തിരുവനന്തപുരം: ഖരമാലിന്യ സംസ്കരണപദ്ധതി നടപ്പാക്കാനായി ലോകബാങ്കിൽനിന്ന് തിരുവനന്തപുരം കോർപറേഷൻ 114.2 കോടി രൂപ വായ്പയെടുക്കുന്നു.പദ്ധതി നടപ്പാക്കാനായി ശുചിത്വമിഷനുമായുള്ള പങ്കാളിത്ത കരാറിൽ ഒപ്പുവെക്കാൻ ചൊവ്വാഴ്ച ചേർന്ന പ്രത്യേക കൗൺസിൽ യോഗം അനുമതി നൽകി. സംസ്ഥാനത്തെ 92 തദ്ദേശസ്ഥാപനങ്ങളിൽ ഖരമാലിന്യ സംസ്കരണ പദ്ധതികൾ നടപ്പാക്കാൻ ലോകബാങ്ക് സഹായം വാഗ്ദാനം ചെയ്തതിൽ ഏറ്ററവും കൂടുതൽ തുക ചെലവഴിക്കുന്നത് തിരുവനന്തപുരം കോർപറേഷനിലാണ്.
വികേന്ദ്രീകൃത മാതൃകയിൽ ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങൾ കൂടുതൽ നടപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിലവിൽ സംസ്കരിക്കാതെ കൂട്ടിയിട്ടിരിക്കുന്ന മാലിന്യം ബയോ മൈനിങ് വഴിയോ മറ്റുതരത്തിലോ സംസ്കരിക്കും. തെരുവുകളും പൊതുസ്ഥലങ്ങളും ദിവസേന വൃത്തിയാക്കും.
മാലിന്യശേഖരണ സേവനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വനിതാ സ്വാശ്രയ ഗ്രൂപ്പുകൾക്ക് സാമ്പത്തികസഹായം ലഭ്യമാക്കും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ശുചീകരണ തൊഴിലാളികൾക്ക് സംരക്ഷണസംവിധാനങ്ങൾ ഏർപ്പെടുത്തും.
കൗൺസിൽ യോഗത്തിൽ മേയർ കെ. ശ്രീകുമാർ വിഷയാവതരണം നടത്തി. വികസന സ്ഥിരം സമിതി അധ്യക്ഷൻ കെ. ബാബു, കക്ഷിനേതാക്കളായ ഡി. അനിൽകുമാർ, ജോൺസൺ ജോസഫ്, എം.ആർ. ഗോപൻ, ബീമാപള്ളി റഷീദ് തുടങ്ങിയവർ പ്രസംഗിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.