കൽപറ്റ: സർക്കാർ കണക്കുകൾപ്രകാരം ജില്ലയിൽ ജൂലൈയിൽ കോവിഡ് ബാധിച്ച് മരിച്ചത് 61 പേർ. ജൂലൈ ഒന്നിനാണ് ഏറ്റവും കൂടുതൽ പേർ മരിച്ചത്. അന്ന് ഏഴുപേരാണ് കോവിഡിന് കീഴടങ്ങിയത്. 26ന് ആറുപേരും 27നും 28നും അഞ്ചുപേർ വീതവും കോവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽപേർക്ക് കോവിഡ് സ്ഥിരീകരിച്ചത് 29നാണ്. അന്ന് 693 പേരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സയിലായത്.
അതേസമയം, ജൂണിൽ 57 പേെരയാണ് കോവിഡ് തട്ടിയെടുത്തത്. ജൂൺ മൂന്നിന് മാത്രം 10 പേർ മരണത്തിന് കീഴടങ്ങി. 19ന് ആറുപേരും കോവിഡ് ബാധിച്ച് മരിച്ചു. കോവിഡ് ബാധിച്ച് ഇതുവരെ 282 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്.
263 പേര്‍ക്ക് കോവിഡ്
കൽപറ്റ: ജില്ലയില്‍ തിങ്കളാഴ്ച 263 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്. രേണുക അറിയിച്ചു. 237 പേര് രോഗമുക്തി നേടി. രോഗസ്ഥിരീകരണ നിരക്ക് 7.64 ആണ്. എല്ലാവര്ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 78,172 ആയി. 71,667 പേര് ഇതുവരെ രോഗമുക്തരായി. നിലവില്‍ 5921 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 4493 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.
രോഗം സ്ഥിരീകരിച്ചവര്‍
പടിഞ്ഞാറത്തറ 54, പൊഴുതന 29, തിരുനെല്ലി 18, മാനന്തവാടി, ബത്തേരി 16 വീതം, നെന്മേനി 13, മുട്ടില്‍ 12, തൊണ്ടര്‍നാട് 10, കണിയാമ്പറ്റ ഒമ്പത്, എടവക, പൂതാടി, തവിഞ്ഞാല്‍ എട്ടുവീതം, കല്പറ്റ, മേപ്പാടി, മൂപ്പൈനാട് ഏഴുവീതം, കോട്ടത്തറ, വെങ്ങപ്പള്ളി, വൈത്തിരി ആറുവീതം, മീനങ്ങാടി അഞ്ച്, മുള്ളന്‍കൊല്ലി, തരിയോട് നാലുവീതം, പുല്പള്ളി, വെള്ളമുണ്ട മൂന്നുവീതം, നൂല്പുഴ രണ്ട്, അമ്പലവയല്‍ ഒരാള്‍ക്കും ഒരു മലപ്പുറം സ്വദേശിക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.
രോഗമുക്തി നേടിയവർ
ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 32 പേരും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 205 പേരുമാണ് രോഗമുക്തരായത്.
പുതുതായി നിരീക്ഷണത്തിലുള്ളവർ
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്ച പുതുതായി നിരീക്ഷണത്തിലായത് 1347 പേരാണ്. 272 പേര് നിരീക്ഷണകാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 15,585 പേര്. ഇന്നലെ പുതുതായി 67 പേര് ആശുപത്രിയില്‍ നിരീക്ഷണത്തിലായി. ജില്ലയില്‍നിന്ന് 876 സാമ്പിളാണ് തിങ്കളാഴ്ച പരിശോധനക്കയച്ചത്. ഇതുവരെ 6,06,648 സാമ്പിൾ അയച്ചതില്‍ 5,93,321 എണ്ണത്തിെൻറ ഫലം ലഭിച്ചു. 5,15,149 പേര് നെഗറ്റിവും 78,172 പേര് പോസിറ്റിവുമാണ്.
പൊലീസ് മേധാവി മേപ്പാടിയിൽ നിരീക്ഷണം നടത്തി
മേപ്പാടി: ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാർ മേപ്പാടി ടൗണിലെത്തി കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നുണ്ടോ എന്നതുസംബന്ധിച്ച് പരിശോധന നടത്തി. ധ്രുതകർമ സേന അംഗങ്ങളും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. വൈകീട്ട് മൂന്നുമണിയോടെ മേപ്പാടിയിലെത്തിയ അദ്ദേഹം ടൗണിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു. വാഹനങ്ങളിലെത്തിയവരെയും കടകളിൽ നിൽക്കുന്നവരെയും നിരീക്ഷിക്കുകയും നിയമലംഘനങ്ങളുണ്ടോയെന്ന പരിശോധന നടത്തുകയും ചെയ്തു.
ജില്ലയിൽ നാലു ലക്ഷം പേർ വാക്സിൻ സ്വീകരിച്ചു
മാനന്തവാടി: ജൂലൈ 23വരെ ജില്ലയില്‍ 4,06,814 പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിയമസഭയില്‍ പറഞ്ഞു. മാനന്തവാടി എം.എല്‍.എ ഒ.ആര്. കേളുവിെൻറ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. ജൂലൈ 23വരെ 1,78,865 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്കി. ഗോത്രവിഭാഗത്തില്‍പെട്ട 61,180 പേര്‍ക്ക് ആദ്യ ഡോസും 11,268 പേര്‍ക്ക് രണ്ടാം ഡോസും നല്കി. ആദിവാസിമേഖലയിലെ യോഗ്യരായ എല്ലാ ഗുണഭോക്താക്കള്‍ക്കും ചുരുങ്ങിയ സമയത്തിനുള്ളില്‍ കുത്തിവെപ്പ് നടത്തുന്നുവെന്ന് ഉറപ്പാക്കും. ഇതിനായി പ്രത്യേക വാക്സിന് കേന്ദ്രങ്ങള്‍ സംഘടിപ്പിച്ചുവരുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങുകള്‍ നടത്തുന്നതിന് അനുമതി വാങ്ങണം
കൽപറ്റ: വീടുകളിലോ മറ്റ് സ്ഥലങ്ങളിലോ ചടങ്ങുകള്‍ നടത്തുന്നതിന് പൊലീസിെൻറ മുൻകൂർ അനുമതി വാങ്ങണമെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. പൊലീസ് സ്റ്റേഷനില്‍ കൊടുക്കുന്ന അപേക്ഷയില്‍, ചടങ്ങുകളില്‍ പങ്കെടുക്കുന്നവരുടെ പേരുവിവരങ്ങള്‍ ഉൾപ്പെടെയാണ് അപേക്ഷിക്കേണ്ടത്. 20 ആളുകളില്‍ കൂടുതല്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ പാടില്ല. ചടങ്ങുകളില്‍ ഭക്ഷണം പാർസലായി കൊടുക്കേണ്ടതാണ്. നിർദേശം ലഘിക്കുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.
കോവിഡ് പ്രോട്ടോകോള്‍ ലംഘനം; 98 കേസുകള്‍
കൽപറ്റ: കോവിഡ് വ്യാപനം തടയുന്നതിെൻറ ഭാഗമായി ഏർപ്പെടുത്തിയ വിവിധ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘച്ചതിന് ജില്ലയില്‍ രണ്ട് ദിവസത്തിനിടെ 98 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. പൊതുയിടങ്ങളില്‍ ശരിയായവിധം മാസ്ക് ധരിക്കാത്തതിന് 500 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 604 പേർക്കെതിരെയും പിഴചുമത്തിയെന്നും ജില്ല പൊലീസ് മേധാവി അറിയിച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ച് പാർട്ടി യോഗം നടത്തിയതിന് കമ്പളക്കാട്ട് കേസെടുത്തു.
ഭക്ഷണമില്ല; കോവിഡ് രോഗികളുടെ കൂട്ടിരിപ്പുകാര്‍ പ്രതിഷേധത്തില്‍
മാനന്തവാടി: ജില്ല കോവിഡ് സെൻററായ ജില്ല ആശുപത്രിയില്‍ കോവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ കൂടെ സഹായത്തിന് നില്ക്കുന്ന ബന്ധുക്കള്‍ക്കുള്ള ഭക്ഷണം തടസ്സപ്പെട്ടതോടെ പ്രതിഷേധവുമായി രംഗത്ത്.
രണ്ടു ദിവസം മുമ്പുവരെ ഇവര്‍ക്ക് നല്കിപ്പോന്നിരുന്ന ഭക്ഷണം മുന്നറിയിപ്പില്ലാതെ നിര്‍ത്തലാക്കിയതോടെയാണ് കൂട്ടിരിപ്പുകാരായ 25 ഓളംപേര്‍ പ്രതിഷേധവുമായി രംഗത്തു വന്നത്. കോവിഡ് ബാധിച്ച് പരസഹായമില്ലാതെ കഴിയാന്‍ പറ്റാത്ത രോഗികള്‍ക്കൊപ്പമാണ് കൂട്ടിരിപ്പുകാരെ അനുവദിക്കുന്നത്. ഇവര്‍ വാര്‍ഡില്‍ പ്രവേശിച്ചാല്‍ പിന്നെ പുറത്തിറങ്ങാന്‍ അനുവാദമില്ല.
വെള്ളിയാഴ്ച വരെ ഇവര്‍ക്കുള്ള ഭക്ഷണവും ആശുപത്രി അധികൃതര്‍ എത്തിച്ചു നല്‍കിയിരുന്നു. എന്നാല്‍, രോഗികള്‍ക്കൊപ്പം കഴിയുന്നവര്‍ക്ക് ഭക്ഷണം നല്കാന് സര്‍ക്കാര്‍ ഫണ്ടില്ലെന്ന് കാണിച്ചാണ് ശനിയാഴ്ച മുതല്‍ ഇവര്‍ക്കുള്ള ഭക്ഷണം തടഞ്ഞത്. ഇതോടെ പ്രതിഷേധിച്ചവര്‍ക്ക് ആദ്യദിവസം മുനിസിപ്പാലിറ്റി വൈസ് ചെയര്മാന് പി.വി.എസ് മൂസ ഇടപെട്ട് ഭക്ഷണമെത്തിച്ചിരുന്നു.
തുടര്‍ന്നും ഭക്ഷണമെത്തിക്കുന്ന കാര്യത്തില്‍ തീരമാനമാവാത്തതിനെതുടര്ന്ന് തിങ്കളാഴ്ച കൂട്ടിരിപ്പുകാര്‍ രോഗികള്‍ക്കുള്ള ഭക്ഷണ വിതരണം തടസ്സപ്പെടുത്തി പ്രതിഷേധിച്ചതോടെ ആശുപത്രി അധികൃതര്‍ ചര്‍ച്ചക്കെത്തി.
മാനന്തവാടി മുനിസിപ്പല്‍ വൈസ് ചെയര്മാന് പി.വി.എസ്. മൂസ, മാനന്തവാടി പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ അബ്ദുല്‍ കരീം, ജില്ല ആശുപത്രി ആര്.എം.ഒ ഡോ. സക്കീര്‍, ബ്ലോക് പഞ്ചായത്ത് അംഗം അസീസ് വാളാട്, എ.എം. നിഷാന്ത്, സി.എച്ച്. സുഹൈര്‍, ഷംസീര്‍ അരണപ്പാറ, സമദ് പിലാക്കാവ് എന്നിവരുമായി നടത്തിയ ചര്‍ച്ചയില്‍ താല്‍ക്കാലികമായി രാവിലെയും രാത്രിയും, ഡബ്ല്യു.എം.ഒ ബാഫഖി ഹോമില്‍നിന്നും ഉച്ചക്ക് ജീവന് ജ്യോതിയില്നിന്നും ഭക്ഷണം നല്‍കാമെന്നും അവധികഴിഞ്ഞ് ആശുപത്രി സൂപ്രണ്ടെത്തിയ ശേഷം ബാക്കി കാര്യങ്ങളില്‍ തീരുമാനമെടുക്കാമെന്നും ധാരണയായി.
ഏഴു ജീവനക്കാർക്ക് കോവിഡ്; മേപ്പാടി പഞ്ചായത്ത് ഓഫിസ് പ്രവർത്തനം താളംതെറ്റി
മേപ്പാടി: ആകെയുള്ള 16 ജീവനക്കാരിൽ ഏഴുപേർ കോവിഡ് പോസിറ്റിവായി ചികിത്സയിലായതോടെ മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫിസ് പ്രവർത്തനം താളംതെറ്റി. പുതിയ കെട്ടിടങ്ങൾ, വീടുകൾ എന്നിവക്ക് പെർമിറ്റ് നൽകൽ, കെട്ടിടങ്ങൾക്ക് നമ്പർ ഇട്ടുകൊടുക്കൽ, വിവിധ ലൈസൻസുകൾ അനുവദിക്കൽ മുതലായ വിഭാഗങ്ങളിൽ ജീവനക്കാരുടെ കസേരകൾ ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച മുതൽ വിവിധ ഘട്ടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ജൂനിയർ സൂപ്രണ്ട്, ക്ലർക്ക്മാർ അടക്കമുള്ള ഏഴ് ജീവനക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചത്. സെക്ഷനിൽ ആളില്ലാതായതോടെ വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തുന്ന പലർക്കും നിരാശരായി മടങ്ങേണ്ടിവരുന്നു. ക്വാറൻറീൻ കഴിഞ്ഞിട്ടേ ജീവനക്കാർക്ക് ജോലിക്കെത്താൻ കഴിയൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.