മാനന്തവാടി: ജനവാസ കേന്ദ്രങ്ങളിൽ കരടിയിറങ്ങിയതോടെ ഭീതിയിലായി നാട്ടുകാർ. മുട്ടങ്കര, വള്ളിയൂർക്കാവ്, ചെറ്റപ്പാലം, തോണിച്ചാൽ എന്നിവിടങ്ങളിലാണ് നാട്ടുകാർ കരടിയെ കണ്ടത്.
ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെയാണ് വള്ളിയൂർക്കാവ് ക്ഷേത്രത്തിനു സമീപത്തെ രണ്ടു വീടുകൾക്ക് പിറകിലായി കരടിയെ കണ്ടത്. പിന്നീട് റോഡരികിലൂടെ നടന്നുപോകുന്നതായി ഓട്ടോ ഡ്രൈവറും കണ്ടു. സംഭവമറിഞ്ഞ് മാനന്തവാടി എസ്.ഐ കെ.കെ. സോബിന്റെ നേതൃത്വത്തിൽ പൊലീസും തൃശ്ശിലേരി സെഷൻ ഫോറസ്റ്റർ രതീഷിന്റെ നേതൃത്വത്തിൽ വനപാലക സംഘവും പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിൽ സമീപ പ്രദേശങ്ങളായ അടിവാരം, ആറാട്ടുതറ, ഡിലേനി ഭവന് സമീപം, പടച്ചിക്കുന്ന് എന്നിവിടങ്ങളിലും കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഞായറാഴ്ച പുലർച്ച പയ്യമ്പള്ളി, മൂട്ടറക്കൊല്ലിയിലെ വീട്ടിലെ സി.സി.ടി.വിയിൽ കരടിയുടെ ദൃശ്യം പതിഞ്ഞിരുന്നു. ഇതേ കരടിയാണ് വള്ളിയൂർക്കാവിലുമെത്തിയതെന്ന നിഗമനത്തിലായിരുന്നു വനംവകുപ്പ്. രാത്രിയോടെ തിരച്ചിൽ നിർത്തുകയും ചെയ്തു.
തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് വള്ളിയൂർക്കാവിൽനിന്ന് കിലോമീറ്ററുകൾ മാറി തോണിച്ചാൽ കണ്ടകർണംകൊല്ലി റോഡിലെ വീട്ടിലെ സി.സി.ടി.വിയിൽ കരടിയുടെ വ്യക്തമായ ദൃശ്യങ്ങൾ ലഭിച്ചത്. സമീപത്തെ തോട്ടത്തിൽ കാൽപാടുകളും കണ്ടെത്തി. ഇതേത്തുടർന്ന് ബത്തേരിയിൽ നിന്നുള്ള ആർ.ആർ.ടി സംഘവും മാനന്തവാടി റേഞ്ച് ഓഫിസർ രമ്യ രാഘവന്റെ നേതൃത്വത്തിലുള്ള സംഘവും കരടിയുടെ സാന്നിധ്യം സ്ഥിരീകരിച്ച കുഴികണ്ടം വയലിലും സമീപപ്രദേശങ്ങളിലും തിരച്ചിൽ തുടരുകയാണ്. കരടിയെ പലസ്ഥലങ്ങളിലും കണ്ടതോടെ നാട്ടുകാർ ഭീതിയിലാണ്.
മുള്ളൻകൊല്ലി: പഞ്ചായത്തിലെ സീതാമൗണ്ടിലെ ജനവാസ കേന്ദ്രത്തിൽ കടുവയിറങ്ങി. കടുവയെ കണ്ടെത്തുന്നതിനായി രാവിലെ വനപാലകരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തി.
സീതാമൗണ്ട് സ്വദേശി തമ്പിയുടെ വീടിനോടു ചേർന്നാണ് കഴിഞ്ഞ ദിവസം രാത്രി കടുവയെ കണ്ടത്. സീതാമൗണ്ട് ടൗണിനോടു ചേർന്ന സ്ഥലമാണിത്. രാത്രി വീട്ടുകാർ പുറത്തിറങ്ങിയ സമയത്താണ് മാനിനെ ഓടിച്ച് വരുന്ന കടുവയെ കണ്ടത്. സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോയി. ചെതലയം റേഞ്ച് ഓഫിസർ അബ്ദുൽ സമദിന്റെ നേതൃത്വത്തിലുള്ള സംഘം കൃഷിയിടത്തിൽ തിരച്ചിൽ നടത്തി. കാടുമൂടിക്കിടക്കുന്ന തോട്ടങ്ങൾ കേന്ദ്രീകരിച്ചാണ് വന്യജീവികൾ വിഹരിക്കുന്നത്. അതേസമയം, പാടിച്ചിറയിൽ കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിച്ചിട്ടുണ്ട്. കടുവ കൊന്ന കാട്ടുപന്നിയുടെ അവശിഷ്ടമാണ് കൂട്ടിലുള്ളത്. ഇത് മാറ്റി ആടിനെയാക്കാൻ തീരുമാനിച്ചു. കടുവയുടെ സാന്നിധ്യം നിരന്തരമായുണ്ടാകുന്നത് ആളുകളെ ഭീതിയിലാക്കി.
മാനന്തവാടി: മെതിച്ച് ചാക്കിലാക്കി പാടത്ത് സൂക്ഷിച്ചുവെച്ച നെല്ല് കാട്ടാന നശിപ്പിച്ചു. ഒറ്റരാത്രികൊണ്ട് ഒരു വർഷത്തെ അധ്വാനത്തിന്റെ ഫലം നഷ്ടമായ വിഷമത്തിലാണ് കർഷക കുടുംബം. പയ്യമ്പള്ളി തഴുവകല്ലേൽ പീറ്ററിന്റെ നെൽകൃഷിയാണ് ഞായറാഴ്ച രാത്രി നശിപ്പിച്ചത്. 36 ചാക്കുകളിൽ സൂക്ഷിച്ച നെല്ലിൽ 10 ചാക്ക് മാത്രമാണ് അവശേഷിക്കുന്നത്. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി പീറ്റർ പറഞ്ഞു.
പാട്ടത്തിനെടുത്ത വയലിലാണ് ശബരി നെൽവിത്ത് ഉപയോഗിച്ച് കൃഷി ചെയ്തത്. ഞായറാഴ്ച വൈകീട്ട് ചാക്കിലാക്കി സൂക്ഷിച്ച നെല്ല് വീട്ടിലേക്ക് കൊണ്ടുപോകാനായി ട്രാക്ടർ വിളിച്ചെങ്കിലും വാഹനത്തിന്റെ ടയർ കുടുങ്ങി. ട്രാക്ടറിൽ കയറ്റാൻ കഴിയാത്തതിനാൽ നെല്ല് വയലിൽ തന്നെ മൂടിയിടുകയായിരുന്നു. ഇതാണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്. കൂടൽക്കടവ് വഴി വന്ന ആന സമീപത്തെ വാഴകളും നശിപ്പിച്ചിരുന്നു. രാവിലെയോടെ വനത്തിലേക്കുതന്നെ മടങ്ങി. വിവരമറിഞ്ഞ് വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തി. അർഹമായ നഷ്ടപരിഹാരം നൽകാൻ നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനൽകിയതായി പീറ്റർ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം മൂലം കൊയ്യാൻ വൈകിയതാണ് കർഷകന് തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.