വൈത്തിരി: പൂക്കോട് വെറ്ററിനറി സർവകലാശാലയോട് ചേർന്ന ഫാമിലെ സാമ്പത്തിക തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. 2013ൽ ഫാമിലേക്കുള്ള കരാർ പ്രവൃത്തിക്ക് അനുവദിച്ച തുകയായ 10 ലക്ഷത്തോളം രൂപ പ്രവൃത്തി നടത്താതെ തന്നെ കരാറുകാരന് നൽകി ഫാം തലവൻ തട്ടിപ്പു നടത്തിയ രേഖകളാണ് പുറത്തായത്.
ഏഴര എച്ച്.പി ശക്തിയുള്ള മൂന്ന് മോട്ടോർ പമ്പുകളും അനുബന്ധ സാമഗ്രികളും സ്ഥാപിച്ച് ഫാമിന് മുകളിലേക്കു പൈപ് ലൈൻ വലിക്കുന്നതിനുള്ള കരാറാണ് ഇടുക്കി ആസ്ഥാനമായുള്ള കേരള അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷന് നൽകിയത്. ഫാം പ്ലാൻറിലെ ചാണകം പുറത്തെത്തിക്കുവാനാണ് ഇങ്ങനെ പൈപ്പ് ലൈൻ സ്ഥാപിക്കാനുദ്ദേശിച്ചത്.
കരാർ നൽകിയതല്ലാതെ പൈപ് ലൈൻ പ്രവൃത്തി നാളിതുവരെ നടത്തിയില്ല.
എന്നാൽ, കരാറിൽ പറഞ്ഞ 9,95,000 രൂപ അഗ്രോ ഇൻഡസ്ട്രീസിനു വേണ്ടി കരാറുകാരനായ പ്രദീപ് സുരേന്ദ്രൻ എന്ന വ്യക്തി കൈപ്പറ്റിയിട്ടുണ്ട്. ഇതിനുള്ള രസീതിയിൽ കോർപറേഷെൻറ എൻജിനീയർക്കു പകരം 'ഫോർ' ഇട്ട് പ്രദീപാണ് ഒപ്പിട്ടിരിക്കുന്നത്. പണം കരാറുകാരനും ഫാം തലവനും കോർപറേഷനിലെ ചില ഉദ്യോഗസ്ഥരും തട്ടിയെടുത്തതായാണ് ആരോപണം.
ഫാം തലവൻ ഇപ്പോൾ ഉദ്യോഗക്കയറ്റം കിട്ടി സർവകലാശാലയുടെ ഉയർന്ന പദവിയിലാണ് ജോലി ചെയ്യുന്നത്. സംഭവത്തെ കുറിച്ച് വിജിലൻസ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.