കൽപറ്റ: കോവിഡ് മഹാമാരിയെത്തുടർന്ന് വിദ്യാലയങ്ങൾക്ക് താഴുവീണപ്പോൾ പഠനം ഓൺലൈനായെങ്കിലും ഇത്തവണ ജില്ലയിൽ 1144 കുട്ടികൾക്ക് ഒരുതരത്തിലുള്ള ഡിജിറ്റൽ പഠനമാർഗങ്ങളുമില്ലെന്ന് പ്രാഥമിക കണക്ക്. അതേസമയം, ഒന്ന് അഞ്ച്, എട്ട് ക്ലാസുകളിേലക്കുള്ള പ്രവേശനം പൂർണമാവാത്തതിനാൽ ഈ എണ്ണത്തിൽ വർധനയുണ്ടാവാൻ സാധ്യതയുണ്ട്.
കോവിഡ് പ്രതിസന്ധിക്കിടയിൽ ഓൺലൈനായി ടി.സി വാങ്ങി ഉയർന്ന ക്ലാസുകളിൽ പ്രവേശനം നേടാൻ ആദിവാസി വിഭാഗങ്ങളിലേതടക്കം പല കുട്ടികൾക്കും കഴിഞ്ഞിട്ടില്ല. പ്രവേശന നടപടികൾ പൂർത്തിയായ ശേഷമുള്ള കണക്കെടുപ്പിലാണ് പഠനസൗകര്യമില്ലാത്തവരുടെ പൂർണമായ കണക്ക് ലഭ്യമാവുക. ജില്ലയിലെ 241 ഗോത്രബന്ധു അധ്യാപികമാരിലൂടെ ആദിവാസി വിദ്യാർഥികളുടെ സ്കൂൾ പ്രവേശനവും സൗകര്യങ്ങളുമടക്കം ഉറപ്പുവരുത്താൻ ബി.ആർ.സികളുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്.
സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ)യുടെ നിർദേശ പ്രകാരം േബ്ലാക്ക് റിസോഴ്സ് സെൻററുകളുടെ (ബി.ആർ.സി) നേതൃത്വത്തിൽ വിദ്യാലയങ്ങളിലെ അധ്യാപകർ നടത്തിയ കണക്കെടുപ്പിലാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കുചേരാൻ സ്മാർട് ടി.വി, െമാബൈൽ ഫോൺ, ടാബ്, കമ്പ്യൂട്ടർ തുടങ്ങിയ സൗകര്യങ്ങളില്ലാത്ത ആയിരത്തിലധികം കുട്ടികളുണ്ടെന്ന് കണ്ടെത്തിയത്. ക്ലാസ് അധ്യാപകർ കുട്ടികളുമായോ രക്ഷിതാക്കളുമായോ ബന്ധപ്പെട്ട് വിവരങ്ങൾ ആരാഞ്ഞ് റിപ്പോർട്ട് ചെയ്യാനാണ് എസ്.എസ്.കെ നിർദേശം നൽകിയിരുന്നത്.
ജില്ലയിലെ മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി ബി.ആർ.സികളുടെ പരിധിയിലുള്ള ഒന്നുമുതൽ 12ാം ക്ലാസുവരെയുള്ള 1,05,139 കുട്ടികളിൽ 93,728 പേർക്ക് വീടുകളിൽ ഓൺലൈൻ പഠന സൗകര്യമുണ്ട്. 10,267 വിദ്യാർഥികൾക്ക് വീടുകളിൽ ഓൺലൈൻ പഠനസൗകര്യമില്ലെങ്കിലും വായനശാല പോലുള്ള പൊതുപഠന കേന്ദ്രങ്ങളിലെത്തി ക്ലാസുകളിൽ സംബന്ധിക്കാൻ കഴിയും.
നിലവിൽ ഒരുതരത്തിലുള്ള ഡിജിറ്റൽ പഠനോപാധിയുമില്ലാത്ത കുട്ടികൾ കൂടുതലുള്ളത് മാനന്തവാടി ബി.ആർ.സി പരിധിയിലാണ്. സുൽത്താൻ ബത്തേരി ബി.ആർ.സി പരിധിയിൽ 430 പേർക്ക് സൗകര്യമില്ല.
ജില്ലയിൽ ആദിവാസി വിഭാഗങ്ങൾ കൂടുതലായുള്ളത് ഈ പ്രദേശങ്ങളിലാണ്. തോട്ടം മേഖലകൾ ഏറെയുള്ള വൈത്തിരി ബി.ആർ.സിക്ക് കീഴിൽ 186 കുട്ടികൾ ഓൺൈലൻ ക്ലാസിെൻറ പരിധിക്ക് പുറത്താണ്. കഴിഞ്ഞ വർഷം എസ്.എസ്.കെ നടത്തിയ സർവേയിൽ കമ്പ്യൂട്ടറും ഇൻറർനെറ്റും ടി.വിയും സ്മാർട് ഫോണും ഇല്ലാത്ത 8000 വിദ്യാർഥികളുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഈ അധ്യയന വർഷം എല്ലാവർക്കും ഓൺലൈൻ പഠന സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് എസ്.എസ്.കെ സംസ്ഥാനതലത്തിൽ കണക്കെടുപ്പ് നടത്തിയത്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, പഠനമാർഗമില്ലാത്ത കുട്ടികൾക്ക് ആവശ്യമായ ഉപകരണങ്ങൾ ലഭ്യമാക്കാനും ബദൽ സൗകര്യങ്ങൾ ഒരുക്കാനും തദ്ദേശ സ്ഥാപനങ്ങൾ, വ്യക്തികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെയൊക്കെ സഹായത്തോടെ അധികൃതർ തയാറാവും.
ജില്ലയിലെ സ്കൂൾ വിദ്യാർഥികളുടെ ഓൺലൈൻ പഠന സൗകര്യങ്ങൾ വിലയിരുത്താനും കർമപദ്ധതി തയാറാക്കാനും ജില്ല പഞ്ചായത്ത് പ്രസിഡൻറ് സംഷാദ് മരക്കാറുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയും ഓൺലൈൻ യോഗം ചേർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.