തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ വർധിച്ചിട്ടും സുരക്ഷയും സംരക്ഷണവും ഒരുക്കേണ്ട പൊലീസിന് സംഭവിക്കുന്നത് വലിയ അനാസ്ഥ. വഞ്ചിയൂർ മൂലവിളാകത്ത് സ്ത്രീ ആക്രമണത്തിന് ഇരയായ സംഭവത്തിലും പേട്ട പൊലീസിന് ഉണ്ടായത് ഗുരുതരവീഴ്ച.
സംഭവം നടന്നതിനുശേഷം മൂന്നുദിവസം പൊലീസ് നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. ഇത് ഉണ്ടാകാതെ വന്നതോടെ 17ന് കമീഷണർക്ക് പരാതി നൽകി.
കമീഷണർ ഓഫിസിൽനിന്ന് പേട്ട പൊലീസിലേക്ക് വിളിയെത്തി. ഇതോടെ ഇവിടെനിന്ന് ഉദ്യോഗസ്ഥരെത്തി മൊഴിയെടുത്തു മടങ്ങി. പിന്നീട് കേസ് വിവരങ്ങളൊന്നും അറിയിച്ചിട്ടില്ല. ഇരയായ സ്ത്രീയുടെ മൊഴിയെടുക്കാനോ പ്രതിയെ പിടികൂടാനോ പൊലീസ് ശ്രമിച്ചില്ലെന്ന് മാത്രമല്ല, സ്റ്റേഷന് ചുമതലയുള്ള ഉദ്യോഗസ്ഥരെ ഇക്കാര്യം അറിയിച്ചുമില്ല. പരാതി ആദ്യം കൈകാര്യം ചെയ്ത സിവില്‍ പൊലീസ് ഓഫിസര്‍മാര്‍ക്ക് വീഴ്ചയെന്ന് സ്ഥിരീകരിച്ചതോടെയാണ് നടപടിയെടുത്തത്.
മാർച്ച് 13നാണ് സംഭവം നടന്നത്. ലൈംഗികാതിക്രമമുണ്ടായി നിമിഷങ്ങൾക്കകംതന്നെ പൊലീസിനെ വിവരം അറിയിച്ചെങ്കിലും ഫോണെടുത്ത ആൾ മേൽവിലാസം ചോദിച്ചതിനുശേഷം കട്ടുചെയ്തു.
ഗുരുതര പരിക്കേറ്റ ഇവർ ആശുപത്രിയിൽ ചികിത്സതേടി. ഈ സമയം മൊഴിയെടുക്കാൻ സ്റ്റേഷനിലേക്കെത്താൻ ആവശ്യപ്പെട്ടു. ആശുപത്രിയിലാണെന്ന് അറിയിച്ചതിന് പിന്നാലെ പേട്ട പൊലീസ് തുടർനടപടികൾ സ്വീകരിച്ചില്ല. പരാതിക്കാരായ സ്ത്രീകളെ സ്റ്റേഷനിൽ വിളിക്കാതെ അവരുള്ള സ്ഥലത്തെത്തി മൊഴിയെടുക്കണമെന്ന ചട്ടമുള്ളപ്പോഴാണ് പേട്ട പൊലീസ് ഇക്കാര്യത്തിലും വീഴ്ചവരുത്തിയത്.
തിരുവനന്തപുരം: വഞ്ചിയൂരിൽ സ്ത്രീ ലൈംഗികാതിക്രമത്തിന് ഇരയാക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന വനിത കമീഷൻ സ്വമേധയ കേസെടുത്തു.
അതിക്രമത്തിനിരയായ സ്ത്രീയെ പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി മൊഴിയെടുക്കുന്ന നടപടി ശരിയായില്ല. അതിന്റെ അടിസ്ഥാനത്തിലാണ് വനിത കമീഷൻ സ്വമേധയ കേസെടുത്തതെന്ന് കമീഷൻ അധ്യക്ഷ പി. സതീദേവി മാധ്യമങ്ങളോട് പറഞ്ഞു. പൊലീസ് സ്റ്റേഷനിൽ പരാതിയെത്താൻ വൈകിയതുകൊണ്ടാണ് അന്വേഷണത്തിൽ കാലതാമസം ഉണ്ടായതെന്നും അവര്‍ പറഞ്ഞു. പരാതിക്കാരിയുടെ മകൾ വിളിക്കുക മാത്രമാണ് ആദ്യം ചെയ്തത്, പരാതി നൽകിയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പൊലീസിനെ നേരിട്ട് കുറ്റപ്പെടുത്താതെ ന്യായീകരിക്കുന്ന നിലപാടാണ് ഇതെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.