സുൽത്താൻ ബത്തേരി: മുത്തങ്ങ വന്യജീവി സങ്കേതത്തിൽ കാനന സവാരിക്ക് ഇനി ബസുകൾ. വ്യാഴാഴ്ച മുതൽ രണ്ട് ബസുകൾ ഓടിത്തുടങ്ങി. വലിയ എതിർപ്പുകൾ അതിജീവിച്ചാണ് ബസുകൾ കാട്ടുപാതയിലൂടെ ഓടിക്കാനായത്. ജീപ്പുകൾ പൂർണമായി പിൻവലിച്ചിട്ടില്ലെങ്കിലും താമസിയാതെ തീരുമാനമുണ്ടാകുമെന്ന് അസി. വൈൽഡ് ലൈഫ് വാർഡൻ കെ.പി. സുനിൽ കുമാർ പറഞ്ഞു.
മുത്തങ്ങയിൽ കാനന സവാരിക്ക് ബസുകളെത്തിയത് സംബന്ധിച്ച് നേരത്തെ 'മാധ്യമം' വാർത്ത നൽകിയിരുന്നു. 50 ലക്ഷത്തോളം മുടക്കിയാണ് വനം വകുപ്പ് രണ്ട് ബസുകൾ വാങ്ങിയത്. രണ്ട് മാസത്തിലേറെയായി ബസുകൾ ആനപ്പന്തിക്ക് സമീപം വിശ്രമത്തിലായിരുന്നു. വർഷങ്ങളായി കാനനയാത്ര സർവിസ് നടത്തിയിരുന്ന 29 ടാക്സി ജീപ്പുകാർ തൊഴിൽ നഷ്ടപ്പെടുമെന്ന പേടിയിൽ ബസിനെതിരെ തിരിഞ്ഞതാണ് പ്രശ്നമായത്.
ടാക്സി ഡ്രൈവർമാരുടെ യൂനിയനുകളുമായി വനം വകുപ്പ് നിരവധി ചർച്ചകൾ നടത്തി. ഒടുവിലത്തെ തീരുമാനമനുസരിച്ച് ജീപ്പ് ഡ്രൈവർമാർക്ക് തൊഴിൽ കൊടുക്കാൻ ധാരണയായിട്ടുണ്ട്. കൂടുതൽ സഞ്ചാരികൾ എത്തുന്ന ദിവസങ്ങളിൽ ആവശ്യമെങ്കിൽ ജീപ്പ് വനംവകുപ്പ് വാടകക്ക് എടുത്തോടും. അല്ലാതെ ജീപ്പ് ഓടാൻ അനുവദിക്കില്ല. ജീപ്പ് ഓടാത്ത ദിവസങ്ങളിൽ ഡ്രൈവർമാർ വനംവകുപ്പിലെ താൽക്കാലിക വാച്ചർ ചെയ്യേണ്ട ജോലികൾ ചെയ്യണം. എത്രകാലം വേണമെങ്കിലും ജോലിയിൽ തുടരാം.
രണ്ട് ബസുകൾകൂടി അടുത്തുതന്നെ എത്തിക്കുന്നുണ്ട്. അതോടെ ജീപ്പ് പൂർണമായി പിൻവലിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം. ബസിൽ 22 പേർക്കും ജീപ്പിൽ ഏഴുപേർക്കുമാണ് യാത്ര ചെയ്യാനാവുക. പുതുക്കിയ ചാർജനുസരിച്ച് ബസിലാണെങ്കിലും ജീപ്പിലാണെങ്കിലും ഒരാളിൽനിന്ന് 300 രൂപ വീതമാണ് ഈടാക്കുക. മറ്റ് ഫീസുകളൊന്നുമില്ല. ജീപ്പ് ഒരുസഞ്ചാരിക്ക് മാത്രമായി ഓടിക്കാനും വനംവകുപ്പ് തയാറാണ്. ഇതിനായി 2000 രൂപ ഈടാക്കും.
വനത്തിനുള്ളിലൂടെ 11 കിലോമീറ്ററും ദേശീയപാതയിലൂടെ ആറ് കിലോമീറ്ററുമാണ് സഞ്ചരിക്കുക. യാത്ര ഒന്നര മണിക്കൂറിനടുത്ത് വരും. വ്യാഴാഴ്ച അസി. വൈൽഡ് ലൈഫ് വാർഡന്റെ നേതൃത്വത്തിലായിരുന്നു ബസുകളുടെ ഫ്ലാഗ്ഓഫ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.