വെഞ്ഞാറമൂട്: സ്കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്ന ഉദ്യോഗസ്ഥയെ ബൈക്കില്‍ പിന്തുടര്ന്ന് ശല്യം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. വാമനപുരം മേലാറ്റുമൂഴി ഗ്രീഷ്മ ഭവനില്‍ റിജേഷ് (23) ആണ് അറസ്റ്റിലായത്. ചിതറ മാങ്കോട് സ്വദേശിയായ ഉദ്യോഗസ്ഥയുടെ പരാതിയിലാണ് നടപടി. ഇക്കഴിഞ്ഞ ബുധനാഴ്ച രാത്രി 9.30ന് ആയിരുന്നു സംഭവം.
പൊതുമരാമത്ത് വകുപ്പില്‍ ഓവര്‍സിയറായ യുവതി ജോലി കഴിഞ്ഞ് എന്‍ജിനീയറിങ് കോളജിലെ സായാഹ്ന ക്ലാസിലും പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. യാത്രക്കിടെ ആലുന്തറയിലാണ് യുവാവിന്റെ ഭാഗത്ത് നിന്നുള്ള ആദ്യത്തെ ശല്യപ്പെടുത്തലുണ്ടായത്.
ഇവിടെനിന്ന് ഒരു വിധം രക്ഷപ്പെട്ട ഉദ്യോഗസ്ഥയെ ബൈക്കില്‍ പിന്തുടര്ന്ന് വാമനപുരം പാലത്തിന് സമീപം വീണ്ടും ശല്യപ്പെടുത്തി. വീണ്ടും രക്ഷപ്പെട്ട ഉദ്യോഗസ്ഥ കാരേറ്റ് ജങ്ഷനിലെത്തി പൊലീസ് ഹെല്പ് ലൈനില്‍ വിളിച്ച് ബൈക്കിന്റെ നമ്പര്‍ സഹിതം പരാതി പറയുകയും സഹായാഭ്യർഥന നടത്തുകയും ചെയ്തശേഷം യാത്ര തുടര്‍ന്നു. യുവാവ് കാരേറ്റ് പാലോട് റോഡില്‍ ആറാംതാനത്ത് ശല്യപ്പെടുത്തിയപ്പോൾ ഉദ്യോഗസ്ഥ ബഹളംവെക്കുകയും മറ്റൊരു ബൈക്കില്‍ വന്ന യുവാക്കള്‍ വാഹനം നിര്‍ത്തി ഇറങ്ങുകയും ചെയ്തതോടെ അക്രമി ഇടറോഡിലൂടെ രക്ഷപ്പെട്ടു.
പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് വെള്ളിയാഴ്ച രാവിലെ പ്രതിയെ കസ്റ്റഡിയിലെടുത്തു. അറസ്റ്റ് രേഖപ്പെടുത്തി നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.