മഴക്ക് തീവ്രത കുറഞ്ഞു; ശമനമില്ലാതെ വെള്ളക്കെട്ടും കൃഷിനാശവും

തിരുവനന്തപുരം: തലസ്ഥാനജില്ലയിൽ മഴക്ക് ശമനമെങ്കിലും വെള്ളക്കെട്ടും കൃഷിനാശവും തുടരുകയാണ്. പരുത്തിപ്പാറ പാറോട്ടുകോണത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു.

ഇതടക്കം 10 വീടുകൾക്കാണ് ഭാഗികമായി കേടുപാടുണ്ടായത്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. വാമനപുരം നദിയിലും നെയ്യാറിലുമടക്കം ജലനിരപ്പ് വലിയതോതിൽ ഉയർന്ന നിലയിലാണ്. മലയോരമേഖയിലാണ് മഴക്കലി കൂടുതലും. മലയോരമേഖലയിൽ കനത്തുപെയ്യുന്ന മഴ വ്യാപക കൃഷിനാശത്തിന് ഇടയാക്കിയിട്ടുണ്ട്. ഓണച്ചന്തകൾ ലക്ഷ്യമിട്ടുള്ള കൃഷികൾ വെള്ളത്തിലായി.

ജില്ലയിൽ വ്യാഴാഴ്ച 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള ശക്തമായ മഴക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥവകുപ്പ് അറിയിച്ചു. ഈ സാഹചര്യത്തില്‍ കലക്ടർ ജില്ലയിൽ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞദിവസങ്ങളില്‍ വലിയ അളവില്‍ മഴ ലഭിച്ച പ്രദേശങ്ങളില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവര്‍ അതി ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാന തീരമേഖലയും പ്രക്ഷുബ്ധമായ നിലയിലാണ്. സർക്കാർ നിർദേശം പരിഗണിച്ച് മത്സ്യത്തൊഴിലാളികളൊന്നും കടലിൽ പോകുന്നില്ല. തീരദേശത്ത് ജാഗ്രത തുടരാനാണ് നിർദേശം.

വ്യാഴാഴ്ച വിഴിഞ്ഞം മുതല്‍ കാസര്‍കോട് വരെയുള്ള കേരളതീരത്ത് 3.0 മുതല്‍ 3.5 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുണ്ട് . ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു.

കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകടമേഖലകളില്‍നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറിത്താമസിക്കണം. ബോട്ട്, വള്ളം തുടങ്ങിയ മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കണം. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കും.

മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും ജാഗ്രതാനിര്‍ദേശത്തില്‍ പറയുന്നു.

Tags:    
News Summary - rain has lessened in intensity; Unrelieved flooding and crop damage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.