മാനന്തവാടി: ജില്ലയിലെ കുരുമുളക്, കാപ്പി കർഷകർക്ക് ധനസഹായത്തിനുള്ള അപേക്ഷയോടൊപ്പം അംഗീകൃത നഴ്സറികളിൽനിന്നുള്ള തൈകൾ വാങ്ങിയതിെൻറ ബിൽ ഉൾപ്പെടുത്തണമെന്ന കൃഷി വകുപ്പ് ഉത്തരവ് പിൻവലിക്കണമെന്ന് സംയുക്ത കർഷക സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. കൃഷി ഭവൻ മുഖേന കുരുമുളക് കർഷകരിൽനിന്ന് കുരുമുളക് തൈ നടുന്നതിനും, കാപ്പി തൈ നടുന്നതിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജില്ലയിലെ ഓരോ തദ്ദേശ വാർഡുകളിലും കുരുമുളക് സമിതി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഭൂരിപക്ഷം കർഷകരും സ്വന്തമായി കുരുമുളക് തൈകൾ ഉണ്ടാക്കി നടുകയും കാപ്പിക്കുരു പാകി മുളപ്പിച്ച് തൈകൾ നടുകയുമാണ് ചെയ്യുന്നത്. നഴ്സറികളിൽനിന്ന് വാങ്ങുന്നവർതന്നെ ബിൽ വാങ്ങി സൂക്ഷിക്കാറില്ല. പദ്ധതികൾക്ക് അപേക്ഷ നൽകുമ്പോൾ അംഗീകൃത നഴ്സറികളിൽനിന്നുള്ള ബിൽ നിർബന്ധമായും വേണമെന്നാണ് ഉത്തരവ്.
സ്വന്തമായി തൈ നട്ട കൃഷിക്കാർക്ക് ഇത്തരം ബില്ലുകൾ കിട്ടാൻ നിവൃത്തിയില്ല.ഇതിെൻറ മറവിൽ അംഗീകാരമില്ലാത്ത നഴ്സറികൾ വൻതുക വാങ്ങി ബിൽ കച്ചവടം ആരംഭിച്ചിട്ടുണ്ട്. അർഹരായ കർഷകർ ഇതുമൂലം ഒഴിവാക്കപ്പെടുകയാണ്. വലിയ പ്രതിസന്ധി നേരിടുന്ന വയനാടൻ കാർഷിക മേഖലക്ക് അൽപം ആശ്വാസമാകുന്നത് പുതിയ പദ്ധതികൾ വഴിയുള്ള ധന സഹായമാണ്.
ജില്ലയിൽ നഴ്സറി കുത്തകകളെ സഹായിക്കാനാണ് കൃഷി വകുപ്പ് ഇത്തരം വിവാദ ഉത്തരവിറക്കിയിരിക്കുന്നത്. ബില്ലിെൻറ പേരിൽ അർഹരായ കൃഷിക്കാരെ ഒഴിവാക്കുക എന്ന നയമാണ് കൃഷി വകുപ്പ് സ്വീകരിക്കുന്നത്. ഇത്തവണ പദ്ധതി നടപ്പാക്കുന്ന ഏരിയ കുറഞ്ഞാൽ അടുത്ത തവണ അതിനാനുപാതികമായി ഏരിയ കുറയും എന്ന അപകടവും ഇതിലുണ്ട്. കൃഷിഭവൻ ഉദ്യോഗസ്ഥർ കൃഷിക്കാരുടെ സ്ഥലം പരിശോധിച്ച് തൈകൾ നട്ട തിെൻറ എണ്ണത്തിനനുസരിച്ച് സബ്സിഡി അനുവദിച്ചാൽ പ്രശ്ന പരിഹാരമാകും. പ്രതിസന്ധി നേരിടുന്ന ജില്ലയിലെ കൃഷിക്കാരെ കൂടുതൽ പ്രയാസപ്പെടുത്തുന്ന ഉത്തരവുകൾ പിൻവലിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ കെ.എം. ബെന്നി, ഷാജി എടത്തട്ടേൽ, ഷിബു കൊയിലേരി, ജസ്റ്റിൻ പനച്ചിയിൽ, ബിജു അമ്പീത്തറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.