തിരുവനന്തപുരത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ 'ഓപറേഷന്‍ ജലധാര'; പാതിവഴിയിൽ പഴയ പദ്ധതികൾ

ശംഖുംമുഖം: തിരുവനന്തപുരം നഗരത്തെ വെള്ളപ്പൊക്കത്തില്‍നിന്ന് സംരക്ഷിക്കുന്നതിന് ഓപറേഷന്‍ ജലധാര പദ്ധതിയുമായി ജില്ല ഭരണകൂടം. എന്നാൽ, മുമ്പ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ബ്രേക്ക് വാട്ടര്‍ പദ്ധതികളും ഓപറേഷന്‍ അനന്തയും പാതിവഴിയിലാണ്.

കാലവര്‍ഷത്തിന് മുന്നോടിയായി നെയ്യാര്‍, കരമന, കിള്ളി, വാമനപുരം, മാമം നദികളിലും അവയുടെ പോഷകനദികളിലും അടിഞ്ഞുകൂടിയ ചളിയും മറ്റ് അവശിഷ്ടങ്ങളും നീക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തദ്ദേശസ്ഥാപന സെക്രട്ടറിമാരെ ചുമതലപ്പെടുത്തി കഴിഞ്ഞ ദിവസം കലക്ടര്‍ ഉത്തരവിറക്കിയിരുന്നു.

ഏപ്രില്‍ 30ന് മുമ്പായി നദികളിലെ ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് നിർദേശം. എന്നാൽ, നദികളിലെ നീരൊഴുക്ക് സുഗമാക്കിയാലും കടലിലേക്ക് ഒഴുകിപ്പോകേണ്ട പൊഴികള്‍ അടഞ്ഞ് കിടന്നാല്‍ നഗരം വീണ്ടും വെള്ളത്തില്‍ മുങ്ങും. നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് വേണ്ടിയാണ് ഓപറേഷന്‍ അനന്തയും വേളിയിലെ അഴിമുഖം പദ്ധതിയും പനത്തുറ ചെറുജലപാത പദ്ധതിയും മുമ്പ് പ്രഖ്യാപിച്ചത്. ഇതില്‍ ഓപറേഷന്‍ അനന്ത ഉന്നതങ്ങളിലെ ഇടപെടലുകള്‍ കാരണം പാതിവഴിയില്‍ നിലച്ചു. ഇതോടെ പലയിടത്തും മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്നത് തടസ്സപ്പെട്ടു. വേളിയിലും പനത്തുറയിലും നദികളിലൂടെ വരുന്ന വെള്ളം സുഗമമായി കടലിലേക്ക് ഒഴുകിപ്പോകുന്നതിനായി പ്രഖ്യാപിച്ച ബ്രേക്ക് വാട്ടര്‍ പദ്ധതികള്‍ കടലാസിലൊതുങ്ങുകയായിരുന്നു.

മഴക്കാലത്ത് പൊഴിമുഖങ്ങള്‍ മണ്ണുമൂടി അടഞ്ഞ് കിടക്കാറാണ് പതിവ്. നദികളില്‍ വെള്ളം പൊങ്ങുന്നതോടെ ഇറിഗേഷന്‍ അധികൃതര്‍ കരാറുകാരെവെച്ച് പൊഴികള്‍ മുറിച്ചാണ് പലപ്പോഴും വെള്ളം കടലിലേക്ക് ഒഴുക്കിവിടുന്നത്. ഇതിന് ശാശ്വത പരിഹാരമെന്ന നിലക്കാണ് ബ്രേക്ക് വാട്ടര്‍ പദ്ധതികളുടെ പ്രഖ്യാപനമുണ്ടായത്.

ഇതിന്‍റെ ഭാഗമായി വേളി പൊഴിക്ക് 23 കോടിയും പൂന്തുറ പനത്തുറ കുന്നുമണല്‍ ചെറുകനാല്‍ നിർമാണത്തിന് 10 ലക്ഷവും അനുവദിച്ചിരുന്നു. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പഠനം നടത്തി നഗരഹൃദയത്തോട് ചേര്‍ന്ന് കിടക്കുന്ന താഴ്ന്ന പ്രദേശമായ വേളിയില്‍ കായലിനെയും കടലിനെയും തമ്മില്‍ അഴിയാക്കി മാറ്റാനുള്ള തീരുമാനവും കൈക്കൊണ്ടിരുന്നു. ഇതിന് കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ലഭ്യമാകുകയും ചെയ്തു.

പല തവണ പദ്ധതിക്കായി ദര്‍ഘാസ് നടപടികള്‍ ആരംഭിച്ചെങ്കിലും ഉന്നതങ്ങളിലെ ഇടപെടലുകള്‍മൂലം അഴിമുഖത്തിന്‍റെ നിർമാണം ആരംഭിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് തുറമുഖ വകുപ്പ് എൻജിനീയറിങ് വിഭാഗം. പദ്ധതി യാഥാർഥ്യമായിരുന്നെങ്കില്‍ മഴക്കാലത്ത് നഗരത്തില്‍നിന്ന് ഒഴുകിയത്തെുന്ന വെള്ളം സുഗമമായി കടലിലേക്ക് ഒഴുകിയിറങ്ങുമായിരുന്നു. പാര്‍വതി പുത്തനാറിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിനാണ് പനത്തുറ കുന്നുമണല്‍ ഭാഗത്ത് ചെറുകനാലിന് പദ്ധതി തയാറാക്കിയത്.

Tags:    
News Summary - Old project halfway through ‘Operation jaladhara’ to avoid flooding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.