വെഞ്ഞാറമൂട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് നെടുമങ്ങാട്, വട്ടപ്പാറ, വെഞ്ഞാറമൂട് പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് പത്തുപേരില്‍നിന്ന് ഒന്നരക്കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി അറസ്റ്റിലായി. പൂവത്തൂര്‍ ചെല്ലാംകോട് ഗ്രാങ്കോട്ടുകോണം സുരാജ് ഭവനില്‍ സുരാജിനെയാണ് (40) ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.
ബിരുദധാരികളായ ഉദ്യോഗാർഥികളുടെ രക്ഷാകർത്താക്കളെ കണ്ടെത്തി സതേണ്‍ റെയില്‍വേയില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, അസിസ്റ്റന്റ് ടി.ടി.ആര്, ഓഫിസ് അസിസ്റ്റന്റ് തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ അഡ്വാന്‍സ് വാങ്ങുന്നതാണ് ഇയാളുടെ രീതി.
ഉദ്യോഗാർഥികളെ ഡല്ഹിലെത്തിച്ച് റെയില്‍വേ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തുന്ന ആളുകളുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ പരിശോധന നടത്തുകയും മാസങ്ങള്‍ക്കുശേഷം ചെന്നൈ സതേണ്‍ റെയില്‍വേ വളപ്പിലെത്തിച്ച് സർട്ടിഫിക്കറ്റ് പരിശോധന നടത്തുകയും ചെയ്യും.
തുടർന്ന് ബാക്കി തുക കൈപ്പറ്റി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡിന്റെ വ്യാജ നിയമന ഉത്തരവ് നൽകുകയും ചെയ്യും. മാസങ്ങള്‍ കഴിഞ്ഞിട്ടും ജോലി ലഭിക്കാത്തതിനെതുടര്‍ന്ന് രക്ഷാകർത്താക്കള് പൊലീസില്‍ പരാതി നൽകി. പൊലീസ് അന്വേഷണത്തില്‍ നിയമന ഉത്തരവ് വ്യാജമാണെന്ന് കണ്ടെത്തി.
മുംബൈയില്‍ സ്ഥിരതാമസമാക്കിയ മലയാളിയാണ് തട്ടിപ്പിലെ കൂട്ടാളിയെന്നും അറിഞ്ഞു. തട്ടിപ്പിനിരയായവരുടെ പരാതിയില്‍ വെഞ്ഞാറമൂട് പൊലീസാണ് കേസെടുത്തത്. അന്വേഷണത്തിന് തിരുവനന്തപുരം റൂറല്‍ ജില്ല പൊലീസ് മേധാവി ശിൽപ ദേവയ്യ ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ജി. ബിനുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചു.
വെഞ്ഞാറമൂട് സി.ഐ അനൂപ് കൃഷ്ണ, സബ് ഇന്‍സ്പെക്ടര്‍മാരായ രാഹുല്‍, ഷാന്‍, പ്രദീപ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇവരുടെ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.