ഗൂഡല്ലൂർ: സബ് രജിസ്റ്റർ ഓഫിസിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ട ആധാരങ്ങളിൽ ആയിരത്തോളം ആധാരങ്ങൾ അസാധുവാണെന്ന് ലീഗൽ ഫോറം ഫോർ റൈറ്റ്സ് ഓഫ് പ്രോപ്പർട്ടി ഭാരവാഹികൾ വെളിപ്പെടുത്തി. കഴിഞ്ഞ നാലഞ്ച് വർഷത്തോളമായി ടി. സി. പി നിയമത്തിന്റെ (ടൗൺ ആൻഡ് കൺട്രി പ്ലാനിങ് റൂൾസ്) പേരിൽ നടന്നുവരുന്ന ആശയക്കുഴപ്പത്തിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു ഗുരുതരമായ പ്രശ്നം ഉയർന്നു വന്നിട്ടുള്ളത്.
2016ൽ ചെന്നൈ ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിൽ, കൃഷിഭൂമികൾ ലേഔട്ട്കളായി മുറിച്ചു വിൽക്കുന്നതിന് ഡയറക്ടറേറ്റ് ഓഫ് ടൗൺ ആൻഡ് കൺട്രി പ്ലാനിങ് വകുപ്പിന്റെ അപ്രൂവൽ വാങ്ങണം എന്ന് നിയമം കർക്കശമാക്കി. തുടർന്ന് ഇത്തരത്തിൽ അപ്രൂവൽ ഇല്ലാതെ സൈറ്റുകളായി മുറിച്ചു വിൽക്കപ്പെടുന്ന ഭൂമികൾ രജിസ്ട്രേഷൻ നടത്തരുതെന്ന് കർശനമായ നിർദേശം രജിസ്ട്രേഷൻ വകുപ്പിന് നൽകി.
ഈ സാഹചര്യത്തിൽ സാധാരണക്കാരുടെ 10 സെന്റ് 20 സെന്റ് 50 സെന്റ് തുടങ്ങിയ വിസ്തീർണങ്ങൾ ഉള്ള ഭൂമികൾ മുറിച്ചു വിൽക്കുന്നതിന് ഡി.ടി.സി.പി അപ്രൂവൽ ആവശ്യമില്ല എന്ന് മനസ്സിലാക്കിയ പല സബ് രജിസ്ട്രാറുകളും ചെറുകിട ഭൂമികൾ മുറിച്ചു വിൽക്കുന്നത് രജിസ്ട്രേഷൻ ചെയ്തിരുന്നു.
ഈ സാഹചര്യത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഓഡിറ്റിങ് സെക്ഷനിലെ ഉയർന്ന ഉദ്യോഗസ്ഥർ നീലഗിരി ജില്ലയിലെ രജിസ്ട്രേഷൻ ഓഫിസുകളിൽ പരിശോധന നടത്തുകയും ഇത്തരത്തിൽ മുറിച്ചു വില്പന നടത്തിയ ചെറുകിടക്കാരുടെ സ്ഥലങ്ങൾക്കും ഡി.ടി.സി.പി നിയമം ബാധകമാണ് എന്ന് വരുത്തിത്തീർത്ത് ഈ ഉത്തരവ് പുറപ്പെടുവിച്ച 2016 ഒക്ടോബർ 20 ന് ശേഷം രജിസ്റ്റർ ചെയ്ത എല്ല ആധാരങ്ങളും അസാധുവാണെന്ന് റിപ്പോർട്ട് നൽകി.
ഇത്തരത്തിൽ ആയിരത്തോളം ആധാരങ്ങളാണ് ഗൂഡല്ലൂർ സബ് രജിസ്ട്രാർ ഓഫിസിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ ആധാരങ്ങളിൽപെട്ട സ്ഥലങ്ങൾ വീണ്ടും മറിച്ചുവിൽക്കാനായി ജനങ്ങൾ രജിസ്ട്രാറെ സമീപിച്ചപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ കഴിയില്ല എന്ന് പറഞ്ഞ് തിരിച്ചയക്കും.
ഈ വിഷയത്തെക്കുറിച്ച് മുഖ്യമന്ത്രിയുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഏതാനും ദിവസം മുമ്പ് നീലഗിരി ജില്ല രജിസ്ട്രാർ ഗൂഡല്ലൂരിൽ വന്ന് മണ്ഡലം എം.എൽ.എയുടെ ഓഫിസിൽ വെച്ച് പൊതുജനങ്ങളുടെയും ലീഗൽ ഫോറം ഭാരവാഹികളുടെയും സാന്നിധ്യത്തിൽ നടത്തിയ വിശദീകരണ യോഗത്തിൽ ഗൂഡല്ലൂർ സബ് രജിസ്ട്രാർ ഓഫിസിൽ ഇത്തരത്തിൽ രജിസ്റ്റർ ചെയ്ത ആയിരത്തോളം ആധാരങ്ങൾ അസാധുവാണെന്ന് വ്യക്തമാക്കി. ഇത് അറിയാതെ ഭൂമി വിൽക്കാൻ ശ്രമിച്ച് പലരും ഇപ്പോൾ രജിസ്ട്രേഷൻ ചെയ്യാൻ കഴിയാതെ നെട്ടോട്ടമോടുകയാണ്.
നേരത്തെ ടി.എൻ.പി.എഫ് ആക്ടിന്റെ പേരിൽ കഴിഞ്ഞ 13 വർഷങ്ങളായി ഭൂമി ക്രയവിക്രയം നടത്താനാവാതെ പ്രയാസപ്പെടുകയാെണന്ന്. ഫോറം ഭാരവാഹികളായ പ്രസിഡന്റ് ഇബ്നു, സെക്രട്ടറി അഡ്വ. സൈനുൽ ബാബു, കൻവീനർ അഹമ്മദ് യാസീൻ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.