തിരുവനന്തപുരം: ആർ.സി.സിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആശ്രയമായിരുന്ന മൂന്നാം നിലയിലെ കാന്റീൻ (ഫുഡ്കോർട്ട്) പൂട്ടിയിട്ട് ഒരു മാസം. ഭക്ഷണത്തിലെ ഗുണനിലവാരത്തിന്റെ പേരിലാണ് അടച്ചതെങ്കിലും നവീകരണം നടത്തി കാന്റീൻ തുറക്കാൻ നടപടിയില്ല.
ഇതോടെ പ്രതിദിനം ആശുപത്രിയിലെത്തുന്ന രോഗികൾ വലയുകയാണ്. കീമോയ്ക്കും പരിശോധനകൾക്കുമായി രോഗികളും കൂട്ടിരിപ്പുകാരുമടക്കം 2000ലേറെ പേരാണ് ദിവസം ആശുപത്രിയിൽ വന്നുപോകുന്നത്. കാൻറീൻ പൂട്ടിയതോടെ ഇവരെല്ലാം പുറത്തെ ഹോട്ടലുകളെയോ മെഡിക്കൽ കോളജ് കാന്റീനിനേയോ ആശ്രയിക്കേണ്ട സ്ഥിതിയാണ്.
താഴെത്തെ നിലിയിൽ സ്റ്റാഫ് കാന്റീനുണ്ടെങ്കിലും ഒ.പിയിലും മറ്റുമെത്തുന്ന രോഗികൾക്ക് ഇവിടെനിന്ന് ഭക്ഷണം കിട്ടില്ല. സ്റ്റാഫ് കാന്റീനിൽനിന്ന് ജീവനക്കാർക്കും വാർഡുകളിലേയും പേ വാർഡുകളിലേയും രോഗികൾക്കും മാത്രമേ ഭക്ഷണം നൽകൂ.
കാന്റീൻ അടച്ചതിന് പകരമായി ജയിൽ ഫുഡ് കൗണ്ടറുകൾ തുടങ്ങിയിട്ടുണ്ട്. പായ്ക്ക് ചെയ്ത ഭക്ഷണമാണ് ഇവിടെ വിതരണം ചെയ്യുന്നത്. പലർക്കും പായ്ക്ക് ചെയ്ത ഭക്ഷണം കഴിക്കാനാവില്ല. മാത്രമല്ല, ഇത് വാങ്ങിയാൽ തന്നെ ഇരുന്ന് കഴിക്കാൻ മതിയായ സംവിധാനങ്ങളുമില്ല.
വീൽചെയറിലടക്കം എത്തുന്ന രോഗികൾക്ക് സ്വസ്ഥമായി ഇരുന്ന് കഴിക്കാനുള്ള ക്രമീകരണങ്ങളായിരുന്നു മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന കാന്റീനിലുണ്ടായിരുന്നത്. മേശയുടെ കാലുകൾക്കിടയിലേക്ക് വീൽചെയർ കയറ്റിവെയ്ക്കാൻ കഴിയുമെന്നതിനാൽ സൗകര്യപ്രദമായ ഉയരത്തിൽ ഇരുന്ന് കഴിക്കാനാകുമായിരുന്നു. കാന്റീൻ അടച്ചതോടെ ഇതെല്ലാം നിലച്ചു.
നേരത്തെയുണ്ടായിരുന്നു മേശയും ഫർണീച്ചറുകളുമെല്ലാം എടുത്തുമാറ്റി. വീൽചെയറിലിരുന്ന് കൈയിൽ വെച്ച് കഴിക്കേണ്ട സ്ഥിതിയാണിപ്പോൾ. അല്ലെങ്കിൽ ഒപ്പമുള്ളവർ വാരിക്കൊടുക്കണം. കാന്റീൻ പ്രവർത്തിച്ചിരുന്ന ഘട്ടത്തിൽ ആവശ്യത്തിനനുസരിച്ച് കുറഞ്ഞ അളവിൽ ഭക്ഷണം വാങ്ങാമായിരുന്നു. എന്നാൽ പകരം ഏർപ്പെടുത്തിയ കൗണ്ടർ സംവിധാനത്തിൽ ഇതിനുള്ള ക്രമീകരണമില്ല.
അഞ്ച് വർഷം മുമ്പാണ് ആശുപത്രിയിലെത്തുന്ന രോഗികൾക്കായി മൂന്നാം നിലയിൽ കാന്റീൻ സൗകര്യമേർപ്പെടുത്തിയത്. ചോറും കഞ്ഞിയുമടക്കം രോഗികൾക്ക് ആവശ്യമുള്ളതെല്ലാം കുറഞ്ഞ നിരക്കിൽ ലഭ്യമായിരുന്നു. 40 രൂപക്ക് ഊണടക്കം ഇവിടെ കിട്ടിയിരുന്നു.
എന്നാൽ, ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിനെ തുടർന്നാണ് കാന്റീൻ അടച്ചിട്ടത്. സാധാരണ ഇത്തരം ഘട്ടങ്ങളിൽ അടച്ചിടുന്ന ഹോട്ടലുകൾ പോരായ്മകൾ പരിഹരിച്ച് വൈകാതെ തുറക്കുന്നതാണ് രീതി. എന്നാൽ, ആർ.സി.സി കാന്റീനിന്റെ കാര്യത്തിൽ മാത്രം ഇതുണ്ടായില്ല. ഫലത്തിൽ തിരിച്ചടിയായത് രോഗികൾക്കും.
താഴത്തെ നിലയിലെ സ്റ്റാഫ് കാന്റീൻ വിപുലീകരിക്കാൻ ആലോചനയുണ്ട്. ഇതോടെ സ്റ്റാഫുകൾക്ക് ഇരുന്ന് കഴിക്കാനുള്ള സൗകര്യം മൂന്നാം നിലയിലെ നേരത്തെ ഫുഡ്കോർട്ട് പ്രവർത്തിച്ചിരുന്ന സ്ഥലത്തേക്ക് മാറ്റുമെന്നും വിവരമുണ്ട്.
സ്റ്റാഫ് കാന്റീൻ അടുക്കള 50 ലക്ഷം രൂപയ്ക്കാണ് നവീകരിക്കുന്നത്. 30 വർഷം പഴക്കുള്ള അടുക്കളയാണിത്. ഇത് ആധുനികവത്കരിക്കാനാണ് ആലോചന. അപ്പോഴും മൂന്നാം നിലയിലുണ്ടായിരുന്നു കാന്റീൻ സൗകര്യം രോഗികൾക്ക് തിരികെ കിട്ടുമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.