മുട്ടിൽ: ലോകം കാൽപന്താവേശത്തിലമരുമ്പോൾ ഇവിടെ ഒരു കൂട്ടം സുഹൃത്തുക്കൾ പ്രിയകൂട്ടുകാരന്റെ കട്ടൗട്ടുകളുയർത്തുകയാണ്. അതിൽ അർജന്റീനയെന്നോ ബ്രസീലെന്നോ ഇംഗ്ലണ്ടെന്നോയുള്ള വേർതിരിവുകളില്ല. മുട്ടിൽ മണ്ടാടിലെ യുവാക്കളിൽ ഫുട്ബാളിന്റെ ആവേശത്തെ ആവാഹിച്ച, അകാലത്തിൽ വിടപറഞ്ഞ എൽസനുവേണ്ടിയാണ് ഇത്തവണ ഇവർ ആരവമുയർത്തുന്നത്. എല്ലാവരും മെസിയുടെയും നെയ്മറുടെയും റൊണാൾഡോയുടെയുമൊക്കെ കൂറ്റൻ കട്ടൗട്ടുകളൊരുക്കുമ്പോൾ മൂന്നു വർഷം മുമ്പ് വിടപറഞ്ഞ ആത്മസുഹൃത്തായ എൽസന്റെ കൂറ്റൻ ഫ്ലക്സ് ഒരുക്കിയാണ് മുട്ടിൽ മണ്ടാടിലെ ചെറുപ്പക്കാർ കളിയാവേശം തീർക്കുന്നത്. അർജൻറീനൻ ആരാധകനും ഫുട്ബാൾ താരവുമായ എൽസനുവേണ്ടി ഇത്തവണ അർജന്റീനയും മെസിയും കപ്പുയർത്തുമെന്നാണ് കൂട്ടുകാർ പറയുന്നത്. 'എൽസാ... ഇനിയാണ് കളി.. നീ അവിടെ തകർക്ക്... ഞങ്ങളിവിടെ തകർക്കാം...' എന്നെഴുതിയ കട്ടൗട്ടിന് മുന്നിൽ ബ്രസീൽ, അർജൻറീന, ഇംഗ്ലണ്ട് ആരാധകരെല്ലാം ഒരേ മനസ്സിൽ ഇവിടെ ജയ് വിളിക്കുകയാണ്. പത്തടി നീളവും നാലടി വീതിയുമുള്ള അർജന്റീനയുടെ ജഴ്സി അണിഞ്ഞുനിൽക്കുന്ന എൽസന്റെ ചിത്രമാണ് ഫ്ലക്സിലുള്ളത്. മെസിയുടെ വലിയ ആരാധകനായ എൽസൺ പത്താം നമ്പർ ജഴ്സിയാണ് അണിഞ്ഞിരിക്കുന്നത്.
2019 നവംബറിലാണ് സുൽത്താൻ ബത്തേരി ദൊട്ടപ്പൻകുളത്ത് ടർഫിൽ കളിച്ചുകൊണ്ടിരിക്കെ എൽസൺ കുഴഞ്ഞുവീണ് മരിച്ചത്. 26ാം വയസ്സിൽ പൊലിഞ്ഞുപോയെങ്കിലും പ്രദേശത്തെ ചെറുപ്പക്കാരിൽ ഫുട്ബാൾ ആവേശം നിറച്ച എൽസൺ കളി കാണാൻ കൂടെയുണ്ടെന്ന വിശ്വാസം എല്ലാവർക്കുമുണ്ട്. അങ്ങകലെ മറ്റൊരു ലോകത്ത് വാമോസ് അർജൻറീന എന്ന് ഉറക്കെ വിളിച്ച് കൂടെയുണ്ടാവുമെന്ന വിശ്വാസത്തിൽ പ്രിയ സുഹൃത്തിന്റെ മരിക്കാത്ത ഓർമകളിൽ മറ്റൊരു ഫുട്ബാൾ ലോകകപ്പിനെ വരവേൽക്കുകയാണ് മാണ്ടാടുകാർ. പ്രിയപ്പെട്ട കൂട്ടുകാരന്റെ ഓർമക്ക് ബ്രസീൽ ആരാധകരും ഫ്ലക്സ് ഉയർത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.