വെഞ്ഞാറമൂട്: മസ്ജിദിനും ക്ഷേത്രത്തിനും ഒരേ കമാനം. അഭിനന്ദനമറിയിക്കാന്‍ നേരിട്ടെത്തി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പുല്ലമ്പാറ പഞ്ചായത്തിലെ മേലേ കുറ്റിമൂട് പാറയില്‍ മസ്ജിദും ശ്രീചാമുണ്ഡേശ്വരി ക്ഷേത്രവുമാണ് ഒരുകമാനത്തിലൂടെ പ്രദേശത്ത് നിലനിൽക്കുന്ന മതസൗഹാര്‍ദത്തിന്റെ വിളംബരമായത്. 50 മീറ്റര്‍ അകലത്തിലാണ് ഇരുആരാധനാലയങ്ങളും. ഇവിടേക്ക് എത്തിപ്പെടാനുള്ള പ്രധാനവഴിയും ഒന്നുതന്നെ. മസ്ജിദിന് അരനൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഉദ്ഘാടനസമയത്തുതന്നെ കമാനവും സ്ഥാപിച്ചിരുന്നു.
ക്ഷേത്രം മുമ്പേ ഉണ്ടായിരുന്നുവെങ്കിലും അടുത്തകാലത്താണ് പുനരുദ്ധരിക്കുകയും പുനഃപ്രതിഷ്ഠ നടത്തുകയും ചെയ്തത്. ഇതോടെ പുറത്തുനിന്ന് വരുന്ന വിശ്വാസികള്‍ക്ക് സഹായകമായി ബോർഡ് സ്ഥാപിക്കണമെന്ന ആഗ്രഹം ക്ഷേത്ര ഭാരവാഹികള്ക്കുണ്ടായി. എന്നാല്‍ ഇതിന് പറ്റിയ സ്ഥലമിെല്ലന്നത് വെല്ലുവിളിയായതോടെ മസ്ജിദ് പരിപാലന സമിതി ഇക്കാര്യം അറിയുകയും അവര്‍ യോഗം ചേര്‍ന്ന് കമാനത്തില്‍ പകുതി ഭാഗം ക്ഷേത്രത്തിന്റെ പേരെഴുതാന്‍ വിട്ടുനൽകുകയുമായിരുന്നു. തുടര്‍ന്ന് മസ്ജിദിന്റെ കമാനത്തില്‍ ക്ഷേത്രത്തിന്റെ പേരുകൂടി എഴുതിച്ചേര്‍ക്കുകയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ആരാധനാലയങ്ങളുടെ പേരില്‍ ജനങ്ങളെ തമ്മിലകറ്റാന്‍ ശ്രമിക്കുന്ന ഇക്കാലത്ത് അഭിനന്ദനാര്‍ഹമായ പ്രവൃത്തിയാണിതെന്ന് ഇരു ആരാധനാലയങ്ങളുടെ ഭാരവാഹികളെയും ചേര്‍ത്തുനിര്‍ത്തി ബിനോയ് വിശ്വം പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിയുടെ വരവറിഞ്ഞ് സി.പി.ഐ ജില്ല നിര്‍വാഹക സമിതി അംഗം എ.എം. റൈസ്, വെഞ്ഞാറമൂട് മണ്ഡലം സെക്രട്ടറി പി.ജി. ബിജു തുടങ്ങി ഒട്ടേറെ നേതാക്കളും നാട്ടുകാരും സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.