തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നിലവിലുള്ള അപര്യാപ്തതകൾ പരിഹരിക്കാൻ സമഗ്രമായ മാസ്റ്റർപ്ലാൻ തയാറാക്കി ആവശ്യാനുസരണം ഫണ്ട് അനുവദിച്ച് സമയക്രമം നിശ്ചയിച്ച് നടപ്പാക്കണമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്.
മാനസികാരോഗ്യ കേന്ദ്രത്തിൽ നടത്തിയ സന്ദർശനത്തിന് ശേഷം ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നൽകിയ നിർദേശങ്ങളിലാണ് ഇക്കാര്യമുള്ളത്. നവംബർ 17നാണ് കമീഷൻ ആശുപത്രി സന്ദർശിച്ചത്. ജയിൽ ഡി.ജി.പിയും ആവശ്യമായ നടപടികൾ സ്വീകരിക്കണം.
10 വർഷമായി മുടങ്ങിക്കിടക്കുന്ന കെട്ടിടസമുച്ചയത്തിന്റെ പണി പുനരാരംഭിക്കണം, ആധുനിക മാനസികാരോഗ്യ ചികിത്സക്ക് പര്യാപ്തമായ ഒരു ഒ.പി ബ്ലോക്ക് സജ്ജമാക്കണം, ജീവനക്കാരുടെ തസ്തികകൾ പുനഃക്രമീകരിക്കണം, കൂടുതൽ പാചകക്കാരെ നിയോഗിക്കണം, നഴ്സിങ് സൂപ്രണ്ട്, സീനിയർ നഴ്സിങ് ഓഫിസർ, നഴ്സിങ് ഓഫിസർ, ഹോസ്പിറ്റൽ അറ്റൻഡൻറ് തസ്തികകൾ അടിയന്തരമായി നികത്തണം, സുരക്ഷക്കായി പ്രത്യേകം സംവിധാനം ഏർപ്പെടുത്തണം, അന്തേവാസികൾക്ക് മറ്റ് രോഗങ്ങളുമുള്ളതിനാൽ സ്പെഷാലിറ്റി ഡോക്ടർമാരെ നിയമിക്കണം.
തിരുവനന്തപുരം സെൻട്രൽ ജയിലിലെ തടവുകാർക്ക് അവിടെത്തന്നെ മാനസികരോഗ ചികിത്സ നൽകണം, രോഗം ഭേദമായവരെ ബന്ധുക്കളെ ഏൽപ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണം, ഭാവി വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ നോഡൽ ഓഫിസറെ നിയമിക്കണമെന്നും കമീഷൻ ശിപാർശ ചെയ്തു.
തുടർച്ചയായ ചികിത്സ ആവശ്യമില്ലാത്ത വ്യക്തികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ ജില്ലകൾ തോറും തുടങ്ങണം, പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തെ മെൻറൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ട് ആൻഡ് റിസർച്ച് സെൻറർ നിലവാരത്തിൽ ഉയർത്തണം, ആർദ്രം മിഷൻ പദ്ധതിയിൽ മാനസികാരോഗ്യകേന്ദ്രത്തെ ഉൾപ്പെടുത്തണം, ഫോറൻസിക് വാർഡിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കുകയും ജയിൽ ഉദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കണം, ഫോറൻസിക് വാർഡിൽ വിടുതൽ ലഭിക്കാത്ത രോഗികളുണ്ടെങ്കിൽ അവരെ ബന്ധുക്കളെ ഏൽപ്പിക്കുകയോ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റുകയോ ചെയ്യണമെന്നും മനുഷ്യാവകാശ കമീഷൻ ശിപാർശ ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.