മാനന്തവാടി: 23 ദിവസമായി സർവസന്നാഹങ്ങളുമായി കാടും നാടും ഇളക്കിയിട്ടും കടുവയുടെ ഒളിച്ചുകളി തുടരുന്നു. കാൽപാടുകൾ ജനവാസ മേഖലയിൽ കണ്ടെത്തിയെങ്കിലും തിരച്ചിൽ സംഘത്തിന് കടുവയെ കണ്ടെത്താനായില്ല.
തിങ്കളാഴ്ച വൈകീട്ട് കടുവയുടെ വ്യക്തമായ സാന്നിധ്യം സ്ഥിരീകരിച്ച പടമല, ചെങ്ങോത്തുനിന്ന് രണ്ടു കിലോമീറ്റർ മാറി കാടൻകൊല്ലി ഡിവിഷനിലെ മുട്ടങ്കരയിലെ മുണ്ടിയപറമ്പിൽ ബാബു വയലിൽ മണലിൽ പതിഞ്ഞ നിലയിലാണ് വ്യക്തമായ കാൽപാടുകൾ കണ്ടെത്തിയത്. തൂമുള്ളിൽ ബെനഡിക്ടാണ് ആദ്യം കടുവയുടെ കാൽപാട് കണ്ടെത്തിയത്.
തിരച്ചിൽ സംഘം കാൽപാടുകൾ ആക്രമണകാരിയായ കടുവയുടേതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പിന്നീട് കടുവ ചെങ്ങോത്ത് വനമേഖലയോടു ചേർന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്കു നീങ്ങിയതായി സൂചനകൾ ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
മൂന്നു ദിവസത്തിനുശേഷം കടുവ ജനവാസ മേഖലയിലെത്തിയത് ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും വളർത്തുമൃഗങ്ങളെ പിടികൂടാത്തത് നേരിയ ആശ്വാസത്തിനും വക നൽകുന്നു. അതേസമയം, പരിക്കേറ്റതിനാൽ കടുവയുടെ നീക്കങ്ങൾ അതിജാഗ്രതയോടെയും സൂക്ഷ്മതയോടെയുമായതിനാലാണ് കണ്ടെത്താൻ കഴിയാത്തതെന്നും പറയപ്പെടുന്നു.
മാനന്തവാടി: കുറുക്കന്മൂലയിൽ മൂന്നാഴ്ചയായി തുടരുന്ന കടുവ തിരച്ചിലിൽ പങ്കെടുക്കുന്ന രണ്ടുപേർ അൽപം വ്യത്യസ്തരാണ്. ഒരുകാലത്ത് വനം വകുപ്പിെൻറ ഉറക്കംകളഞ്ഞ രണ്ട് ആനകളാണത്.
നൂൽപുഴയിൽ അന്ന് ഇവരെ തിരഞ്ഞുനടന്ന ഉദ്യോഗസ്ഥർക്കൊപ്പം മറ്റൊരു തിരച്ചിലിൽ പങ്കെടുക്കെയാണ് കല്ലൂരിൽനിന്നും വടക്കനാടുനിന്നും വനം വകുപ്പ് പിടിച്ച ഈ കൊമ്പന്മാർ. പ്രത്യേക പരിശീലനം ലഭിച്ച കുങ്കിയാനകളായാണ് കൊമ്പന്മാർ ഇവിടേക്കെത്തിയത്. കാടിനും നാടിനുമിടയിൽ വിഹരിച്ച കൊമ്പന്മാരിന്ന് പാപ്പാന്മാരുടെ നിർദേശങ്ങൾ കാത്തുനിൽക്കുകയാണ്.
കുറുക്കന്മൂലയിലെ കടുവദൗത്യത്തിലെ പ്രധാനികളായ ഇവർ ഒരുകാലത്ത് നൂൽപുഴയെന്ന വനയോരഗ്രാമത്തിലെ പേടിസ്വപ്നങ്ങളായിരുന്നു. കാർഷിക ഗ്രാമങ്ങളിലെ ജനങ്ങൾ പൊറുതിമുട്ടി ദീർഘനാൾ ഇവരെച്ചൊല്ലി സമരം ചെയ്തു. കൊമ്പന്മാർ കാടിറങ്ങുന്നത് തടയാനും തുരത്താനും വനംവകുപ്പ് ഉറക്കമൊഴിച്ചത് ആഴ്ചകളോളമാണ്.
ഇന്ന് അതേ ജീവനക്കാർക്കൊപ്പം കടുവയെ പിടികൂടാൻ പാടുപെടുന്നവരിൽ പ്രധാനികളാണ് കല്ലൂർ, വടക്കനാട് കൊമ്പന്മാർ. ആദ്യം പിടികൂടി റേഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കുകയും ശല്യം തുടർന്നതോടെ വീണ്ടും പിടികൂടി ആനപ്പന്തിയിൽ എത്തിക്കുകയും ചെയ്തതാണിവരെ. പരാക്രമികളായ കൊമ്പന്മാരെ മെരുക്കാൻ വർഷങ്ങളെടുത്തു. മയക്കുവെടിവെച്ച് കടുവയെ പിടികൂടാൻ സ്ഥലത്തുള്ള വെറ്ററിനറി സർജൻ അരുൺ സക്കറിയ തന്നെയാണ് ഇവരെയും അന്ന് മയക്കുവെടിവെച്ചത്.
പ്രശ്നക്കാരായ ആനകളെ പിടികൂടി കുങ്കിയാനകളാക്കി വനം വകുപ്പിെൻറ ഭാഗമാക്കാൻ അന്ന് സർക്കാറിന് നിവേദനം നൽകിയത് വന്യമൃഗശല്യ പ്രതിരോധ ആക്ഷൻ കമ്മിറ്റി ചെയർമാൻ ടി.സി. ജോസഫായിരുന്നു.
2016 നവംബറിൽ കല്ലൂർ കൊമ്പനെയും 2019 മാർച്ചിൽ വടക്കനാട് കൊമ്പനെയും പിടികൂടി. ഭരത്, വി ക്രം എന്നിങ്ങനെയാണ് ഇപ്പോഴുള്ള ജീവിതത്തിലെ ഇവരുടെ പേരുകൾ. മുത്തങ്ങയിലെ ആനപ്പന്തി പിന്നീട് കുങ്കിയാന പരിശീലനകേന്ദ്രമായി. ഇന്നിപ്പോൾ ഒമ്പത് അംഗങ്ങളിലെ മുൻനിരക്കാരാണിവർ. വനം വകുപ്പിെൻറ കുങ്കിയാനപ്പടയുടെ ആസ്ഥാനവും മുത്തങ്ങയായി. വന്യമൃഗശല്യം രൂക്ഷമായി തുടരുന്ന വയനാട്ടിലെ വനയോരഗ്രാമങ്ങളിൽ ഒരുകാലത്തെ ശല്യക്കാർ ഇന്ന് ആശ്വാസമാണ്.
കടുവ ഭീതിപരത്തിയ കുറുക്കന്മൂലയിലും പരിസര ഗ്രാമങ്ങളിലുമുള്ളവർ ആദ്യം ആവശ്യപ്പെട്ടതും ഈ കൊമ്പന്മാരെ ഉപയോഗിച്ചുള്ള തിരച്ചിലാണ്. തിരച്ചിൽ അവസാനിച്ചിട്ടില്ല. പാപ്പാന്മാരുടെ ശബ്ദമുയരുന്നുണ്ട്. അവർക്കൊപ്പം കാട്ടിലേക്ക് വീണ്ടും കയറിപ്പോവുകയാണിവർ. പഴയ കാടും പഴയ നടത്തവുമല്ല. കാലുകളെയും മനസ്സിനെയും ബന്ധിപ്പിക്കുന്ന ഒരു കുരുക്കിെൻറ അനുസരണയിൽ.
മാനന്തവാടി: ശല്യക്കാരനായ കടുവയെ പിടികൂടുക, വന്യമൃഗ ആക്രമണത്തിൽ നഷ്ടപരിഹാര തുക വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് മാനന്തവാടി ഗാന്ധി പാർക്കിൽ നടത്തുന്ന റിലേ സത്യഗ്രഹ സമരം രണ്ടുദിനം പിന്നിട്ടു.
കോൺഗ്രസ് മാനന്തവാടി ബ്ലോക്ക് വൈസ് പ്രസിഡൻറ് ജേക്കബ് സെബാസ്റ്റ്യൻ ചൊവ്വാഴ്ച സത്യഗ്രഹം ആരംഭിച്ചു. ആദ്യ ദിവസം ഡി.സി.സി പ്രസിഡൻറ് എൻ.ഡി. അപ്പച്ചനാണ് സത്യഗ്രഹം അനുഷ്ഠിച്ചത്. രണ്ടാം ദിവസത്തെ സമരം എ.ഐ.സി.സി അംഗം മുൻ മന്ത്രി പി.കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. അഡ്വ. എൻ.കെ. വർഗീസ് അധ്യക്ഷത വഹിച്ചു. കേരള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കെ.എ. ആൻറണി, പി.വി.എസ്. മൂസ, എം. അബ്ദുറഹ്മാൻ, പി.വി. ജോർജ്, എ.എം. നിഷാന്ത്, വി.വി. നാരായണ വാര്യർ, അരുൺകുമാർ, നഗരസഭ ചെയർപേഴ്സൻ സി.കെ. രത്നവല്ലി, പി. ഷംസുദ്ദീൻ, ലേഖ രാജീവൻ, ജോസഫ് കളപ്പുര, സണ്ണി ജോസ് ചാലിൽ തുടങ്ങിയവർ സംസാരിച്ചു.
കൽപറ്റ: അതിരൂക്ഷമായ വന്യമൃഗശല്യത്തിനെതിരെ സമരപരിപാടികൾ ആസൂത്രണം ചെയ്യുന്നതിന് വിവിധ കർഷക സംഘടനകളുടെയും സന്നദ്ധ സംഘടനകളുടെയും ജനപ്രതിനിധികളുടെയും യോഗം ചേരുമെന്ന് സംയുക്ത കിസാൻ മോർച്ച ദക്ഷിണേന്ത്യൻ കോഓഡിനേറ്റർ പി.ടി. ജോൺ അറിയിച്ചു. സാർവദേശീയ കർഷക ദിനമായ ഡിസംബർ 23ന് 11ന് കൽപറ്റ കൈനാട്ടിയിലുള്ള വ്യാപാരഭവനിലാണ് യോഗം.
വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയും മനുഷ്യജീവന് ഭീഷണി ഉയർത്തിയും പരിഭ്രാന്തി സൃഷ്ടിക്കുന്ന കടുവയെ പോലും കീഴ്പ്പെടുത്താൻ കഴിയാത്ത വനപാലകരുടെയും വനം വകുപ്പിെൻറയും കഴിവു കേടിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭത്തിന് സംയുക്ത കിസാൻ മോർച്ച നേതൃത്വം കൊടുക്കും.
വന്യമൃഗ ശല്യത്തിന് പരിഹാരം കാണുമെന്ന തെരഞ്ഞെടുപ്പ് വാഗ്ദാനം സർക്കാർ പാലിക്കാത്ത സാഹചര്യത്തിൽ കൂടിയാണ് കർഷകർ അതിജീവനത്തിനായി അന്തിമ സമരത്തിനിറങ്ങുന്നതെന്നും പി.ടി. ജോൺ പറഞ്ഞു.
മാനന്തവാടി: കുറുക്കന്മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ ജില്ല ഭരണകൂടം പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് മൂന്നാഴ്ച പിന്നിട്ടിട്ടും നടപ്പായില്ല. വനം വകുപ്പ് അനുവദിച്ച നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് വ്യാപക പരാതികൾ ഉയർന്നതിനെ തുടർന്ന് സ്ഥലത്തെത്തിയ കലക്ടറാണ് പ്രത്യേക പാക്കേജാക്കി നഷ്ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചത്. 17 വളർത്തുമൃഗങ്ങളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
മൂന്നു വയസ്സുള്ള ആടിന് 12,000 രൂപയാണ് വെറ്ററിനറി ഡോക്ടർ നിശ്ചയിച്ചത്; പശുവിന് 20,000 രൂപയും. ഈ തുക അപര്യാപ്തമാണെന്നായിരുന്നു പരാതി ഉയർന്നത്. നഷ്ടപരിഹാരം നൽകുന്നതിൽ വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥ നടപടിക്കെതിരെ ഇരകളായവർ പ്രത്യക്ഷ സമരപരിപാടികൾക്ക് തയാറെടുക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.