങ്കരാജ് 1987ലും വിജയം ആവർത്തിച്ചു.
1991ൽ തങ്കരാജിനെ തമ്പാനൂർ രവി പരാജയപ്പെടുത്തി. തുടർന്ന് നടന്ന രണ്ട് തെരഞ്ഞെടുപ്പിലും തമ്പാനൂർ രവി മണ്ഡലം നിലനിർത്തി. നാലാം അങ്കത്തിൽ സി.പി.എമ്മിലെ വി.ജെ. തങ്കപ്പൻ തോൽപിച്ചു. 2011ലും വിജയം സി.പി.എമ്മിനായിരുന്നു. കോൺഗ്രസിലെ തമ്പാനൂർ രവിയെ തോൽപിച്ച് സി.പി.എമ്മിലെ ആർ. സെൽവരാജ് നിയമസഭയിലെത്തിയത് 6702 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു. ഒരുവർഷം തികയുംമുമ്പേ ഇടതുപക്ഷം വിട്ട സെൽവരാജ് യു.ഡി.എഫിലേക്ക് ചേക്കേറിയത് കേരളം ശ്രദ്ധിച്ച സംഭവമാണ്.
യു.ഡി.എഫ് സെൽവരാജിനെ എങ്ങനെയും സംരക്ഷിക്കാൻ രംഗത്തിറങ്ങിയിരുന്നു. തുടർന്ന് സെൽവരാജ് എം.എൽ.എ സ്ഥാനം രാജിവെക്കുകയും ചെയ്തു. കോൺഗ്രസ് പാളയത്തിലെത്തിയ സെൽവരാജ് 2012 ജൂണിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച് ജയിച്ചു. മുന്നണി മാറിയിട്ടും സെൽവരാജിന് പഴയ ഭൂരിപക്ഷത്തോട് അടുക്കാനുമായി. 6334 വോട്ടാണ് സെൽവരാജ് അധികം നേടിയത്. നേരിയ ഭൂരിപക്ഷം കാരണം നൂൽപ്പാലത്തിലായിരുന്ന യു.ഡി.എഫ് സർക്കാറിന് സ്ഥിരതക്കുള്ള ഊർജം പകർന്നത് ഈ ഉപതെരഞ്ഞെടുപ്പായിരുന്നു. സെൽവരാജ് യു.ഡി.എഫ് സ്ഥാനാർഥിയായി വിജയിച്ചപ്പോൾ ബി.ജെ.പിയിലെ ഒ. രാജഗോപാൽ 30,507 വോട്ടുകളും നേടി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചു.
എൽ.ഡി.എഫിനും യു.ഡി. എഫിനും ലഭിച്ചിരുന്ന പരമ്പരാഗത വോട്ടുബാങ്കിൽ വിള്ളൽ വീഴ്ത്തുകയായിരിക്കും ഇത്തവണയും ബി.ജെ.പിയുടെ ശ്രമം. സെൽവരാജിന് തന്നെയാണ് ഇത്തവണയും സാധ്യത. നെയ്യാറ്റിൻകര ഇരു മുന്നണികളെയും മാറിമാറി വിജയിപ്പിച്ച മണ്ഡലമാണ്. മണ്ഡലം എങ്ങോട്ട് ചായുമെന്ന് പ്രവചിപ്പിക്കാവുന്ന മണ്ഡലമല്ലിത്. അതിനാൽ ഇരു മുന്നണികളും വിജയം പ്രതീക്ഷിക്കുന്ന മണ്ഡലമാണിത്. യുവാക്കളെ കോൺഗ്രസ് പരീക്ഷിക്കുമോ എന്നാണ് അറിയേണ്ടത്. നാടാർ വിഭാഗം പൊതുവിൽ കോൺഗ്രസിനെ പിന്തുണക്കുന്ന സമൂഹമാണ്.
1957 - ആർ. ജനാർദനൻ നായർ
1960 - പി. നാരായണൻ തമ്പി
1967 - ആർ. ഗോപാലകൃഷ്ണൻ നായർ
1970 - ആർ. പരമേശ്വരൻ പിള്ള
1977 - ആർ. സുന്ദരേശൻ നായർ
1980 - ആർ. സുന്ദരേശൻ നായർ
1982 - എസ്.ആർ. തങ്കരാജ്
1987 - എസ്.ആർ. തങ്കരാജ്
1991 - തമ്പാനൂർ രവി
1996 - തമ്പാനൂർ രവി
2001 - തമ്പാനൂർ രവി
2006 - വി.ജെ. തങ്കപ്പൻ
2011 - ആർ. സെൽവരാജ്
2012 - ആർ. സെൽവരാജ്
2016 - കെ. അൻസലൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.