തിരുവനന്തപുരം: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ എം.ഐ.സി.യു ഭാഗത്ത് നിന്ന് കൊല്ലം സ്വദേശിയായ ഷാനവാസിന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കേസിലെ രണ്ട് പ്രതികളെ പൊലീസ് പിടികൂടി. നരുവാമൂട് ഒലുപ്പ്നട അനു ഭവനിൽ അനു (22), പ്രാവച്ചമ്പലം ഇടയ്ക്കോട് പാപ്പനിയൂർ ലക്ഷംവീട്ടിൽ ആഷിക് (21) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
ബുധനാഴ്ച പുലർച്ച സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിലെ എം.ഐ.സി.യു ഭാഗത്ത് ബൈസ്റ്റാന്ററായി നിന്ന കൊല്ലം സ്വദേശിയായ ഷാനവാസിന്റെ മൊബൈൽ ഫോൺ മോഷണം പോയി. വിവരം അറിഞ്ഞ് എത്തിയ മെഡിക്കൽ കോളജ് പൊലീസ് മെഡിക്കൽ കോളജ് സെക്യൂരിട്ടിറ്റിയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് മെഡിക്കൽ കോളജ് ജങ്ഷന് സമീപം െവച്ച് പ്രതികളെ പിടികൂടിയത്.
തുടർന്ന് ലഭിച്ച പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിടിയിലായ പ്രതികളിൽനിന്ന് മോഷ്ടിച്ച മൊബൈൽ ഫോൺ കണ്ടെടുത്തു.
കാട്ടാക്കട, മലയിൽകീഴ്, നരുവാമൂട് സ്റ്റേഷനുകളിലായി മോഷണം, അടിപിടി ഉൾപ്പെടെ നിരവധികേസുകൾ നിലവിലുണ്ട്. മെഡിക്കൽ കോളജ് ഇൻസ്പെക്ടർ പി. ഹരിലാലിന്റ നേതൃത്വത്തിൽ എസ്.ഐ പ്രശാന്ത്, രാജീവ്, അനിൽ, എ.എസ്.ഐ സാദത്ത് എസ്.സി.പി.ഒ ഷൈനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.