തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ റോഡുവഴിയുള്ള യാത്രക്ക് മരണക്കുഴികൾ താണ്ടണം. ഒരടിയിലേറെ ആഴമുള്ള നൂറുകണക്കിന് കുഴികളാണ് സംസ്ഥാനപാതയിലും ഗ്രാമീണറോഡുകളിലും രൂപപ്പെട്ടിരിക്കുന്നത്. കരമന-കളിയിക്കാവിള സംസ്ഥാനപാത, എം.സി റോഡിൽ മണ്ണന്തല-വെഞ്ഞാറമൂട് റോഡ്, കിഴക്കേക്കോട്ട-കോവളം റോഡ്, പേരൂർക്കട-മണ്ണാമ്മൂല റോഡ്, കൊച്ചുവേളി-പേട്ട റോഡ് തുടങ്ങി പ്രധാന റോഡുകളും ഗ്രാമീണ റോഡുകളും മരണക്കുഴികളായി. മഴകൂടി ശക്തമായതോടെ തകർന്ന റോഡിൽ അപകടവും ദുരിതവും പതിയിരിക്കുകയാണ്.
കരമന-കളിയിക്കാവിള സംസ്ഥാനപാതയിൽ അമരവിള മുതല്‍ പാറശ്ശാല വരെയുള്ള റോഡിൽ നിരവധി മരണക്കുഴികളുണ്ട്. ബാലരാമപുരം മുതല്‍ തുടങ്ങുന്ന ദുരിതയാത്ര അമരവിളപ്പാലം കഴിയുന്നതോടെ നടുവൊടിക്കുന്ന അവസ്ഥയിലെത്തും. താന്നിമൂട് ജങ്ഷനിൽ ഒരുകിലോമീറ്ററിലേറെ പാടെ തകര്‍ന്ന നിലയിലാണ്. അപകടങ്ങളും പെരുകുകയാണ്.
കഴിഞ്ഞദിവസം ബൈക്ക് കുഴിയിൽവീണ് യുവാവിെൻറ കാലൊടിഞ്ഞു. നിരവധി അപകടങ്ങളാണ് ദിവസം നടക്കുന്നതെന്ന് നാട്ടുകാരും പറയുന്നു. ഉദിയന്‍കുളങ്ങരയിലും സമാനകാഴ്ചയാണ്. മഴ കുറഞ്ഞതോടെയാണ് റോഡിലെ കുഴികളുടെ ആഴം മനസ്സിലാകുന്നത്. വെള്ളക്കെട്ടുള്ളപ്പോള്‍ കുഴിയുടെ ആഴം അറിയാതെ അപകടത്തിൽപെട്ടത് നിരവധിപ്പേരാണ്.
എന്നാൽ, വർഷങ്ങൾക്ക് മുമ്പ് രാജഭരണകാലത്ത് പണിത കരിങ്കൽ പാകിയ റോഡ് ഒരുകോട്ടവും തട്ടാതെ തെളിഞ്ഞുകാണാം. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിലെ അപകടക്കുഴികള്‍ അടയ്ക്കാന്‍ ഫണ്ടില്ലെന്നും മഴയാണെന്നും തൊടുന്യായങ്ങൾ പറയുകയാണ്.
കരമന-കളിയിക്കാവിള ദേശീയ പാതയില്‍ ബാലരാമപുരം മുതല്‍ കളിയിക്കാവിള വരെയുള്ള റോഡിലാണ് അവിടവിടെയായി ടാറും മെറ്റലും ഇളകി അപകടക്കുഴികള്‍ നിറഞ്ഞ നിലയിലായത്.
10 വര്‍ഷം മുമ്പ് ടാര്‍ ചെയ്ത റോഡില്‍ രൂപപ്പെട്ട അപകടക്കുഴികളിലൊന്ന് രണ്ട് തവണ തട്ടിക്കൂട്ട് ടാറിങ് നടത്തി എന്നല്ലാതെ കാര്യമായ മെയിൻറനൻസ് പണികൾ നടത്തിയിട്ടില്ല. എന്നാൽ വർഷങ്ങൾക്ക് മുമ്പ് രാജഭരണകാലത്ത് പണിത കരിങ്കൽ പാകിയ റോഡ് ഒരുകോട്ടവും തട്ടാതെ തെളിഞ്ഞുകാണാം.
ദേശീയപാതയായിരുന്നപ്പോൾ മുടക്കമില്ലാതെ വർഷാവർഷം നടന്നുവന്ന പരിപാലനം സംസ്ഥാനപാതയായേപ്പാൾ താളംതെറ്റി. ഇപ്പോൾ റോഡിെൻറ സംരക്ഷണം സംസ്ഥാന സര്‍ക്കാർ ചുമതലയിലാണ്. കിഴക്കേകോട്ട-കോവളം റൂട്ടിൽ കമലേശ്വരം ഭാഗത്ത് വലിയ കുഴികളും അതിരൂക്ഷ വെള്ളക്കെട്ടുമുണ്ട്.
ഇതുവഴിയുള്ള ഗതാഗതവും ഭാഗികമായി നിരോധിച്ചു. നാട്ടുകാരുടെ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. മന്ത്രിമാരായ വി. ശിവന്‍കുട്ടിയുടെയും മുഹമ്മദ് റിയാസിെൻറയും ഫോണ്നമ്പറെഴുതിയ ഫ്ലക്സും വഴിയില്‍ സ്ഥാപിച്ചു. പ്രതിഷേധം കനത്തതോടെ ഞായറാഴ്ച കല്ലാട്ടുമുക്ക് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കി റോഡിലെ കുഴികൾ നികത്തുന്ന പണികൾ ആരംഭിച്ചു. എന്നാൽ, ശാശ്വതവും ശാസ്ത്രീയവുമായ റോഡ് നിർമാണം അവലംബിക്കണമെന്നാണ് സ്ഥലവാസികളുടെ ആവശ്യം.
മഴക്കാലത്ത് റോഡുകൾ തകരാൻ പ്രധാനകാരണം ശാസ്ത്രീയമായ ഒാടകൾ ഇല്ലാത്തതെന്ന വാദം ശക്തമാകുന്നു. ഇക്കഴിഞ്ഞ നിയമസഭ സമ്മേളനത്തിലും മന്ത്രി മുഹമ്മദ് റിയാസ് ഇക്കാര്യം സഭയിൽ സമ്മതിക്കുകയും ചെയ്തു.
അതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് റോഡുകൾ നിർമിക്കുേമ്പാൾ അതിന് മുന്നോടിയായി റോഡിനിരുവശവും വെള്ളം സുഗമമായി ഒഴുകിപ്പോകാൻ കഴിയുന്ന ഒാടകൾ നിർമിക്കുമെന്ന് നിയമസഭയിൽ മന്ത്രി പറഞ്ഞു. ഉള്ള ഒാടകൾ പലതും മാലിന്യം നിറഞ്ഞും മഴക്കാലപൂർവ ശുചീകരണം നടത്താത്തത് കാരണവും അടഞ്ഞുകിടക്കുകയാണ്. തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ സ്ഥിരം വെള്ളക്കെട്ടിന് കാരണം ഒാടനിർമാണത്തിലെ അപാകതയെന്നാണ് പരാതി.
ആറ്റിങ്ങല്‍: റോഡുകള്‍ വ്യാപകമായി തകര്‍ന്നു, യാത്രക്കാര്‍ ദുരിതത്തില്‍. ആറ്റിങ്ങല്‍ നഗരസഭാ പരിധിയിലെ പ്രധാന പാതകളാണ് തകര്‍ന്ന് യാത്രായോഗ്യമല്ലാത്ത അവസ്ഥയിലുള്ളത്. നഗരത്തില്‍ ദേശീയപാതയെയും പാലസ് റോഡിനെയും ബന്ധിപ്പിക്കുന്ന ബി.ടി.എസ് പൂര്‍ണമായും തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട നിലയിലാണ്. ഈ റോഡിെൻറ പുനര്‍നിര്‍മാണത്തിലെ നിലവാരമില്ലായ്മയാണ് ഇത്ര വേഗം റോഡ് തകരാന്‍ കാരണം.
റോഡിെൻറ ടാറിങ്ങും ഇൻറര്‍ലോക്ക് പ്രവൃത്തികളും ഒരുമിച്ചാണ് ചെയ്തത്. പണി കഴിഞ്ഞയുടന്‍ ഇൻറര്‍ലോക്ക് ഇളകിത്തുടങ്ങി. ടാറിങ്ങും ഇതേ അവസ്ഥയിലാണ്. അന്ന് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. കോവിഡ് കഴിഞ്ഞ് വാഹനങ്ങള്‍ ഓടിത്തുടങ്ങിയതോടെ റോഡ് കൂടുതല്‍ വേഗത്തില്‍ തകർന്നുതുടങ്ങി.
ദേശീയപാതയില്‍ കച്ചേരി ജങ്ഷന് മുതല്‍ പാലസ് റോഡില്‍ ടൗണ്‍ യു.പി.എസ് ജങ്ഷന് വരെയുള്ള ഭാഗത്ത് വ്യാപകമായി കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. പല ഭാഗത്തും ചെറു കാറുകളുടെ ബോഡി തറയില്‍ തട്ടുന്ന അവസ്ഥയാണ്. മഴയില്‍ കുഴികളില്‍ വെള്ളം കെട്ടി നില്ക്കുന്നതിനാല് ആഴമറിയാതെ വന്നിറങ്ങുന്ന ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് ഇവിടെ പതിവാണ്. ഓടയുടെ അഭാവവും അശാസ്ത്രീയതയും കാരണം മഴയത്ത് വലിയ തോതില്‍ ഇവിടെ വെള്ളം കെട്ടിനില്ക്കും. വണ്‍വേ സംവിധാനമനുസരിച്ച് കല്ലമ്പലം ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ ചിറയിന്‍കീഴ് ഭാഗത്തേക്ക് പോകേണ്ടത് ഈ പാതയിലൂടെയാണ്.
നഗരത്തിലെ പ്രധാനപ്പെട്ട രണ്ട് പൊതുവിദ്യാലയങ്ങളും ഡി.ഇഡ് കോളജും പ്രവര്‍ത്തിക്കുന്നത് ഈ പാതക്കരികിലാണ്. നിരവധി വ്യാപാര സ്ഥാപനങ്ങളും ഇവിടെയുണ്ട്.
നഗരത്തില്‍ അട്ടക്കുളം റോഡും സമാന അവസ്ഥയിലാണ്. റോഡില്‍ പല ഭാഗത്തായി വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഇത് നിരന്തരം അപകടങ്ങള്‍ക്ക് കാരണമായതോടെ പ്രദേശവാസികളില്‍ ചിലര്‍ ഇതില്‍ മണ്ണിട്ട് നികത്തി. അന്ന് ഇത് അപകടം ഒഴിവാക്കാന്‍ സഹായിച്ചെങ്കിലും മഴ ആരംഭിച്ചതോടെ റോഡ് പൂര്‍ണമായും ചെളിയായി മാറി.
ഇപ്പോള്‍ കാല്‍നട യാത്ര പോലും ദുസ്സഹമാകുന്ന അവസ്ഥയാണ്. നഗരസഭാ പ്രദേശത്തെ ഇടറോഡുകളില്‍ ഭൂരിഭാഗവും തുടര്‍ച്ചയായ മഴയില്‍ ടാറിങ് തകര്‍ന്ന് കുഴികള്‍ രൂപപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.