ഗൂഡല്ലൂർ: മഞ്ഞുവീഴ്ച മൂലം പാൽ ഉൽപാദനം കുറഞ്ഞതോടെ ആവിൻ കമ്പനി കോയമ്പത്തൂരിൽനിന്ന് പാൽ സംഭരിച്ച് നീലഗിരിയിൽ വിതരണം ചെയ്യുന്നു. കോയമ്പത്തൂർ ജില്ലയിൽനിന്ന് പ്രതിദിനം 9500 ലിറ്റർ സംസ്കരിച്ച പാൽ വാങ്ങി നീലഗിരി ജില്ലയിൽ വിൽപന നടത്താനാണ് പദ്ധതി.
ഊട്ടിയിലാണ് ആവിൻ കമ്പനി പ്രവർത്തിക്കുന്നത്. വർഷങ്ങളായി ആവിൻ കമ്പനിക്ക് ധാരാളം ക്ഷീരകർഷകർ വലിയ അളവിൽ പാൽ നൽകിയിരുന്നു. പ്രതിദിനം 11,000 ലിറ്റർ പാലാണ് സംഭരിച്ചിരുന്നത്. എന്നാൽ, ദിവസം ചെല്ലുന്തോറും കർഷകരുടെയും പശുക്കളുടെയും എണ്ണം കുറഞ്ഞുവരുകയാണ്.
രണ്ട് മാസമായി നീലഗിരി ജില്ലയിൽ കനത്ത മഞ്ഞുവീഴ്ചയാണ്. പുല്ലും മേച്ചിൽ സ്ഥലങ്ങളും ഉണങ്ങി. ഇതോടെ പശുക്കൾക്ക് തീറ്റ കുറഞ്ഞതിനാൽ പാൽ ഉൽപാദനവും ഇടിഞ്ഞു.10,000 ലിറ്റർ പാലാണ് ഇപ്പോൾ സംഭരിക്കുന്നത്. ജില്ലയിൽ 19,500 ലിറ്റർ പാലാണ് വിതരണം ചെയ്യേണ്ടത്.
പാൽ സംഭരണം കുറഞ്ഞതിനാൽ നിലവിൽ പ്രതിദിനം 9500 ലിറ്റർ പാലാണ് കോയമ്പത്തൂർ ആവിൻ കമ്പനിയിൽനിന്ന് സംഭരിച്ച് നീലഗിരി ജില്ലയിൽ വിൽപന നടത്തുന്നത്. വേനൽക്കാലത്ത് ആവശ്യത്തിന് ഭക്ഷണവും വെള്ളവും കാലിത്തീറ്റയും ലഭിക്കാത്തതിനാൽ പാൽ ഉൽപാദനം ഇനിയും കുറയാൻ സാധ്യതയുണ്ട്.
ഗ്രാമീണ എസ്റ്റേറ്റ് മേഖലകളിൽ ആടിനെയും പശുവിനെയും മേയ്ക്കാൻ വനംവകുപ്പ് നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. വന്യമൃഗ ആക്രമണത്തിൽ കറവപ്പശുക്കളടക്കം കൊല്ലപ്പെടുന്നതിനാൽ ക്ഷീരകർഷകർ ഈമേഖലയിൽനിന്ന് വിട്ടുനിൽക്കാൻ തയാറെടുക്കുന്ന സാഹചര്യവുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.