നെയ്യാറ്റിൻകര: കെ.എസ്.ആർ.ടി.സി ആരംഭിച്ച ബജറ്റ് ടൂറിസം പദ്ധതി നെയ്യാറ്റിൻകര ഡിപ്പോയിൽ നൂറ് യാത്രകൾ പിന്നിടുന്നു. 2022 ജനുവരി ഒമ്പതിന് കൊല്ലം മൺറോതുരുത്തിലേക്ക് ഫാസ്റ്റ് പാഞ്ചറിൽ അമ്പത് യാത്രക്കാരുമായാണ് ആദ്യയാത്ര നടത്തിയത്. പിന്നീട് സൂപ്പർ ഫാസ്റ്റ് ബോണ്ട്, എ.സി, ഡീലക്സ്, വോൾവോ തുടങ്ങിയ ബസുകളിലായിരുന്നു യാത്രകൾ.
സംസ്ഥാനത്ത് ആദ്യമായി സ്വിഫ്റ്റ് ബസ് ബജറ്റ് ടൂറിസം യാത്രക്കായി വിനിയോഗിച്ചതും നെയ്യാറ്റിൻകര യൂനിറ്റിലാണ്. വാഗമൺ, മൂന്നാർ, തെന്മല, മലക്കപ്പാറ, കന്യാകുമാരി, പൊന്മുടി എന്നിവിടങ്ങളിലേക്കുള്ള യാത്രകൾക്കാണ് കൂടുതൽ പ്രിയം.
യാത്രക്കാരെ കൊച്ചിയിലെത്തിച്ച് അറബിക്കടലിൽ ആഡംബരക്കപ്പലിൽ അഞ്ചരമണിക്കൂർ നീളുന്ന കപ്പൽ യാത്രയും കുമരകത്ത് എത്തിച്ചശേഷം ഹൗസ് ബോട്ടിലെ അഞ്ചരമണിക്കൂർ കായൽ യാത്രയും നെയ്യാറ്റിൻകരയിൽനിന്ന് നിശ്ചിത ദിവസങ്ങളിൽ ക്രമീകരിച്ചിട്ടുണ്ട്.
ഉല്ലാസ യാത്രകൾക്കായി ബസിൽ പ്രത്യേക ശബ്ദ സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. സ്കൂളുകൾ, കോളജുകൾ, ഫാമിലി ഗ്രൂപ്പുകൾ, ഓഫിസ് കൂട്ടായ്മകൾ, റസിഡന്റ്സ് അസോസിയേഷനുകൾ എന്നിവക്കായി പ്രത്യേക ഗ്രൂപ് പാക്കേജുകൾ ഒരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാർക്കായി സൗജന്യ നിരക്കിൽ ഉല്ലാസയാത്രകളും സ്ത്രീകൾക്ക് മാത്രമായി വനിത സൗഹൃദ യാത്രകളും ബി.ടി.സി വിഭാഗം നെയ്യാറ്റിൻകരയിൽനിന്ന് സംഘടിപ്പിച്ചുവരുന്നു.
ഡിസംബറിൽ കെ.എസ്.ആർ.ടി.സി ആരംഭിച്ച നെയ്യാറ്റിൻകര-ഗവി വിനോദയാത്ര പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവുമധികം ഉല്ലാസയാത്രകൾ നെയ്യാറ്റിൻകര ഡിപ്പോയിൽനിന്നാണ് സംഘടിപ്പിച്ചത്. ബജറ്റ് ടൂറിസം യാത്രകൾ ഒരു വർഷത്തിനകം അരക്കോടിയിൽപരം രൂപയുടെ കലക്ഷനുണ്ടാക്കി.
മൂവായിരത്തിൽപരം യാത്രക്കാരെ ഏഴ് വിഭിന്ന ടൂറിസം വാട്സ്ആപ് ഗ്രൂപ്പുകളായി ഉൾപ്പെടുത്തിയിട്ടുണ്ട്. കണ്ടക്ടർ എൻ.കെ. രഞ്ജിത്താണ് യൂനിറ്റ് ബജറ്റ് ടൂറിസം വിഭാഗത്തിന്റെ കോഓഡിനേറ്റർ. ക്ലസ്റ്റർ ഓഫിസർ ഉദയകുമാർ ടൂറിസം സെല്ലിന്റെ ചെയർമാനായും ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ ടി.ഐ. സതീഷ് കുമാർ കൺവീനറായും പ്രവർത്തിച്ചുവരുന്നു.
എസ്.ജി. രാജേഷ്, കെ.എസ്. ജയശങ്കർ, ജി. ജിജോ, വി.കെ. സജീവ്, എം.എസ്. സജികുമാർ, സി. രാജൻ, വി. അജയകുമാരൻ തമ്പി, ഗോപകുമാർ എന്നിവർ നേതൃത്വം നൽകുന്ന ടൂറിസം സെൽ കൂട്ടായി ചർച്ച ചെയ്ത് വ്യത്യസ്ത യാത്രാ പദ്ധതികൾക്ക് രൂപംനൽകിവരുന്നു.
ഓരോ മാസത്തെയും ടൂറിസം യാത്രാ കലണ്ടർ നെയ്യാറ്റിൻകരയുടെ സവിശേഷതയാണ്. ഡിപ്പോയിൽനിന്നുള്ള നൂറാമത്തെ യാത്ര ഡിസംബർ 24ന് കുമരകത്തേക്കുള്ള ക്രിസ്മസ് സ്പെഷൽ ട്രിപ്പായാണ് ക്രമീകരിച്ചിരിക്കുന്നത്. പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി വയനാട്, മൂന്നാർ, വാഗമൺ, പൊന്മുടി എന്നിവിടങ്ങളിൽ നെയ്യാറ്റിൻകര ബജറ്റ് ടൂറിസം വിഭാഗം ആഘോഷങ്ങൾ ഒരുക്കുന്നു. സെല്ലിന്റെ എൻക്വയറി നമ്പർ 9846067232.
ഒരു വർഷത്തിനുള്ളിൽ മാതൃകാപരമായ പ്രവർത്തനം കാഴ്ചവെച്ച നെയ്യാറ്റിൻകര കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം വിഭാഗത്തിനെ കെ. ആൻസലൻ എം.എൽ.എ, നഗരസഭ ചെയർമാൻ പി.കെ. രാജമോഹൻ, കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ എന്നിവർ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.