വെഞ്ഞാറമൂട്: ഗതാഗതക്കുരുക്കിലമർന്ന വെഞ്ഞാറമൂട്ടിൽ വാഹനയാത്രികരും കാല്‍നടയാത്രക്കാരും കച്ചവടക്കാരും ഉൾപ്പെടെ വലിയൊരു വിഭാഗം ബുദ്ധിമുട്ടിൽ. പ്രശ്നപരിഹാരമായി ഉയര്‍ന്ന മേൽപാലവും റിങ് റോഡുകളും അനിശ്ചിതത്വത്തിലായി. എം.സി റോഡില്‍ കൊട്ടാരക്കരക്കും തിരുവനന്തപുരത്തിനും ഇടയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്കുള്ള സ്ഥലമായി ഇവിടം മാറിയിട്ട് വര്‍ഷങ്ങളായി.
ഇതുവഴി കടന്നുപോകുന്ന ആംബുലന്‍സ് ഉൾപ്പെടെയുള്ള വാഹനങ്ങൾ അരമണിക്കൂറിലേറെയെങ്കിലും ഗതാഗതക്കുരുക്കിലകപ്പെടുകയാണ്. തിരുവനന്തപുരത്തുനിന്നുവരുന്നവയും തിരുവനന്തപുരത്തേക്ക് പോകുന്നവയുമായ വാഹനങ്ങളുടെ നീണ്ടനിര മിക്കപ്പോഴും നിത്യകാഴ്ചയായി.
പ്രധാനറോഡിലെ കുരുക്കിന്റെ പ്രതിഫലനം ഉപറോഡുകളായ വെഞ്ഞാറമൂട്-ആറ്റിങ്ങല്‍ റോഡിനെയും വെഞ്ഞാറമൂട്-നെടുമങ്ങാട് റോഡിനെയും കൂടി ബാധിക്കുന്നതോടെ വെഞ്ഞാറമൂട് കവല അക്ഷരാര്ത്തില് കുരുക്കിലാണ്.
പ്രശ്നപരിഹാരമായി വെഞ്ഞാറമൂട്ടില്‍ മേൽപാലം, റിങ് റോഡ് എന്നിവക്കുള്ള ശ്രമങ്ങളും ആരംഭിച്ചു. 2018 ജൂണ്‍ 18ന് അന്നത്തെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ജി. സുധാകരന്റെ അധ്യക്ഷതയില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗത്തിൽ സാധ്യതാപഠനത്തിന് തീരുമാനിക്കുകയായിരുന്നു.
ഉദ്യോഗസ്ഥര്‍ അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടർന്ന് ആഗസ്റ്റ് 19ന് ചേര്‍ന്ന കിഫ്ബി എക്സിക്യൂട്ടിവ് കമ്മിറ്റി മേല്പാലനിര്മാണം അംഗീകരിച്ചു. എന്നാൽ 25.03 കോടി അടങ്കലില്‍ കരാറിലേര്‍പ്പെട്ട കമ്പനി പണി നിശ്ചിതസമയത്തിനുള്ളില്‍ ആരംഭിച്ചില്ല. ഇതോടെ വീണ്ടും ടെൻഡര്‍ ക്ഷണിച്ച് 26.71 കോടി രൂപക്ക് കരാര്‍ എടുത്ത മറ്റൊരു കമ്പനിയും പണി ആരംഭിക്കാത്തതും സര്‍ക്കാറിന്റെ സാമ്പത്തികപ്രതിസന്ധിയും ചേർന്ന് പണി അനിശ്ചതത്വത്തിലാക്കി.
ഇതിനിടയില്‍ വാട്ടര്‍ അതോറിറ്റി പൈപ്പിടാന്‍ എടുത്ത കുഴി ഭാഗികമായി നികത്തിയെങ്കിലും ശേഷിച്ച മണ്ണ് കുന്നുകൂടിക്കിടന്ന് മഴയില്‍ കുതിര്‍ന്ന് വാഹനങ്ങളുടെ ടയര്‍ കയറി റോഡ് വശങ്ങള് ചളിക്കളമായി കാല്‍നടയാത്ര ബുദ്ധിമുട്ടിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.