കല്പറ്റ: മുസ്ലിംലീഗ് വയനാട് ജില്ലാകമ്മിറ്റിക്കെതിരെ സാമ്പത്തിക തിരിമറിയും വിഭാഗീയതയും ആരോപിച്ച് ജില്ല നേതാവ് രംഗത്ത്. ഇതുസംബന്ധിച്ച് മുസ്ലിം ലീഗ് ജില്ല പ്രവര്‍ത്തക സമിതി അംഗവും തോട്ടം തൊഴിലാളി ഫെഡറേഷന് സംസ്ഥാന വൈസ് പ്രസിഡൻറുമായ സി. മമ്മി സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് നല്കിയ കത്ത് പുറത്തായി.
കെ.എം.സി.സി വഴി സമാഹരിച്ച വന്‍ തുകയുടെ വിതരണത്തില്‍ ക്രമക്കേട് നടത്തിയതായും പാര്‍ട്ടിയില്‍ കടുത്ത വിഭാഗീയത ഉള്ളതായും കത്തില്‍ പറയുന്നു. 2018, 19 വര്‍ഷങ്ങളിലെ പ്രളയത്തില്‍ കടുത്ത കെടുതികളും ദുരന്തങ്ങളും ഏറ്റുവാങ്ങിയ പൊഴുതനയിലെ ദുരന്തബാധിതരെ സഹായിക്കാൻ കെ.എം.സി.സി മുഖാന്തരം സമാഹരിച്ച വലിയതോതിലുള്ള ഫണ്ട് നാമമാത്രമായാണ് വിതരണം ചെയ്തത്. ബാക്കി ഭീമമായ സംഖ്യ നേതൃത്വത്തിലുള്ള ചുരുക്കം ചില ആളുകള്‍ വെട്ടിപ്പുനടത്തി കൈപ്പറ്റുകയാണുണ്ടായതെന്ന് കത്തിൽ സി. മമ്മി ആരോപിച്ചു.
മുസ്ലിം ലീഗ് ജില്ലയില്‍ നടത്തുന്ന അനാഥ-അഗതി മന്ദിരത്തിെൻറ മറവിലും നിയമനങ്ങളുടെ പേരിലും റമദാനിൽ ജില്ലയിലെ സമസ്തയുടെ കീഴിലെ മഹല്ലുകള്‍ക്ക് യത്തീംഖാന വിതരണം ചെയ്യുന്ന സകാത്ത് പണം തിരിമറി നടത്തിയതിലൂടെയും പൊഴുതന പഞ്ചായത്ത് മുസ്ലിംലീഗ് നേതൃത്വവും ജില്ല നേതൃത്വവും വലിയ രീതിയിലുള്ള കൊള്ളയാണ് നടത്തിവരുന്നത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിനിര്‍ണയ തര്‍ക്കങ്ങള്‍ പലപ്പോഴും തെരുവ് സംഘട്ടനങ്ങളായി. ജില്ല കമ്മിറ്റി നിശ്ചയിച്ച അഡ്ഹോക്ക് കമ്മിറ്റി കണ്‍വീനര്‍ യഹ്യാ ഖാന് തലക്കല്‍ ഒരു വിഭാഗത്തിെൻറ മാത്രം വാദമുഖങ്ങള്‍ കേട്ട് തീരുമാനമെടുത്തു. പഞ്ചായത്ത് ലീഗില്‍ വന്‍ പൊട്ടിത്തെറിയിലെത്തിനില്ക്കുന്ന പ്രശ്നങ്ങളില്‍ പക്ഷപാതരഹിതമായി ഇടപെടാനോ പ്രശ്നം പരിഹരിക്കാനോ ശ്രമിക്കേണ്ട ജില്ല നേതൃത്വം നിസ്സാഹായാവസ്ഥയിലാണെന്നും സി. മമ്മി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.