വിഷം കഴിച്ച്​​ യുവതി മരിച്ചു, മൂന്ന് മക്കൾ ഗുരുതരാവസ്​ഥയിൽ

വെഞ്ഞാറമൂട്: പുല്ലമ്പാറയിൽ വിഷംകഴിച്ച്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി മരിച്ചു. ഇവരുടെ മൂന്ന് മക്കൾ ഗുരുതരാവസ്​ഥയിൽ ചികിത്സയിലാണ്​. പുല്ലമ്പാറ കുന്നുമുകള്‍ തടത്തരികത്ത് വീട്ടില്‍ ബിജുവിന്‍റെ ഭാര്യ ശ്രീജകുമാരി (26) ആണ് മരിച്ചത്. മക്കളായ ജ്യോതിക (ഒമ്പത്), ജ്യോതി(ഏഴ്), അഭിനവ് (മൂന്ന്) എന്നിവരാണ് ചികിത്സയില്‍ തുടരുന്നത്.

തൊഴിലുറപ്പ് പണിക്ക് പോയിരുന്ന ശ്രീജയുടെ മാതാവ് ബുധനാഴ്ച ഉച്ചയോടെ വീട്ടിലെത്തിയപ്പോള്‍ ശ്രീജയെ അബോധാവസ്ഥയില്‍ കാണുകയായിരുന്നു. ഉടൻ ആറ്റിങ്ങല്‍ വലിയകുന്ന് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി. ഇവിടെ നടത്തിയ പരിശോധനയിലാണ് വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വൈകീട്ടോടെ ശ്രീജയുടെ മൂത്ത മകള്‍ ജ്യോതികയ്ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും രക്തം ഛര്‍ദ്ദിക്കുകയും  ചെയ്തു. തുടര്‍ന്ന് ബന്ധുക്കള്‍ കുട്ടിയെ തേമ്പാമൂട്ടിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. പരിശോധനയില്‍ വിഷം ഉള്ളില്‍ ചെന്നതായി കണ്ടെത്തി.

കുട്ടിയേയും തിരുവനന്തപുരം മെഡിക്കല്‍ കോളജ്​ ആശുപത്രിയിലേക്ക് കൊണ്ടു പോയി. ഇതിനിടെയാണ് എലി വിഷം കലക്കിയ ജ്യൂസ് തനിക്കും രണ്ട്​ സഹോദരങ്ങൾക്കും തന്ന ശേഷം അമ്മയും കുടിച്ചതായി കുട്ടി പറഞ്ഞത്. തുടര്‍ന്ന് മറ്റ് രണ്ട് കുട്ടികളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരും ചികിത്സയില്‍ തുടരുന്നതിനിടെ ശ്രീജ കുമാരി വ്യാഴാഴ്ച പുലര്‍ച്ചെ മരണപ്പെടുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടാണ്​ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ്​ പ്രാഥമിക വിവരം.

വെഞ്ഞാറമൂട്ടിലെ ടെക്‌സ്റ്റയില്‍സ്​ ജീവനക്കാരിയാണ് ശ്രീജ. ടയര്‍ കടയിൽ ജീവനക്കാരനായ ബിജുവാണ് ഭര്‍ത്താവ്. 

Tags:    
News Summary - Mother poisons 3 children, kills self in venjaramoodu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.