എടക്കല്‍ ഗുഹയിലെ ശിലാലിഖിതം

എടക്കല്‍ ഗുഹയുടെ അവസ്ഥ പഠിക്കാൻ ഒമ്പതംഗ വിദഗ്ധ സമിതി

കല്‍പറ്റ: അമ്പുകുത്തി മലനിരകളിലെ ചരിത്രപ്രസിദ്ധമായ എടക്കല്‍ ഗുഹയുടെ നിലവിലെ അവസ്ഥയെക്കുറിച്ചു പഠിക്കുന്നതിനു സര്‍ക്കാര്‍ ഒമ്പതംഗ വിദഗ്ധ സമിതി രൂപവത്കരിച്ചു. പുരാവസ്തു വകുപ്പ് ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. അമ്പുകുത്തി മലഞ്ചെരുവിൽ അടുത്തിടെ വിള്ളൽ ശ്രദ്ധയിൽപെട്ടിരുന്നു. പുരാവസ്തു, ചരിത്രം, ഭൂഗര്‍ഭശാസ്ത്രം, സംരക്ഷണം, റോക്ക് മെക്കാനിക്‌സ് എന്നീ മേഖലകളിലെ വിദഗ്ധരടങ്ങുന്ന സമിതി എടക്കല്‍ ഗുഹയുടെ ഇപ്പോഴത്തെ സ്ഥിതി വിശദമായി പഠിക്കേണ്ടത്​ അനിവാര്യതയാണെന്നു റിപ്പോട്ടില്‍ ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.

സെൻറര്‍ ഫോര്‍ ഹെറിറ്റേജ് സ്​റ്റഡീസ് ഡയറക്ടര്‍ ജനറല്‍ ഡോ. എം.ആര്‍. രാഘവവാര്യറാണ് വിദഗ്ധ സമിതി ചെയര്‍മാൻ. സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടര്‍ സമിതി കണ്‍വീനറും കണ്‍സര്‍വേഷന്‍ ഓഫിസര്‍ ജോയിൻറ് കണ്‍വീനറുമാണ്.

സെൻറര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് റിട്ടയേര്‍ഡ് ശാസ്ത്രജ്ഞന്‍ ഡോ. ജി. ശേഖര്‍, കേരള സ്​റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്‍ഡ് എന്‍വയൺമെൻറ് എക്‌സിക്യൂട്ടിവ് വൈസ് പ്രസിഡൻറ് പ്രഫ. കെ.പി. സുധീര്‍, തഞ്ചാവൂര്‍ തമിഴ്‌നാട് യൂനിവേഴ്‌സിറ്റി ആര്‍ക്കിയോളജി ആന്‍ഡ് മാരിടൈം ഹിസ്​റ്ററി വിഭാഗം അസോ. പ്രഫ. ഡോ. വി. ശെല്‍വകുമാര്‍, ചെന്നൈ ഐ.ഐ.ടി സിവില്‍ എന്‍ജിനീയറിങ് വിഭാഗം അസോ. പ്രഫ. ഡോ. വിദ്യാഭൂഷണ്‍ മാജി, മൈസൂരു റീജനല്‍ കണ്‍സര്‍വേഷന്‍ ലാബോറട്ടറിയിലെ സീനിയര്‍ കണ്‍സര്‍വേറ്റര്‍ നിധിന്‍കുമാര്‍ മൗര്യ, സംസ്ഥാന ഡിസാസ്​റ്റര്‍ മാനേജ്‌മെൻറ് മെംബര്‍ സെക്രട്ടറി ശേഖര്‍ കുര്യാക്കോസ് എന്നിവര്‍ അംഗങ്ങളാണ്.

നവീന ശിലായുഗത്തിലേതെന്നു ചരിത്രപണ്ഡിതര്‍ അംഗീകരിച്ച ലിഖിതങ്ങളുള്ളതാണ് രണ്ടു കൂറ്റന്‍ പാറകള്‍ക്കു മുകളില്‍ മറ്റൊരു പാറ നിരങ്ങിവീണു രൂപപ്പെട്ട എടക്കല്‍ ഗുഹ. അമ്പുകുത്തിമലയില്‍ നടന്നുവരുന്ന പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളും വിനോദസഞ്ചാരവും എടക്കല്‍ ഗുഹയുടെ നിലനില്‍പ് അപകടത്തിലാക്കുന്നത്​ വയനാട് പ്രകൃതി സംരക്ഷണ സമിതി നേരത്തേ സര്‍ക്കാറി െൻറ ശ്രദ്ധയില്‍പെടുത്തിയിരുന്നു. ഗുഹയോടു ചേര്‍ന്നുണ്ടായിരുന്ന ഹെക്ടര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി ഇപ്പോള്‍ സ്വകാര്യ കൈവശത്തിലാണ്. ഗുഹക്കു ചുറ്റുമുള്ള 20 സെൻറ് ഭൂമി മാത്രമാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍.

കഴിഞ്ഞ മഴക്കാലത്ത്​ അമ്പുകുത്തിമലമുകളില്‍ ഗുഹയുടെ എതിര്‍വശത്തുള്ള ചരിവില്‍ ഭൂമി പിളരുകയും അടര്‍ന്നുമാറുകയും ചെയ്തിരുന്നു. അമ്പുകുത്തിമല സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുക, ഗുഹ ആര്‍ക്കിയോളജില്‍ സര്‍വേ ഓഫ് ഇന്ത്യ ഏറ്റെടുക്കുക, മലയില്‍ 1986 മുതല്‍ നല്‍കിയ മുഴുവന്‍ പട്ടയങ്ങളും റദ്ദാക്കുക, വാഹകശേഷി ശാസ്ത്രീയമായി നിര്‍ണയിച്ച് ഗുഹയില്‍ സന്ദര്‍ശകരെ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ഉന്നയിക്കുന്നതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.