ഗൂഡല്ലൂർ: കഞ്ചാവ് കച്ചവടത്തിനായി കള്ളനോട്ട് ബാങ്കിൽ നിക്ഷേപിച്ച ഗൂഡല്ലൂർ സ്വദേശിയെ ആന്ധ്ര പൊലീസ് പിടികൂടി. ഗൂഡല്ലൂർ വടവയലിലെ ബിജുവി(46)നെയാണ് ആന്ധ്രയിൽനിന്നെത്തിയ സ്പെഷൽ പൊലീസ് ടീം അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തുള്ള സ്വകാര്യ ബാങ്കിലെ എ.ടി.എമ്മിൽ 24,000 രൂപയുടെ കള്ളനോട്ടുകൾ ആരോ അടച്ചതായി ബാങ്ക് മാനേജർ നാരായണ ഷെഡ്ഡി എന്ന ഗോവിന്ദരാജ് വിശാഖപട്ടണം അനകപ്പള്ളി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക അന്വേഷണത്തിന് രൂപം നൽകിയ വിശാഖപട്ടണം പൊലീസ് എ.ടി.എം വഴി പണമിടപാട് നടത്തിയ ബാങ്ക് അക്കൗണ്ട് പരിശോധിച്ച് ഫെബ്രുവരി 12ന് രാവിലെ 11 മണിക്ക് എ.ടി.എമ്മിൽ പണമിടപാട് നടത്തിയതായി കണ്ടെത്തി. പണം ഏത് അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചതെന്ന് പരിശോധിച്ച് വിലാസക്കാരനെ കണ്ടെത്തിയ പൊലീസ് വിശാഖപട്ടണം ജില്ലയിലെ കുമ്മാടി നിരഞ്ജന്റെ അക്കൗണ്ട് ആണെന്നും കണ്ടെത്തി.
ഇയാളെയും ഇയാളുടെ സഹായി കരടി രാമുവിനെയും കണ്ടെത്തി ചോദ്യം ചെയ്യുകയും 50,000 രൂപയുടെ കള്ളനോട്ട് പിടിച്ചെടുക്കുകയും ചെയ്തു. ഇവരുമായി കഞ്ചാവ് കച്ചവടം നടത്താറുള്ള ബിജു കൈമാറുന്നതും കള്ളപ്പണം ആണെന്നും പരിശോധനയിൽ കണ്ടെത്തിയതിനെ തുടർന്നാണ് വിശാഖപട്ടണം പൊലീസ് ഗൂഡല്ലൂരിലെത്തി ഗൂഡല്ലൂർ പൊലീസിന്റെ സഹായത്തോടെ ബിജുവിനെ പിടികൂടിയത്. കഴിഞ്ഞ വർഷം 20 കിലോ കഞ്ചാവുമായി കോഴിക്കോട് പൊലീസിന്റെ പിടിയിലായ ബിജു ഈയടുത്താണ് ജാമ്യത്തിലിറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.