മേപ്പാടി: തോട്ടം തൊഴിലാളികളുടെ ബോണസ് തുക എത്രയെന്ന് ഇപ്പോൾ നിശ്ചയിക്കുന്നത് മാനേജ്മെൻറുകൾ. ബോണസ് എത്ര ശതമാനം എന്നതു സംബന്ധിച്ച് തോട്ടമുടമകളുടെ പ്രതിനിധികളും ട്രേഡ് യൂനിയൻ പ്രതിനിധികളും തമ്മിൽ ചർച്ച നടത്തി ധാരണയിലെത്തുക എന്ന രീതി ഇല്ലാതായിട്ട് വർഷങ്ങളായെന്ന് യൂനിയൻ നേതാക്കൾ പറയുന്നു.
നോട്ട് നിരോധനം വന്നശേഷമാണ് ശമ്പളം തൊഴിലാളികളുടെ അക്കൗണ്ടിൽ നിക്ഷേപിക്കുന്ന രീതി നിലവിൽ വന്നത്. അതോടൊപ്പം മാനേജ്മെന്റുകൾ ഏകപക്ഷീയമായി നിശ്ചയിച്ച തുക ബോണസ് എന്ന നിലയിൽ തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കുന്ന രീതിയും നിലവിൽ വന്നു.
അപൂർവം ചില മാനേജ്മെന്റുകൾ മാത്രമാണ് ബോണസ് സംബന്ധിച്ച് യൂനിയനുകളുമായി ചർച്ച നടത്താറുള്ളു. എച്ച്.എം.എൽ കമ്പനിയാകട്ടെ നോട്ട് നിരോധനത്തിന് മുമ്പ് തന്നെ ഒരു ചർച്ചയുമില്ലാതെ 8.33 ശതമാനം മിനിമം ബോണസ് തൊഴിലാളികളുടെ അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കാൻ തുടങ്ങിയിരുന്നു. ഇപ്രാവശ്യവും അവർ സ്വയം നിശ്ചയിച്ച 9.33 ശതമാനം ബോണസ് തുക തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിൽ നേരിട്ട് നിക്ഷേപിക്കുകയാണുണ്ടായത്.
തൊഴിലാളി സംഘടനകൾ 20 ശതമാനം ബോണസ് ആവശ്യം മുന്നോട്ടു വെക്കാറുണ്ടെങ്കിലും തോട്ടം ഉടമകൾ അത് കേട്ടതായി നടിക്കാറില്ല. യൂനിയനുകൾക്ക് നിസ്സഹായരായി നോക്കി നിൽക്കാനെ കഴിയുന്നുള്ളു.
അക്കൗണ്ടിൽ നിക്ഷേപിക്കപ്പെട്ട തുക എതിർപ്പ് പ്രകടിപ്പിക്കാതെ തൊഴിലാളികൾ ചെലവഴിക്കുകയും ചെയ്യുന്നു.
മേഖലയിലെ പല മാനേജ്മെൻറുകളും മുൻ വർഷത്തെ ബോണസ് ഇനിയും നൽകിയിട്ടില്ല. നവംബർ 30 വരെ അതിന് സമയമുണ്ട്. ലാഭ വിഹിതം, അല്ലെങ്കിൽ നീക്കി വെക്കപ്പെട്ട വേതനം എന്ന നിലയിലൊന്നും ബോണസ് വിഷയം പരിഗണിക്കപ്പെടുന്നതേയില്ല. ബോണസ് തത്വം തന്നെ വിസ്മരിക്കപ്പെടുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.