പേര്യ: കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ പേര്യ ചന്ദനത്തോട് വനമേഖലയിൽ മൃഗവേട്ട സംഘത്തെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ വനംവകുപ്പ് ജീവനക്കാരെ ആക്രമിച്ച് കടന്നുകളഞ്ഞ പ്രതികളെ പിടികൂടാതെ വനവകുപ്പിന്റെ അനാസ്ഥ. പ്രതികളെക്കുറിച്ചും വാഹനത്തെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടും ഉന്നത രാഷ്ട്രീയ സമ്മർദം മൂലം പ്രതികളെ രക്ഷിക്കാൻ ശ്രമിക്കുന്നു എന്നാണ് ആരോപണം.
വനപാലകരെ ആക്രമിച്ച കേസിൽ വധശ്രമത്തിന് തലപ്പുഴ പൊലീസും പുള്ളിമാനെ വെടിവെച്ച് കൊന്നതിൽ വരായാൽ ഡെപ്യൂട്ടി റേഞ്ച് ഓഫിസറുമാണ് അന്വേഷണം നടത്തുന്നത്. പനന്തറ പാലത്തിനു സമീപം മാനിന്റെ ജഡം കിട്ടിയിട്ടും സംഭവസ്ഥലത്തുനിന്ന് പോസ്റ്റുമോർട്ടം ചെയ്യാതെ ബത്തേരിയിലെ മൃഗപരിപാലന കേന്ദ്രത്തിൽ കൊണ്ടുപോയാണ് പോസ്റ്റ്മോർട്ടം നടത്തിയത്. പ്രതികളെക്കുറിച്ചും വാഹനത്തെക്കുറിച്ചും വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് വരയാൽ റേഞ്ച് ഓഫിസർ മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടില്ല. അതേസമയം, പ്രതികൾ കർണാടകത്തിലേക്ക് കടന്നതായി സൂചനയുണ്ട്.
മാനന്തവാടി: ചന്ദനത്തോട് മാൻ വേട്ടയിൽ പ്രതികളെ പിടികൂടാൻ സാധിക്കാത്തത് വ്യക്തമായ രാഷ്ട്രീയ സമ്മർദം മൂലമെന്ന് ബി.ജെ.പി വാളാട് പഞ്ചായത്ത് കമ്മിറ്റി. വനം വകുപ്പ് ജീവനക്കാരെ കൃത്യനിർവഹണം തടസ്സപ്പെടുത്തി വധിക്കാൻ ശ്രമിച്ചിട്ടും വനം വകുപ്പിന് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് പ്രതികൾക്ക് ഉന്നത രാഷ്ട്രീയ ബന്ധം ഉള്ളതുകൊണ്ടാണ്. പ്രതികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തിട്ടില്ലെങ്കിൽ വരയാൽ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധം അടക്കമുള്ള സമരവുമായി രംഗത്തുവരുമെന്ന് കമ്മിറ്റി വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.