കൽപറ്റ: വെള്ളമുണ്ട സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ക്ലീൻചിറ്റ് നൽകി റിപ്പോർട്ട്.
പരാതിയില്‍ പറഞ്ഞ പ്രകാരമുള്ള പരാമര്‍ശമോ, വ്യക്തിപരമായ പരിഹാസമോ, ഡി.സി.സി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും പരാതിക്കാരിയെ മറ്റാരോ മനഃപൂര്‍വം തെറ്റിദ്ധരിപ്പിച്ച് ഡി.സി.സി പ്രസിഡന്റിനെയും അതുവഴി പാര്‍ട്ടിയെയും മോശക്കാരാക്കാനായി ഇക്കാര്യത്തില്‍ പ്രവര്ത്തിച്ചതാകാമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. നിയാസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിൽ വ്യക്തമാക്കി. ഡി.സി.സി പ്രസിഡന്റിനെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കങ്ങള്‍ക്ക് ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നുണ്ട്.
പട്ടികവര്‍ഗ വിഭാഗക്കാരായ നിരവധിപേര്‍ പാര്‍ട്ടിയില്‍ വളരെ നല്ല നിലയില്‍ പ്രവര്‍ത്തിച്ചുവരുന്നതും അവര്‍ക്ക് നല്ല പിന്തുണ നല്കിവരുന്നതുമായ ജില്ലയില്‍ ഇത്തരത്തിലുള്ള പരാതി ബോധപൂര്‍വം സൃഷ്ടിച്ച് ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ അപമാനിക്കാനുള്ള ശ്രമം വെച്ചുപൊറുപ്പിക്കാനാവില്ല.
പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരിയെയും അവരുടെ പിതാവിനെയും നേരില്‍ കണ്ട് സംസാരിച്ചിരുന്നു. പരാതിയില്‍ പ്രതിപാദിച്ചിട്ടുള്ള വെള്ളമുണ്ട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യോഗത്തില്‍ പരാതിക്കാരിയെ കുറിച്ച് എന്‍.ഡി. അപ്പച്ചന് മോശമായി പരാമര്‍ശിച്ചു എന്ന കാര്യം അവര്‍ക്ക് നേരിട്ട് അറിവില്ലെന്നും മറ്റാരോ പറഞ്ഞുകേട്ടതാണെന്നുമാണ് പറഞ്ഞത്.
ഈ കാര്യം നേരില്‍ അറിയുന്നവരും, അവര്‍ പരാമര്‍ശിച്ചതുമായ സി.യു.സി റിസോഴ്സ് പേഴ്സൺ എന്‍.കെ. പുഷ്പലത, ഡി.സി.സി ജനറല്‍ സെക്രട്ടറി നിശാന്ത്, യോഗത്തില്‍ പങ്കെടുത്ത വിവിധ കോണ്‍ഗ്രസ് നേതാക്കൾ എന്നിവരോട് അന്വേഷിച്ചതിൽ ഡി.സി.സി പ്രസിഡന്റ് ആരെയും വ്യക്തിപരമായി പരാമര്‍ശിക്കുകയോ മോശക്കാരാക്കുന്ന രീതിയിൽ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നാണ് അറിഞ്ഞത്.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, ഐ.സി ബാലകൃഷ്ണന് എം.എല്‍.എ, എന്‍.ഡി. അപ്പച്ചന്, പരാതിക്കാരി എന്നിവര്‍ക്കും റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് കൈമാറിയിട്ടുണ്ട്.
മാനന്തവാടി: സംഘടന പുനഃസംഘടനക്കുശേഷം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമത്തെ ഒറ്റക്കെട്ടായി ചെറുത്തു തോൽപിക്കുമെന്ന് മാനന്തവാടി നിയോജകമണ്ഡലം കോണ്‍ഗ്രസ് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.
പുതിയ നേതൃത്വം നിലവില്‍വന്നതിനുശേഷം സംഘടന പ്രവര്‍ത്തനത്തിലുള്ള പാളിച്ചകള്‍ തിരുത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമത്തിന്റെ ഭാഗമായാണ് ഡി.സി.സി പ്രസിഡന്റിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. യോഗത്തില്‍ പങ്കെടുക്കുകയോ വ്യക്തമായ തെളിവുകള്‍ ഹാജരാക്കുകയോ ചെയ്യാതെയാണ് ആരോപണമുന്നയിച്ചിരിക്കുന്നത്.
തെറ്റിദ്ധരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് ആരോപണങ്ങളെന്ന് വ്യക്തമാണ്. അത്തരം ആളുകളെ കണ്ടെത്തി നടപടി സ്വീകരിക്കും. യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ച ഡി.സി.സി പ്രസിഡന്റ് ഒരിടത്തുപോലും സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയിട്ടില്ല. ഊര്‍ജസ്വലമായി പാര്‍ട്ടിയെ നയിക്കുന്ന ഡി.സി.സി പ്രസിഡന്റിനെ തളര്‍ത്താനും ഒറ്റപ്പെടുത്താനുള്ള ഒരു ശ്രമവും വിലപ്പോകില്ല. വാര്‍ത്തസമ്മേളനത്തില്‍ മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, അഡ്വ. എന്‍.കെ. വര്‍ഗീസ്, പി. ചന്ദ്രന്, മംഗലശ്ശേരി മാധവന്, ചിന്നമ്മ ജോസ്, അഡ്വ. എം. വേണുഗോപാല്‍, എ. പ്രഭാകരന്, എം.ജി. ബിജു, എ.എം. നിഷാന്ത്, സിൽവി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.