വെഞ്ഞാറമൂട്: ആകെയുള്ള സമ്പാദ്യങ്ങള്‍ സ്വരൂക്കൂട്ടിയുണ്ടാക്കിയ വീടുകള്‍ മഴക്കെടുതിയില്‍ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തില്‍ പ്രവാസികളായ സഹോദരങ്ങള്‍. പുല്ലമ്പാറ മുക്കുടില്‍ എസ്.എസ്. ഹൗസില്‍ ഷംനാദ്, സഹോദരന് ഇര്‍ഷാദ് എന്നിവര്‍ക്കാണ് കിടപ്പാടം നഷ്ടമായത്.
ശനിയാഴ്ച രാത്രിയിലുണ്ടായ മഴയില്‍ വീടിന്റെ പുറകുവശത്തെ മണ്‍തിട്ട അപ്പാടെ മരങ്ങളോടൊപ്പം ഇടിഞ്ഞുവീണ് ഷംനാദിന്റെ വീട് അതിനടിയിലായി. സമീപത്ത് നിർമാണത്തിലിരുന്ന ഇര്‍ഷാദിന്റെ വീടിലേക്കും മണ്ണും മരങ്ങളും വീണ് പൂര്‍ത്തിയാക്കാന്‍ കഴിയാത്തവിധം തകർന്നു.
ഷംനാദിന്റെ വീട്ടില്‍ മാതാവും ഭാര്യയും രണ്ട് കുട്ടികളും ഇര്‍ഷാദിന്റെ ഭാര്യയും രണ്ട് മക്കളുമുൾെപ്പടെ ഏഴ് പേരാണ് കഴിഞ്ഞിരുന്നത്. ശനിയാഴ്ച അഞ്ചോടെ വീടിന്റെ പുറക് വശത്ത് നിന്നും മണ്ണിടിച്ചിലുണ്ടായി. രാത്രി പൊതുപ്രവര്‍ത്തകര്‍ ഇടപെട്ട് ഇവരെയെല്ലാം മറ്റൊരിടത്തേക്ക് മാറ്റി.
ഞായറാഴ് പുലര്‍ച്ചെ അഞ്ചോടെയാണ് ഷംനാദിന്റെ വീട് തകരുന്നത്. ഇര്‍ഷാദിന്റെ വീട് പണിക്ക് പണം കണ്ടെത്താന്‍ മറ്റ് പലരില്‍ നിന്നായി പണയം വെക്കാന്‍ വാങ്ങി വെച്ചിരുന്ന 30 പവന് സ്വര്‍ണാഭരണങ്ങളും വീട്ടുസാധനങ്ങളും മറ്റ് വിലപ്പെട്ട രേഖകള്‍ എല്ലാം തന്നെ മണ്ണിനടിയിലായി.
ഷംനാദും ഇര്‍ഷാദും ദുബൈയില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളിലാണ് ജോലി നോക്കുന്നത്. സംഭവം ദിവസം തന്നെ ഇരുവരും വിവരങ്ങള്‍ അറിഞ്ഞിരുന്നുവെങ്കിലും ചൊവ്വാഴ്ച മാത്രമാണ് ഇരുവര്‍ക്കും നാട്ടിലെത്താനായത്. വന്നപ്പോള്‍ കണ്ടതാകട്ടെ ഇതുവരെയുള്ള സമ്പാദ്യങ്ങളും വായ്പയുമൊക്കെ എടുത്ത് നിര്‍മിച്ച കിടപ്പാടങ്ങള്‍ തകര്‍ന്ന നിലയിലും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.