കൽപറ്റ: ജില്ലയിൽ കാട്ടുപന്നിശല്യം രൂക്ഷമായതോടെ കർഷകർ ദുരിതത്തിൽ. നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ പന്നികൾ ജില്ലയിൽ വ്യാപകമായി കൃഷി നശിപ്പിക്കുകയാണ്. കാട്ടുപന്നിയെ തുരത്താൻ നടപടി ആവശ്യപ്പെട്ട് ജില്ലയിൽ പല പ്രദേശങ്ങളിലും നാട്ടുകാർ വനംവകുപ്പ് അധികൃതർ ഉൾപ്പെടെ പല വാതിലുകളും മുട്ടാറുണ്ടെങ്കിലും നടപടികളൊന്നും സ്വീകരിക്കാറില്ല.
രാവും പകലും കാട്ടുപന്നി ശല്യം കാരണം കർഷകർ പൊറുതിമുട്ടുകയാണ്. ചേന, ചേമ്പ്, വാഴ, മരച്ചീനി, കാച്ചിൽ തുടങ്ങി ഏക്കറുകണക്കിന് കൃഷിയാണ് ഇവ കൂട്ടമായെത്തി ക്ഷണത്തിൽ നശിപ്പിക്കുന്നത്. പലയിടത്തും വിളവെടുക്കാറായ നെൽകൃഷിയും കാട്ടുപന്നിക്കൂട്ടം ചവിട്ടി നശിപ്പിച്ചിട്ടുണ്ട്. ഇക്കാരണത്താൽ നെല്ല് വിളവെടുക്കാൻ കഴിയാതെ പല കർഷകരും ബുദ്ധിമുട്ടിലായിരുന്നു.
കൃഷി വെല്ലുവിളികൾ നേരിടുന്ന കാലമാണിത്. കുരുമുളകും കവുങ്ങുമടക്കമുള്ള കൃഷികൾ നാമാവശേഷമായി മാറിയ നാട്ടിൽ ആളുകൾ സ്വന്താവശ്യത്തിനും വാണിജ്യ ആവശ്യങ്ങൾക്കായുമൊക്കെ കൃഷിയിറക്കുന്ന കിഴങ്ങുവിളകളൊക്കെ കാട്ടുപന്നികൾ നശിപ്പിക്കുകയാണ്. വാനരശല്യം വ്യാപകമായ നാട്ടിൽ പന്നിശല്യം പാരമ്യത്തിലെത്തിയതോടെ ചെടിക്കു മുകളിലും മണ്ണിലുമൊന്നും ഒരു വിളവും കിട്ടുന്നില്ലെന്ന അവസ്ഥയായി. വിളകളുടെ വിലത്തകർച്ചയും ഉൽപാദനച്ചെലവും പ്രതിസന്ധി സൃഷ്ടിച്ചപ്പോൾ പല കർഷകർക്കും ഭൂമി തരിശ്ശിടേണ്ടിയും വന്നു. തരിശ്ശുഭൂമിയിൽ കാട് വളർന്നതോടെ കാട്ടുപന്നികൾക്കത് സഹായകമായി. വയലുകളിൽ വൻതോതിൽ കീടനാശിനി പ്രയോഗം നടത്തിയുള്ള കൃഷികളുടെ വരവോടെ വയനാട്ടിൽ കുറുക്കൻ വംശമറ്റത് കാട്ടുപന്നികൾ പെരുകുന്നതിനും വഴിയൊരുക്കി.
സംസ്ഥാനത്തെ ആകെ കാട്ടുപന്നികളുടെ എണ്ണം ലക്ഷത്തിലേറെ വരുമെന്നാണ് അനൗദ്യോഗിക കണക്ക്. കൂട്ടത്തോടെ ഇവ ഭക്ഷണം തേടിയിറങ്ങുന്നതുവഴി വൻ കൃഷിനാശമാണ് കർഷകർക്ക് ഉണ്ടാക്കുന്നത്. മിശ്രഭുക്കായ ഇവ തേറ്റ ഉപയോഗിച്ച് മണ്ണു തുരന്നാണ് കായ്കളും വിത്തുകളും ഭക്ഷിക്കുന്നത്. കിഴങ്ങുകൾ, കായ്കൾ, വേര്, തൊലി, മണ്ണിര, പുഴുക്കൾ, എലി, ചെറിയ ഇഴജന്തുക്കൾ, മുട്ട, ചെറുജീവികൾ തുടങ്ങിയവയൊക്കെ ഭക്ഷണമാണ്. അലക്ഷ്യമായി വലിച്ചെറിയുന്ന ഭക്ഷ്യമാലിന്യങ്ങളും ഇവ തിന്നുന്നുണ്ടിപ്പോൾ.
കാട്ടുപന്നികൾ കൃഷി നശിപ്പിച്ചാൽ കർഷകരെ സഹായിക്കാൻ കാര്യമായ പദ്ധതികൾ ഒന്നും ഉണ്ടാകുന്നില്ലെന്നാണ് കർഷകരുടെ പരാതി. പലരും കാർഷിക വായ്പയെടുത്താണ് കപ്പയും ചേനയുമടക്കമുള്ള കൃഷിയിറക്കുന്നത്. ഇവ മുഴുവൻ പന്നികൾ നശിപ്പിച്ചിട്ടും നയാപൈസ പോലും നഷ്ടപരിഹാരം ലഭിക്കാത്ത കർഷകരാണേറെയും. പലിശപോലും അടക്കാനാവാതെ ഇവരുടെ പിന്നീടുള്ള ജീവിതം തന്നെ ദുരിതക്കയത്തിലാവുകയാണ്. പന്നികൾ വിളവു നശിപ്പിക്കുമ്പോൾ കർഷകർക്ക് കാലതാമസമില്ലാതെ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികളുണ്ടാവണമെന്നാണ് ജില്ലയിലുടനീളമുള്ള കർഷകരുടെ ആവശ്യം.
കാട്ടുപന്നി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ അവയെ വെർമിൻ (ക്ഷുദ്രജീവി) ആയി പ്രഖ്യാപിച്ച് കൂട്ടത്തോടെ നശിപ്പിക്കാൻ വേണ്ട നടപടി ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ 2020 ഒക്ടോബറിൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ, വനം-പരിസ്ഥിതി മന്ത്രാലയം ഇതിന് അനുമതി നൽകിയില്ല. ക്ഷുദ്രജീവിയായി കേന്ദ്രം പ്രഖ്യാപിച്ചാൽ, വനമേഖലയിലൊഴികെ ആർക്കും ഇവയെ കൊല്ലാം. ഇറച്ചിയും ഉപയോഗിക്കാം.
കൊല്ലാനും ജഡം മറവു ചെയ്യാനും വനം വകുപ്പിന്റെ അനുമതിയും നടപടിക്രമങ്ങളും ആവശ്യമില്ല. വെടിവെച്ചോ മറ്റു മാർഗങ്ങളിലൂടെയോ കൊല്ലാം. എന്നാൽ, വിഷം കൊടുത്തോ, വൈദ്യുതാഘാതമേൽപിച്ചോ കൊല്ലാൻ പാടില്ല.
വന്യജീവി സംരക്ഷണനിയമത്തിലെ വ്യവസ്ഥകൾ കർക്കശമായതിനാൽ വലിയ തോതിൽ പെറ്റുപെരുകിയിട്ടും പന്നികളുടെ എണ്ണം നിയന്ത്രിച്ച് ശല്യം കുറക്കാൻ വനം വകുപ്പിന് കഴിഞ്ഞില്ല. ഈ സമയത്താണ് നിരന്തരമായി അവയുടെ ശല്യമുള്ള മേഖലകളിൽ വ്യവസ്ഥകൾക്ക് വിധേയമായി ഉദ്യോഗസ്ഥർക്ക് പുറമെ തോക്ക് ലൈസൻസുള്ള നാട്ടുകാർക്കും അവയെ വെടിവെച്ചുകൊല്ലാൻ സർക്കാർ അനുമതി നൽകി ഉത്തരവായത്.
ആ ഉത്തരവ് നടപ്പാക്കപ്പെടുകയും നിരവധി കാട്ടുപന്നികളെ വെടിവച്ചുകൊല്ലുകയും ചെയ്തു. എന്നിട്ടും അവയുടെ എണ്ണത്തിലോ ശല്യത്തിലോ കുറവുണ്ടാകാത്തതിനാലാണ് ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിച്ചത്.
കാട്ടുപന്നിയുടെ ശല്യമുള്ള പ്രദേശങ്ങളിൽ അവയെ വെടിവെച്ചുകൊല്ലാനുള്ള അനുവാദം ജില്ല ഫോറസ്റ്റ് ഓഫിസർക്ക് ഇപ്പോഴത്തെ വന്യജീവി സംരക്ഷണ നിയമം അനുവദിക്കുന്നുണ്ട്. ഡി.എഫ്.ഒയുടെ അനുമതിയോടെ ലൈസൻസുള്ള ആർക്കും ഇവയെ വെടിവെച്ചുകൊല്ലാം. പ്രത്യേക പരിശീലനം ലഭിച്ചവരുടെ സഹായവും വനംവകുപ്പിനോട് തേടാം.
കൃഷിയിടങ്ങളിൽ കാട്ടുപന്നി വരുത്തിയ നാശനഷ്ടങ്ങളുടെ കണക്ക് വാർഡ് തലത്തിൽ പഞ്ചായത്ത് അംഗങ്ങൾ ശേഖരിക്കണം. ഇത് പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനായ ജാഗ്രതാസമിതിയിൽ ചർച്ച ചെയ്തശേഷം ജീവനും സ്വത്തിനും ഭീഷണിയാകുന്ന നിലയിൽ കാട്ടുപന്നി ആക്രമണങ്ങളുടെയും കൃഷി നാശങ്ങളുടെയും പശ്ചാത്തലങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് തയാറാക്കി ഡി.എഫ്.ഒക്ക് നൽകണം.
കഴിഞ്ഞയാഴ്ച പുൽപള്ളിയിൽ കിണറ്റിൽവീണ കാട്ടുപന്നിയെ വെടിവെച്ചുകൊല്ലാൻ വനംവകുപ്പ് തയാറായത് ജനം രോഷാകുലരായതോടെയാണ്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉന്നത വനംവകുപ്പ് അധികൃതരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് അതിന് തയാറായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.