കല്പറ്റ: പടിഞ്ഞാറത്തറ പുതുക്കോട്ട്കുന്ന് ആദിവാസി കോളനിയിലെ അഖിലിെൻറ ദുരൂഹ മരണം ക്രൈംബ്രാഞ്ച് അന്വേഷിച്ച് കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്ന് ബന്ധുക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ വീട്ടില്‍ കൂലി ചോദിച്ച് ചെന്നപ്പോള്‍ ഒളിഞ്ഞുനോക്കി എന്നാരോപിച്ച് കുടുംബം അഖിലിനെ മര്‍ദിച്ചിരുന്നു. ഇതിെൻറ പിറ്റേ ദിവസമാണ് വീടിനടുത്തുള്ള സ്വകാര്യ തോട്ടത്തില്‍ അഖിലിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണത്തില്‍ ദുരൂഹത ഉണ്ടെന്നും മർദിച്ചതിനെ തുടര്‍ന്നാണ് അഖിൽ മരിച്ചതെന്നും അന്നേ നാട്ടുകാര്‍ ആരോപിച്ചിരുന്നു. എന്നാല്‍, ഇതൊന്നും പൊലീസ് ഗൗരവത്തില്‍ എടുത്തില്ല. മാത്രമല്ല, അഖിലിെൻറ മൃതദേഹം മാറ്റുന്ന സമയത്ത് വീട്ടുകാരെയോ ബന്ധുക്കളെയോ അങ്ങോട്ട് കടത്തിവിടാനോ മൃതദേഹം കാണാനോ സമ്മതിച്ചില്ല. മരിച്ചുകിടക്കുന്ന സമയത്തും അഖിലിെൻറ കാലില്‍ ചെരിപ്പുണ്ടായിരുന്നു. കയര്‍ ശരിയായി കഴുത്തില്‍ കുടുങ്ങിയിട്ടുമില്ല. തൂങ്ങിമരണം സംഭവിക്കാന്‍ പാകത്തിനുള്ള മരക്കൊമ്പില്‍ ആയിരുന്നില്ല മൃതശരീരം കണ്ടെത്തിയതും.
പോസ്റ്റ്മോര്‍ട്ടം ബന്ധുക്കളെ അറിയിച്ചിട്ടില്ല. 17 വയസ്സ് മാത്രമുള്ള അഖിലിനെ 19 വയസ്സുകാരനാക്കി മാറ്റിയതും ദ്രുതഗതിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി സംസ്കരിച്ചതും സംശയം ഇരട്ടിയാക്കുന്നു. മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുക്കളെ അന്വേഷണ ഉദ്യോഗസ്ഥന് അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
കോളനിവാസികളെ സാക്ഷികളാക്കുന്നതിന് പകരം കോളനിക്ക് പുറത്തുള്ള പ്രദേശവാസികള്‍ അല്ലാത്തവരെയാണ് സാക്ഷികളാക്കിയതെന്നും ഇവർ ആരോപിച്ചു. കാര്യക്ഷമമായ അന്വേഷണം നടത്തിയില്ലെങ്കിൽ പ്രക്ഷോഭം ശക്തമാക്കുമെന്ന് എസ്.ടി മോർച്ച (ആദിവാസി സംഘം) ജില്ല കമ്മിറ്റി അറിയിച്ചു.
വാർത്തസമ്മേളനത്തിൽ അഖിലിെൻറ മാതാവ് ഭേരി, അമ്മാവൻ ശരത്ത്, എസ്.ടി മോർച്ച ജില്ല അധ്യക്ഷൻ സുബ്രഹ്മണ്യൻ വേങ്ങച്ചോല, ബി.ജെ.പി കൽപറ്റ മണ്ഡലം പ്രസിഡൻറ് ടി.എം. സുബീഷ്, ബി.ജെ.പി പടിഞ്ഞാറത്തറ പഞ്ചായത്ത് പ്രസിഡൻറ് എൻ.കെ. സിമിൽ കുമാർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.