തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാപകമായ അനധികൃത റെന്റ് എ കാർ വ്യവസായം കുറ്റവാളികൾക്ക് സൗകര്യമാകുന്നു. സംസ്ഥാനത്ത് നടക്കുന്ന കൊലപാതകം, മയക്കുമരുന്ന് കടത്ത് അടക്കം മിക്ക കുറ്റകൃത്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുന്ന ഇത്തരം കാറുകളെന്നാണ് പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം നടന്ന കരമന അഖില്‍ വധക്കേസ് പ്രതികൾ ഉപയോഗിച്ചത് സ്വകാര്യ വ്യക്തിയിൽനിന്ന് വാടകക്കെടുത്ത കാറാണ്.
സംസ്ഥാനത്ത് പ്രത്യേക നമ്പർ പ്ലേറ്റും രജിസ്ട്രേഷനുമുള്ള കാറുകൾ റെന്റ് എ കാറായി സർവിസ് നടത്തുന്നുണ്ട്. കറുത്ത നമ്പര്‍ പ്ലേറ്റില്‍ മഞ്ഞ നമ്പറുകളാണ് ഇവക്ക്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ പോലും ഇത്തരം വാഹനങ്ങൾ അപൂർവമാണ്. ഇതിന് പകരം സ്വകാര്യ ഉടമകൾ സ്വന്തം വാഹനങ്ങൾ അനധികൃതമായി വാടകക്ക് നൽകുന്ന നിയമവിരുദ്ധ രീതിയാണ് കുറ്റവാളികൾക്ക് സഹായകമാകുന്നത്.
എന്ത് ആവശ്യത്തിനാണ് വാഹനം വാടകക്ക് എടുക്കുന്നതെന്ന് ഉടമകള്ക്കറിയില്ല. കുറ്റകൃത്യം കഴിഞ്ഞ് വാഹനത്തിന്റെ നമ്പർ മനസ്സിലാക്കിയാലും യഥാർഥ പ്രതികളെ കണ്ടെത്താനാവില്ല.
കാര്‍ കസ്റ്റഡിയിലെടുക്കാമെന്നല്ലാതെ വാഹന ഉടമ കേസില്‍ പ്രതിയാകില്ല. കുറ്റവാളികൾ നേരിട്ട് വാഹനം വാടകക്ക് എടുക്കുന്നതിന് പകരം സഹായികളെയാണ് ഇതിന് നിയോഗിക്കാറ്. കരമന അഖിൽ വധക്കേസിൽ ആദ്യം പൊലീസ് പിടിയിലായത് കാർ വാടകക്കെടുത്ത വട്ടപ്പാറ സ്വദേശി അനീഷാണ്. സമീപകാലത്ത് തിരുവനന്തപുരത്ത് തന്നെ നിരവധി ക്വട്ടേഷന്‍ സംഘങ്ങളും മയക്കുമരുന്ന് കടത്ത് സംഘവും ഇത്തരം കാറുകളാണ് ഉപയോഗിച്ചതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.