എൻ.ഡി. അപ്പച്ചൻ

വയനാട് ജില്ലയിൽ കോൺഗ്രസിനെ ഇനി അപ്പച്ചൻ നയിക്കും

കൽപറ്റ: അനുഭവസമ്പത്തും വ്യക്​തിപ്രഭാവവുമായി വയനാട്ടിലെ കോൺഗ്രസിനെ ഇനി എൻ.ഡി. അപ്പച്ചൻ നയിക്കും. ജില്ലയിൽ കോൺഗ്രസി​െൻറ വേദികളിൽ സജീവമായ മുൻ എം.എൽ.എയുടെ നേതൃത്വം കോൺഗ്രസിന്​ മുതൽക്കൂട്ടാവുമെന്നാണ്​ വിലയിരുത്തൽ. നിലവിൽ കെ.പി.സി.സി അംഗവും യു.ഡി.എഫ്​ ജില്ല കൺവീനറുമായി പ്രവർത്തിക്കുന്നതിനിടെയാണ്​ ഡി.സി.സി പ്രസിഡൻറാവുന്നത്​. നേതൃപാടവവും മുതിർന്ന നേതാക്കളുമായുള്ള ബന്ധവും ആരോപണങ്ങൾക്ക് വിധേയമാകാത്ത വ്യക്​തിത്വവുമാണ്​ രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ അപ്പച്ചനെ പാർട്ടിയുടെ അമരത്തെത്തിച്ച പ്രധാന ഘടകങ്ങൾ.​

1970ലാണ് പൊതുപ്രവര്‍ത്തനരംഗത്തേക്ക് എത്തുന്നത്. '72ല്‍ വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടറിയായി ആദ്യമായി പാര്‍ട്ടിയുടെ ഔദ്യോഗിക പദവിയിൽ. '73ല്‍ മുട്ടില്‍ മണ്ഡലം പ്രസിഡൻറായി. കല്‍പറ്റ ബ്ലോക്ക്​​ കോണ്‍ഗ്രസ് കമ്മിറ്റി ട്രഷറര്‍, മുട്ടില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്​, കൽപറ്റ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡൻറ്, ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം, ഡി.സി.സി ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. 1991ല്‍ ജില്ലയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ഡി.സി.സി പ്രസിഡൻറായി. 2004വരെ ഡി.സി.സി പ്രസിഡൻറ്​ സ്ഥാനത്തിനൊപ്പം ജില്ല യു.ഡി.എഫ് ചെയര്‍മാന്‍ പദവിയും വഹിച്ചു. 2004 മുതല്‍ 2020വരെ കെ.പി.സി.സി എക്‌സിക്യൂട്ടിവ് അംഗവും 2020 മുതല്‍ കെ.പി.സി.സി അംഗവുമാണ്. 2017 മുതല്‍ ജില്ല യു.ഡി.എഫ് കണ്‍വീനറാണ്​.

തദ്ദേശ സ്വയംഭരണ സ്ഥാപനം മുതല്‍ നിയമസഭ സാമാജികന്‍ വരെയുള്ള വിവിധ സ്ഥാനങ്ങളും എന്‍.ഡി. അപ്പച്ചന്‍ അലങ്കരിച്ചിട്ടുണ്ട്. 1979 മുതല്‍ 1984വരെ മുട്ടില്‍ പഞ്ചായത്ത് അംഗമായിരുന്നു. '87 മുതല്‍ '92വരെ മുട്ടില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി. '95 മുതല്‍ 2000വരെ വയനാട് ജില്ല പഞ്ചായത്ത് പ്രസിഡൻറായി. 2001 മുതല്‍ 2006 കാലഘട്ടത്തില്‍ ബത്തേരി നിയോജകമണ്ഡലം എം.എല്‍.എ, 2013-2016 വരെ മലയോരവികസന ഏജന്‍സിയുടെ വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങളും വഹിച്ചു.

1992 മുതല്‍ മാനന്തവാടി കാത്തോലിക്ക രൂപതയുടെ പാസ്ട്രല്‍ കൗണ്‍സില്‍ മെംബറാണ് ഈ കാക്കവയൽ സ്വദേശി. നെല്ലിനില്‍ക്കുംതടത്തില്‍ പരേതരായ എന്‍.ഡി. ദേവസ്യയുടെയും അന്നമ്മയുടെയും 10 മക്കളില്‍ രണ്ടാമനാണ്. ഭാര്യ: ട്രീസ. മക്കള്‍: ബിജു, ഷിജു, റിജു.


Tags:    
News Summary - Appachan will now lead the Congress in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.