സുൽത്താൻ ബത്തേരി: മീനങ്ങാടി പഞ്ചായത്തിലെ പാതിരിപ്പാലത്ത് കോഫി ഉൽപാദക യൂനിറ്റ് തുടങ്ങുന്നു. ഇതിനായി സംസ്ഥാന സർക്കാർ 4.78 കോടി ബ്രഹ്മഗിരിക്ക് കൈമാറി. കോഫി ബോർഡ് പ്രതിനിധി ശനിയാഴ്ച ബ്രഹ്മഗിരി സന്ദർശിച്ചതോടെ പദ്ധതി എത്രയും പെട്ടെന്ന് നടപ്പാക്കാനുള്ള ഒരുക്കത്തിലാണ് ബ്രഹ്മഗിരി അധികൃതർ. 'റോസ്റ്റ് ആൻഡ് ഗ്രൗണ്ട് കോഫി യൂനിറ്റ്' എന്ന ഉൽപാദക യൂനിറ്റിന് മൂന്നുനിലകളുണ്ടാകും. 12383 ചതുരശ്ര അടി വിസ്തീർണത്തിലാണ് കെട്ടിടം നിർമിക്കുക. 1.60 കോടി കെട്ടിടത്തിനും 2.20 കോടി യന്ത്രങ്ങൾക്കും ചെലവഴിക്കും. പ്രവർത്തന മൂലധനമായി കണക്കാക്കിയിട്ടുള്ളത് 48 ലക്ഷമാണ്. ബ്രൂവിങ് മെഷീൻ-കിയോസ്ക് എന്നിവക്ക് 50 ലക്ഷവുമാണ് മാറ്റിവെച്ചത്.
വയനാട് പാക്കേജിന്റെ ഭാഗമായിട്ടാണ് കാപ്പി കർഷകരുടെ ഉന്നമനത്തിനായി സർക്കാർ പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്. നിർമാണം സംബന്ധിച്ച് വിലയിരുത്താൻ കോഫി ബോർഡ് ക്വാളിറ്റി കൺട്രോളർ മേധാവി ഡോ. ബസവരാജ് ബ്രഹ്മഗിരിയിലെത്തി. പദ്ധതി പുരോഗതി വിലയിരുത്തിയതിനുശേഷം കാപ്പി കർഷക പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തി.
കാർബൺ ബഹിർഗമനം കുറഞ്ഞ പ്രദേശത്ത് വളരുന്ന കാപ്പിയെന്ന നിലയിൽ വയനാടൻ കാപ്പിക്കുരുവിന്റെ രാജ്യാന്തര സാധ്യതകൾ ഉപയോഗപ്പെടുത്താനാണ് ബ്രഹ്മഗിരി ശ്രമിക്കുന്നത്. വയനാടൻ കാപ്പിയെ ബ്രാൻഡ് ചെയ്ത് എടുക്കുന്നതിലൂടെ യഥാർഥ വിപണി വിലയിൽ നിന്നുള്ള മെച്ചം കർഷകനും എത്തിക്കാനാകുമെന്ന് ബ്രഹ്മഗിരി അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.