വെഞ്ഞാറമൂട്: അതിദരിദ്ര പശ്ചാത്തലത്തില്‍ നിന്ന് എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഫുള്‍ എ പ്ലസ് നേടി അഖിലേഷ്. ആഗ്രഹങ്ങളുടെ പട്ടികയില്‍ മറ്റ് പലരും അവരുടെ സാമ്പത്തിക ശേഷിക്കും അഭിരുചിക്കും അനുസരിച്ച് പല പദ്ധതികളെകുറിച്ചും പറയുമ്പോഴും അഖിലേഷിന് തുടര്‍പഠനവും ചെറിയൊരു അടച്ചുറപ്പുള്ള വീടും എന്നീ ആഗ്രഹങ്ങള്‍ മാത്രം.
പുല്ലമ്പാറ കൂനന്‍വേങ്ങ ശാന്തി നഗര്‍ മഞ്ചാടി ചരുവിള വീട്ടില്‍ സുരേഷ് കുമാറിന്റെയും അജിതയുടെയും മകന് അഖിലേഷാണ് ഇരുന്നു പഠിക്കാന്‍ ഒരു കസേര പോലുമില്ലാതെ ചെറ്റക്കൂരയില്‍ നിന്ന് മികച്ച വിജയം നേടിയത്. വെഞ്ഞാറമൂട് ജി.എച്ച്.എസ്.എസിലായിരുന്നു അഖലേഷിന്റെ പഠനം.
നല്ല മാര്‍ക്ക് കിട്ടിയതിനാല്‍ പ്ലസ്ടുവിന് അഡ്മിഷന് കിട്ടുക പ്രയാസമുള്ള കാര്യമല്ലെങ്കിലും ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സഹോദരിയുടെ സുരക്ഷിതത്വവും ഒറ്റമുറി വാസത്തിന് അറുതി വരുത്തണമെന്നതും കൂടി കണക്കിലെടുത്താണ് പഠനത്തോടൊപ്പം ചെറിയൊരു വീടെന്ന ആഗ്രഹവും അഖിലേഷ് പങ്കുവെക്കുന്നത്.
കൂലിവേലക്കാരനായ പിതാവിന് വല്ലപ്പോഴും മാത്രമെ ജോലി ഉണ്ടാകാറുള്ളു. അതില്‍ നിന്നു കിട്ടുന്ന തുകയും തൊഴിലുറപ്പ് പണിക്കു പോയാല്‍ മാതാവിന് കിട്ടുന്ന കൂലിയുമാണ് കുടുംബത്തിന്റെ വരുമാന മാര്‍ഗ്ഗങ്ങള്‍. ഇതില്‍ നിന്നാണ് നിത്യചെലവുകളും വിദ്യാഭ്യാസചെലവും കണ്ടെത്തുന്നത്. മരണമടഞ്ഞ മുത്തശ്ശിയുടെ പേരിലുള്ള വസ്തുവിലാണ് കുടുംബത്തിന്റെ താമസം.
ഇടിഞ്ഞു പൊളിഞ്ഞതായിരുന്നു വീട്. അതില്‍ പഴയ സാരിയും കീറിയ ടാര്‍പ്പാളിനും പഴയ തകര ഷീറ്റുകളും കൊണ്ടു മറച്ചാണ് മഴയില്‍ നിന്നും വെയിലില്‍ നിന്നുമൊക്കെ താൽകാലിക രക്ഷ നേടുന്നത്. 10 സെന്റ് വസ്തുവാണ് ആകെയുള്ളത്. ഇതിനു പോലും ആറ് അവകാശികളുണ്ടന്ന് പറയപ്പെടുന്നു. മണ്ണും വീടും പദ്ധതിയില്‍ ഇവര്‍ക്ക് പുല്ലമ്പാറ പഞ്ചായത്തിലെ 2022-23 വര്‍ഷത്തെ ഗുണഭോക്തൃ പട്ടികയില്‍ പേരുണ്ടായിരുന്നു. പക്ഷേ അത് ഉദ്യേഗസ്ഥര്ക്കുണ്ടായ പിഴവ് മൂലം പട്ടികജാതി വിഭാഗക്കാരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ടു. ഇത് കാരണം പിന്നാക്ക വിഭാഗക്കാരുടെ പട്ടികയില്‍പെട്ട ഇവര്‍ക്ക് വീട് ലഭിക്കാന്‍ സാദ്ധ്യതയില്ലന്നാണ് വാര്‍ഡംഗം പറയുന്നത്. ഇതോടെ സര്‍ക്കാരില്‍ നിന്നു വീട് ലഭിക്കുമെന്ന പ്രതീക്ഷയും കുടുംബത്തിന് നഷ്ടമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.