റ​ഷീ​ദ് ക​മ്മി​ച്ചാ​ല്‍

ചിത്രമൂല ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫിന് അട്ടിമറി ജയം

കണിയാമ്പറ്റ: കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് ചിത്രമൂലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് അട്ടിമറി ജയം. യു.ഡി.എഫിൽ നിന്ന് മത്സരിച്ച മുസ്‍ലിം ലീഗിലെ റഷീദ് കമ്മിച്ചാല്‍ 208 വോട്ടുകൾക്കാണ് സി.പി.എമ്മിലെ പ്രവീൺ കുമാറിനെ പരാജയപ്പെടുത്തി വാര്‍ഡ് പിടിച്ചെടുത്തത്.

പതിവായി ഇടതിനെ തുണക്കുന്ന വാര്‍ഡിലെ വിജയം യു.ഡി.എഫ് നേട്ടമായി. കഴിഞ്ഞ അഞ്ച് തവണ നടന്ന തെരഞ്ഞെടുപ്പില്‍ നാലു തവണയും സി.പി.എം നിലനിര്‍ത്തിയ വാര്‍ഡ് ഇത്തവണ ഇടതിനെ കൈവിടുകയായിരുന്നു.

റഷീദ് കമ്മിച്ചാലിന് 611ഉം പ്രവീണ്‍കുമാറിന് 403 വോട്ടും ലഭിച്ചു. രമ വിജയന്‍ (ബി.ജെ.പി) - 31, റഷീദ് (സ്വതന്ത്രന്‍) -ഏഴ് എന്നിങ്ങനെയാണ് മറ്റുള്ളവർക്ക് ലഭിച്ച വോട്ടുകൾ. എൽ.ഡി.എഫ് മെംബറും പഞ്ചായത്തിലെ പ്രതിപക്ഷ നേതാവുമായിരുന്ന വി.കെ. ശശിധരന്റെ നിര്യാണത്തെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്.

വ്യാഴാഴ്ച രാവിലെ 10ന് ആരംഭിച്ച വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ തന്നെ യു.ഡി.എഫ് 100 വോട്ടുകൾക്ക് മുന്നിലായിരുന്നു. 1258 വോട്ടില്‍ 1052 വോട്ടുകളാണ് പോള്‍ ചെയ്തത്. ജയവും പരാജയവും ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യത്തെ ബാധിക്കില്ലെങ്കിലും 2020ൽ കേവലം 24 വോട്ടുകള്‍ക്ക് കൈവിട്ടുപോയ വാര്‍ഡ് തിരിച്ചുപിടിക്കാനായതിന്‍റെ സന്തോഷത്തിലാണ് യു.ഡി.എഫ്. മുസ് ലിം ലീഗിലെ കെ.എം. ഫൈസലിനെയാണ് അന്ന് സി.പി.എമ്മിലെ ശശിധരന്‍ നേരിയ വോട്ടുകളുടെ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയത്.

വാര്‍ഡ് നിലനിര്‍ത്താനാവുമെന്ന സി.പി.എമ്മിന്റെ പ്രതീക്ഷകൾക്കാണ് ഫലം വന്നതോടെ തിരിച്ചടി നേരിട്ടത്. വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച യു.ഡി.എഫ് പ്രവര്‍ത്തകര്‍ കണിയാമ്പറ്റ ടൗണില്‍ പ്രകടനം നടത്തി. അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുത്തു.

ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ താക്കീത് -ടി. സിദ്ദീഖ് എം.എൽ.എ

കല്‍പറ്റ: കാലാകാലം എൽ.ഡി.എഫ് ജയിക്കുന്ന വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാർഥി നേടിയ വന്‍വിജയം സി.പി.എമ്മിന്റെയും സര്‍ക്കാറിന്റെയും ജനവിരുദ്ധ നയങ്ങള്‍ക്കെതിരായ താക്കീതാണെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ് എം.എല്‍.എ. ജനങ്ങള്‍ക്ക് ഉപകാരപ്രദമല്ലാത്ത കണ്ണൂര്‍ അതിര്‍ത്തിയിലേക്ക് ഗവ. മെഡിക്കല്‍ കോളജ് മാറ്റാനെടുത്ത അന്യായമായ തീരുമാനത്തിനെതിരായും ജില്ലയിലെ ജീവിക്കാന്‍ പ്രയാസപ്പെടുന്ന കര്‍ഷക സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാത്ത സര്‍ക്കാറിനെതിരായുമുള്ള വിധിയെഴുത്ത് കൂടിയാണിത്.

ജനങ്ങളോടൊപ്പം ചേര്‍ന്ന് നാടിന്റെ വികസനകാര്യങ്ങളില്‍ യു.ഡി.എഫ് എടുക്കുന്ന ജനപക്ഷ സമീപത്തിന് നല്‍കിയ അംഗീകാരമാണിതെന്നും എം.എൽ.എ പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് വിജയം വാഗ്ദാന ലംഘനങ്ങളിലൂടെയും വികസന മുരടിപ്പിലൂടെയും വയനാടിനെ നിരന്തരം അപമാനിക്കുന്ന ഇടതുസര്‍ക്കാറിന് ജനങ്ങള്‍ നല്‍കിയ മറുപടിയാണെന്ന് ജില്ല യു.ഡി.എഫ് ചെയര്‍മാനും മുസ്ലിം ലീഗ് ജില്ല ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അഹമ്മദ് ഹാജി അഭിപ്രായപ്പെട്ടു.

Tags:    
News Summary - Chithramula by-election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.