വെഞ്ഞാറമൂട്: കോടികള്‍ മുടക്കി മത്സ്യവിപണനത്തിനായി ആധുനിക രീതിയില്‍ നിർമിച്ച കെട്ടിടം ഉദ്ഘാടനം കഴിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍. നെല്ലനാട് പഞ്ചായത്ത് അധീനയിലുള്ള വെഞ്ഞാറമൂട് ചന്തയില്‍ മത്സ്യവിപണനത്തിനായി നിർമിച്ച കെട്ടിടമാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്ന് പ്രവര്‍ത്തിപ്പിക്കാതെ നശിക്കുന്നത്.
നൂറോളം പേര്‍ക്ക് മഴയും വെയിലുമേൽക്കാതെ കച്ചവടം ചെയ്യുന്നതിനും ഇതിലുമെത്രയെങ്കിലും ഇരട്ടി ആള്‍ക്കാര്‍ക്ക് സൗകര്യപ്രദമായി മത്സ്യം വാങ്ങാനും കഴിയുന്നതരത്തിലുള്ളതാണ് കെട്ടിടം. അധികം വരുന്ന മത്സ്യം കേടുകൂടാതെ സൂക്ഷിക്കുന്നതിനുള്ള ശീതീകരണ സംവിധാനവുമുണ്ടായിരുന്നു. 2.25 കോടി രൂപയായിരുന്നു അടങ്കല്‍ തുക. 2016ല്‍ ആയിരുന്നു ഉദ്ഘാടനം. ഫിഷറീസ് വകുപ്പാണ് പദ്ധതി നടപ്പാക്കിയത്.
ജില്ലയിലെ പ്രധാന മത്സ്യ മൊത്തവിതരണ കേന്ദ്രമെന്ന് നിലയില്‍ ഗോവ, മഹാരാഷ്ട്ര., തൂത്തുക്കുടി, കർണാടക എന്നിവിടങ്ങില്‍നിന്ന് ജില്ലയിലെ അഞ്ചുതെങ്ങ്, മുതലപ്പൊഴി, മര്യനാട്, വിഴിഞ്ഞം, പുത്തന്‍തോപ്പ്, സെന്റ് ആന്‍ഡ്രൂസ്, വിഴിഞ്ഞം തുടങ്ങി തീരപ്രദേശങ്ങളില്‍നിന്നും നൂറുകണക്കിന് വാഹനങ്ങളാണ് മത്സ്യവുമായി ഇവിടെയെത്തിയിരുന്നത്.
മത്സ്യം എടുക്കാനായും നൂറ് കണക്കിന് ചെറുകിട കച്ചവടക്കാരും ഇവിടെ എത്തുമായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ കച്ചവടവും ഇവിടെ നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫിഷറീസ് വകുപ്പ് തീരദേശവികസന പദ്ധതിയില്‍ ഉൾപ്പെടുത്തി നെല്ലനാട് പോലെ മലയോര പ്രദേശത്തുള്ള സ്ഥലത്തെ ചന്തയില്‍ ഫണ്ട് വിനിയോഗത്തിന് തയാറായത്.
ഉദ്ഘാടനം കഴിഞ്ഞ് പദ്ധതി നടത്തിപ്പ് ചുമതല നെല്ലനാട് പഞ്ചായത്തിന് കൈമാറുകയും ചെയ്തു. എന്നാല്‍, പഞ്ചായത്ത് അധികൃതര്‍ സ്വന്തം അധീനയിലുള്ള സ്ഥലത്ത് ഫിഷറീസ് വകുപ്പ് കെട്ടിടം പണിത് വിട്ടുനൽകിയിട്ടും അത് തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട ഒരു നടപടിയും സ്വീകരിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.